മന്ത്രിയുടെ നിര്‍ദേശം റവന്യൂ സെക്രട്ടറി അവഗണിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ കരിങ്കല്‍ ഖനനം നടത്തുന്നത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കരുതെന്ന മന്ത്രിയുടെ നിര്‍ദേശം റവന്യൂ സെക്രട്ടറി അവഗണിച്ചു. അതേസമയം, കടക്കെണിയില്‍വലയുന്ന കര്‍ഷകരെ സഹായിക്കാനുള്ള മൊറട്ടോറിയം നീട്ടിയത് സംബന്ധിച്ച സുപ്രധാന ഉത്തരവ് വൈകിപ്പിക്കുകയും ചെയ്തു.
ഈ മാസം അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍മാണവസ്തുക്കളുടെ ക്ഷാമം ചൂണ്ടിക്കാട്ടി 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. ഭൂപതിവ് ചട്ടപ്രകാരം നല്‍കിയ ഭൂമിയില്‍ വീടുവയ്ക്കാനോ കൃഷി ചെയ്യാനോ മാത്രമേ അനുവാദമുള്ളൂ. ഈ ചട്ടം ഭേദഗതി ചെയ്യുകയായിരുന്നു.
കൃഷിയോഗ്യമല്ലെന്ന് കൃഷി ഓഫിസറടങ്ങുന്ന സമിതി കണ്ടെത്തുന്ന ഭൂമിയില്‍ കലക്ടറുടെ അനുമതിയോടെ ഖനനം നടത്താമെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഖനനാനുമതി നല്‍കുന്നത് വിവാദമാകാനിടയുള്ളതിനാല്‍ തല്‍ക്കാലം ക്വാറികളെ സംബന്ധിച്ച തീരുമാനം ഉത്തരവാക്കേണ്ടെന്നായിരുന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. വ്യവസായ മന്ത്രി ഇ.പി ജയരാജനും ഇതിനോട് യോജിച്ചു.എന്നാല്‍, ഉന്നത സ്വാധീനത്തെ തുടര്‍ന്ന് മന്ത്രിമാരുടെ അഭിപ്രായം കാറ്റില്‍പ്പറത്തി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. വേണു ഉത്തരവിറക്കുകയായിരുന്നു.
ചട്ടം ഭേദഗതിചെയ്യാതെയും വകുപ്പ് മന്ത്രിയുടെ അനുമതിയില്ലാതെയുമായിരുന്നു ഉത്തരവ്. ഒരു ചട്ടം ഭേദഗതി ചെയ്യണമെങ്കില്‍ ആദ്യം ഭേദഗതി ചട്ടം തയാറാക്കണം. തുടര്‍ന്ന് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കണം. പിന്നീട് നിയമ വകുപ്പ് പരിശോധിച്ച ശേഷമാണ് ഉത്തരവിറക്കേണ്ടത്. എന്നാല്‍, വകുപ്പ് സെക്രട്ടറി തിരക്കിട്ട് ഉത്തരവിറക്കുകയായിരുന്നു.
ഉത്തരവിറങ്ങിയതിനുപിന്നാലെ റവന്യൂമന്ത്രി വകുപ്പ് സെക്രട്ടിയെ വിളിച്ചുവരുത്തുകയും താന്‍ കണ്ടശേഷം മാത്രമേ ഭേദഗതി ചട്ടം പുറപ്പെടുവിക്കാവൂവെന്നും നിര്‍ദേശം നല്‍കി. ചട്ടം ഭേദഗതി ചെയ്യുംവരെ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും മന്ത്രി വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി പറഞ്ഞാല്‍ പ്യൂണ്‍ പോലും
കേള്‍ക്കാത്ത സ്ഥിതി: ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പറഞ്ഞാല്‍ പ്യൂണ്‍ പോലും കേള്‍ക്കാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മന്ത്രിസഭാ തീരുമാനം നടപ്പാവാത്തവിധം കുത്തഴിഞ്ഞുകിടക്കുകയാണ് സംസ്ഥാനത്തെ ഭരണ സംവിധാനം. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറക്കാത്തത് സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയെയാണ് കാണിക്കുന്നത്.
നിക്ഷിപ്ത താല്‍പര്യമുള്ള കാര്യങ്ങളില്‍ മാത്രമാണ് കൃത്യസമയത്ത് ഉത്തരവ് ഇറങ്ങുന്നത്. ഖനനത്തിന്റെ കാര്യത്തില്‍ റവന്യൂ മന്ത്രിയെപ്പോലും അറിയിക്കാതെ ശരവേഗത്തില്‍ ഉത്തരവ് ഇറങ്ങി.
മൊറട്ടോറിയത്തിന്റെ കാര്യത്തില്‍ ഉത്തരവ് ഇറങ്ങാത്തതെന്തെന്ന് അറിയാന്‍ ചീഫ് സെക്രട്ടറിയെ രണ്ടുതവണ വിളിച്ചിട്ടും കിട്ടിയില്ലെന്നാണ് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞത്. മന്ത്രി വിളിച്ചാല്‍പ്പോലും ചീഫ് സെക്രട്ടറിയെ കിട്ടാത്ത വിചിത്രമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."