സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി പാലക്കാട്ട് വീണ്ടും പീഡനപരാതി
ചെര്‍പ്പുളശേരി ലോക്കല്‍ കമ്മിറ്റി ഓഫിസില്‍വച്ച് പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതിയുടെ പരാതി
പാലക്കാട്: തെരഞ്ഞെടുപ്പിനിടയില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി പാലക്കാട്ട് വീണ്ടും പീഡന പരാതി.
നേരത്തെ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരേ ഉയര്‍ന്ന പീഡന പരാതിക്ക് പിന്നാലെ ചെര്‍പ്പുളശേരി സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍വച്ച് പീഡിപ്പിക്കപ്പെട്ടെന്ന മറ്റൊരു യുവതിയുടെ വെളിപ്പെടുത്തല്‍ ആണ് വിവാദമായിരിക്കുന്നത്. പീഡനത്തിനിരയായെന്ന് യുവതി പൊലിസിന് പരാതിയും നല്‍കിയിട്ടുണ്ട്. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചിരുന്നു. യുവതിയുടെ പരാതിയിന്‍മേല്‍ പൊലിസ് അന്വേഷണം തുടങ്ങി.
ഈ മാസം 16ന് ഉച്ചക്ക് ഒന്നോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച് പൊലിസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയായ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴി നല്‍കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോപണ വിധേയനായ യുവാവിനെയും പൊലിസ് ചോദ്യം ചെയ്തിട്ടുണ്ട്. സി.പി.എം പോഷക സംഘടനാ പ്രവര്‍ത്തകരായിരുന്ന ഇരുവരും ചെര്‍പ്പുളശേരിയില്‍ പഠിക്കുന്ന സമയത്തു കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കലിന്റെ ഭാഗമായി പാര്‍ട്ടി ഓഫിസിലെ യുവജന സംഘടനയുടെ മുറിയിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി.
ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നും യുവതിയുടെ കുടുംബം പാര്‍ട്ടി അനുഭാവികളാണെന്നും സി.പി.എം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ.ബി സുഭാഷ് പറഞ്ഞു. പാര്‍ട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും പാര്‍ട്ടിതലങ്ങളില്‍ അന്വേഷണംനടത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങളെന്നും സുഭാഷ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ മങ്കര പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനായി ചെര്‍പ്പുളശേരി പൊലിസിനു കൈമാറിയെന്നു പാലക്കാട് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
പാലക്കാട്ട് വീണ്ടുമുണ്ടായ പീഡന ആരോപം പ്രചാരണായുധമായി പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ അണിയറനീക്കം നടക്കുന്നതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."