കോളിക്കടവ് പുലിയെ കണ്ടതായി അഭ്യൂഹം
ഇരിട്ടി: തില്ലങ്കേരി മേഖലയ്ക്ക് പിന്നാലെ കോളിക്കടവ് , ചെന്നലോട് പ്രദേശങ്ങളില്‍ പുലിയെ കണ്ടതായി അഭ്യൂഹം. കൊട്ടിയൂര്‍ റേഞ്ചര്‍ വി. രതീശന്റെ നേതൃത്വത്തിലുള്ള പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
വനപാലകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എട്ടോടെ ചെന്നലോടാണ് പുലിയെ കാണുന്നത്. അവധിക്കെത്തിയ പ്രദേശവാസിയായ സൈനികന്‍ ബൈക്കില്‍ വരുമ്പോഴാണ് കണ്ടത്.
ഒന്നേകാല്‍ മണിക്കൂറിന് ശേഷം കോളിക്കടവില്‍ പാലത്തിന് സമീപവും പുലിയെ കണ്ടു. എടൂര്‍ സ്വദേശികളായ കുടുംബം കാറില്‍ വരുമ്പോള്‍ റോഡ് മുറിച്ചു കടന്നു പോകുന്നത് കണ്ടെതായാണ് അറിയിച്ചിട്ടുള്ളത്. പ്രദേശത്ത് കണ്ടെത്തിയ കാല്‍പാടുകള്‍ വ്യക്തമല്ലാത്തതിനാല്‍ പുലിയുടേതാണെന്ന് വനം വകുപ്പ് സ്ഥിതീകരിച്ചിട്ടില്ല. കാട്ടുപൂച്ചയാകാമെന്നും നിഗമനമുണ്ട്.
പശ്ചിമഘട്ടത്തിന്റെ ഭാഗമായുള്ള ആറളം വന്യജീവി സങ്കേതവും ചതിരൂര്‍ വനമേഖലയും കര്‍ണാടക വനം പ്രദേശങ്ങളും അതിരിടുന്ന ഗ്രാമങ്ങള്‍ എന്ന നിലയില്‍ കണ്ടത് പുലിയല്ലെന്ന് പൂര്‍ണമായി അധികൃതര്‍ നിഷേധിച്ചിട്ടില്ല.
വ്യാഴായ്ച തില്ലങ്കേരി ചിത്രവട്ടത്തും ഉരുവച്ചാല്‍ കാക്കയങ്ങാട് റോഡില്‍ ആനക്കുഴി ഭാഗത്തും പുലിയെ കണ്ടതായി ജനങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."