ഗൂഡല്ലൂര്‍ യതീംഖാന വനിതാ സന്ദര്‍ശനം ഇന്ന് സന്ദര്‍ശനം രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ
ഗൂഡല്ലൂര്‍: നീലഗിരിയുടെ അഭിമാനമായി നിലകൊള്ളുന്ന ഗൂഡല്ലൂര്‍ മുസ്‌ലിം യതീംഖാനയില്‍ വര്‍ഷം തോറും നടത്തിവരാറുള്ള വനിതാ സന്ദര്‍ശനം ഇന്ന് നടക്കും. ആയിരങ്ങളാണ് ഓരോ വര്‍ഷവും യതീംഖാനയിലെ മക്കളുടെ പ്രാര്‍ഥനയില്‍ പങ്കാളികളാകാനായി ഇന്ന് ഗൂഡല്ലൂരിലെത്തുക. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സന്ദര്‍ശനം.
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണാടക, കേരള സംസ്ഥാനങ്ങളുടെ വിവിധ ജില്ലകളില്‍ നിന്നുമായി എത്തുന്ന വനിതകള്‍ക്ക് യതീംഖാനയിലെ മക്കളുടെ പ്രാര്‍ഥനകളില്‍ പങ്കുചേരുന്നതോടൊപ്പം അവരുടെ സങ്കടങ്ങള്‍ തങ്ങളുടേത് കൂടിയാക്കി അവരോടൊപ്പം നില്‍ക്കുകയെന്ന ഉദ്ദേശം കൂടിയുണ്ട്. 1990ലാണ് യതീംഖാനയില്‍ ഇത്തരത്തിലുള്ള ഒരു പ്രാര്‍ഥനാ ദിനത്തിന് ആരംഭം കുറിച്ചത്. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അത് മുടങ്ങാതെ കൊണ്ടുപോകുകയാണ് യതീംഖാന അധികൃതര്‍. ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ഊട്ടി, മേട്ടുപാളയം, കുന്നൂര്‍, കോത്തഗിരി, കോയമ്പത്തൂര്‍, വയനാട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വനിതകളാണ് വര്‍ഷങ്ങളായി മുടങ്ങാതെ ഇവിടെ സന്ദര്‍ശനത്തിന് എത്തുന്നവരില്‍ ഭൂരിഭാഗവും. 1979ല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഗൂഡല്ലൂര്‍ താലൂക്ക് മുസ്‌ലിം യതീംഖാനയുടെ ആരംഭം കുറിച്ചത്. നാല്‍പതാണ്ടിലേക്ക് നീങ്ങുകയാണ് തങ്ങളുടെ കരങ്ങളാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്ഥാപനം. ദീനി സ്‌നേഹികളുടെയും ഉദാരമതികളുടെയും സഹായം കൊണ്ട് മാത്രമാണ് സ്ഥാപനം ഇന്ന് മുന്നോട്ടു പോവുന്നത്. കമ്മിറ്റിക്ക് കീഴില്‍ സെക്കന്‍ഡറി മദ്‌റസ, ഹൈ മലയാളം-തമിഴ് സ്‌കൂള്‍, മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്രൈമറി സ്‌കൂള്‍, അറബിക് കോളജ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യതീംഖാനയിലെ മക്കള്‍ക്ക് ഇംഗ്ലീഷ് മീഡിയം അടക്കമുള്ള വിദ്യാഭ്യാസമാണ് നല്‍കുന്നത്.
ഇവര്‍ക്ക് ഉന്നത പഠനം നടത്താനാവശ്യമായ എല്ലാ സൗകര്യങ്ങളും യതീംഖാന അധികൃതര്‍ നല്‍കിവരുന്നുണ്ട്. യതീംഖാനയയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായമായാല്‍ അവരുടെ വിവാഹം ചെയ്തയക്കാനുള്ള സജ്ജീകരണങ്ങളും അധികൃതര്‍ കൈകൊള്ളുന്നുണ്ട്. ഇത്തരത്തില്‍ 118 വിവാഹങ്ങളാണ് നടന്നത്.
കെ.പി മുഹമ്മദ് ഹാജി(പ്രസി), എം.കെ മുഹമ്മദ് കുട്ടി ഹാജി (സെക്ര), അബ്ദുല്‍ ബാരി ഹാജി (ട്രഷ) എന്നിവരുടെ നേതൃത്വത്തിലാണ് അനാഥകള്‍ക്ക് അത്താണിയായ നീലഗിരി യതീംഖാനയുടെ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."