പ്രതിസന്ധി അതിരൂക്ഷം; ജെറ്റ് എയര്‍വെയ്‌സിലെ 260 പൈലറ്റുമാര്‍ സ്‌പൈസ് ജെറ്റിലേക്ക്
മുംബൈ: ശമ്പളം മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സ് വിടാനൊരുങ്ങി പൈലറ്റുമാര്‍. മറ്റൊരു സ്വകാര്യകമ്പനിയായ സ്‌പൈസ് ജെറ്റ് സംഘടിപ്പിച്ച പുതിയ പൈലറ്റുമാരെ കണ്ടെത്താനുള്ള അഭിമുഖത്തില്‍ പങ്കെടുത്തത് ജെറ്റിലെ 260 പൈലറ്റുമാര്‍. ഇന്നലെ മുംബൈയില്‍ സ്‌പൈസിന്റെ ജോബ് ഫെയറിലാണ് ജെറ്റിലെ പൈലറ്റുമാര്‍ കൂട്ടത്തോടെ എത്തിയത്. പുതിയ ജോലി തേടിയെത്തിയ ജെറ്റിലെ 150 പൈലറ്റുമാരാവട്ടെ സീനിയര്‍ ക്യാപ്റ്റന്‍മാരുമാണ്. ജെറ്റിന് നിലവില്‍ 1,900 പൈലറ്റുമാരാണുള്ളത്.
മറ്റുവിമാനക്കമ്പനികള്‍ ജെറ്റ് പൈലറ്റുമാരെ ആകര്‍ഷിക്കാനായി ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ജെറ്റിന്റെ അന്‍പതോളം വിമാനങ്ങള്‍ സ്‌പൈസിന് വാടകയ്ക്ക് നല്‍കാന്‍ ഉടമകള്‍ തയാറായിട്ടുണ്ട്. ജെറ്റില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശികയാണ് വിമാനങ്ങള്‍ മറ്റുകമ്പനികള്‍ക്ക് നല്‍കാന്‍ കാരണം.
കുടിശ്ശിക കുന്നുകൂടിയതിനെത്തുടര്‍ന്ന് ജെറ്റിന്റെ 40 വിമാനങ്ങള്‍ സര്‍വിസ് നിര്‍ത്തിവച്ചു. ജെറ്റിന്റെ വ്യാപാര പങ്കാളിയായ യു.എ.ഇ ആസ്ഥാനമായ ഇത്തിഹാദ് എയര്‍വെയ്‌സ് പക്ഷേ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റിന് വേണ്ടി പണമിറക്കാന്‍ തയാറല്ല.
ശമ്പളം മുടങ്ങുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനും കത്തയച്ചു.
തങ്ങളുടെ വിമാനക്കമ്പനി തകര്‍ച്ചയുടെ വക്കിലാണ്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആയിരക്കണക്കിന് ജീവനക്കാരുടെ ജോലി നഷ്ടമാകും. നിരക്ക് വര്‍ധിക്കുന്നതു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. അതിനാല്‍ എത്രയും വേഗം വിഷയത്തില്‍ ഇടപെടണം- ജെറ്റ് ജീവനക്കാരുടെ സംഘടനയായ നാഷനല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പൈലറ്റുമാരും എന്‍ജിനീയര്‍മാരും ഒഴികെയുള്ള ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നുണ്ടെന്നും കത്തില്‍ സംഘടന വിശദീകരിച്ചു.
ശമ്പളം നല്‍കിയില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ ജോലി ചെയ്യില്ലെന്ന് പൈലറ്റുമാര്‍ അറിയിച്ചതിനാല്‍ ഈ മാസം കൂടി മാത്രമെ ജെറ്റ് വിമാനം ഉയരൂവെന്നു വ്യക്തമായി.
നിലവില്‍ 23,000 ഓളം ജീവനക്കാരാണ് ജെറ്റില്‍ ജോലി ചെയ്യുന്നത്. പൊതുതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചുവരുന്ന സാഹചര്യത്തില്‍ ജെറ്റ് സര്‍വിസ് നിര്‍ത്തിവയ്ക്കുകയാണെങ്കില്‍ വ്യോമഗതാഗതമേഖലയില്‍ പ്രതിസന്ധി രൂക്ഷമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."