പൊള്ളാച്ചി പീഡന പരമ്പര: കോണ്‍ഗ്രസ് നേതാവിനെ സി.ഐ.ഡി വിളിപ്പിച്ചു
ചെന്നൈ: തമിഴ് രാഷ്ട്രീയത്തെ ഇളക്കിമറിച്ച പൊള്ളാച്ചി പീഡന പരമ്പര അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സി.ഐ.ഡി വിഭാഗം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ വിളിപ്പിച്ചു. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് മയൂര ജയകുമാറിനും പ്രാദേശികനേതാവ് തേനി കണ്ണനുമാണ് ഈ മാസം 25നു മുന്‍പായി നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട് കോടതി നോട്ടിസ് അയച്ചത്. കേസിലെ മുഖ്യപ്രതി തിരുന്നാവക്കരസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മയൂര ജയകുമാറില്‍ നിന്നു മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
കേസിലെ പ്രതികളില്‍ ചിലര്‍ പ്രത്യേക സമയത്ത് കോയമ്പത്തൂരിലെ കോണ്‍ഗ്രസ് ഓഫിസിലുണ്ടായിരുന്നോയെന്ന് അറിയുന്നതിനു വേണ്ടി മാത്രമാണ് സി.ഐ.ഡി വിളിപ്പിച്ചതെന്നും സംഭവത്തില്‍ മയൂരാ ജയകുമാറിനു നേരിട്ട് പങ്കില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
തനിക്കറിയാവുന്ന കാര്യങ്ങള്‍ എഴുതി നല്‍കിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടാല്‍ എന്തു വിവരവും നല്‍കാന്‍ തയാറാണെന്നും മയൂരാ ജയകുമാറും പറഞ്ഞു.
എം.ബിഎ ബിരുദധാരിയായ തിരുന്നാവക്കരസ് നിലവില്‍ നാലുദിവസത്തെ പൊലിസ് കസ്റ്റഡിയിലാണ്. തിരുന്നവാക്കരസിനെ ചോദ്യം ചെയ്യുന്നതിനിടെ കഴിഞ്ഞമാസം 12ന് താന്‍ ജയകുമാറിനൊപ്പം കോണ്‍ഗ്രസിന്റെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, ഇതേദിവസമാണ് 19 കാരിയായ കോളജ് വിദ്യാര്‍ഥിനിയെ തിരുന്നാവക്കരസും കൂട്ടുപ്രതികളായ സതീഷ് വസന്തകുമാറും ശബരിരാജനും കാറില്‍ കൊണ്ടുപോയി ഉപദ്രവിച്ചത്. വിദ്യാര്‍ഥിനി നല്‍കിയ പരാതിയും അന്നേദിവസം താന്‍ ഉപദ്രവിക്കപ്പെട്ടുവെന്നാണ്. ഈ സാഹചര്യത്തിലാണ് പ്രതി അന്നേദിവസം ജയകുമാറിനൊപ്പം ഉണ്ടായിരുന്നോവെന്ന് അന്വേഷിക്കാനായി അദ്ദേഹത്തെ വിളിച്ചു വരുത്തിയതെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."