കോടതി മക്കളെ പിതാവിനൊപ്പം വിട്ടു; മാതാവ് കോടതിക്കു മുന്നില്‍ കുത്തിയിരുന്നു
തൊടുപുഴ: മക്കളെ പിതാവിന്റെയൊപ്പം വിട്ട കോടതി നടപടിയില്‍ പ്രതിഷേധിച്ച് മാതാവ് കുടുംബക്കോടതിക്കു മുന്നില്‍ കുത്തിയിരുന്നു. നിലവിളിയോടെ പ്രതിഷേധം തുടര്‍ന്ന യുവതിയെ പിന്നീട് തൊടുപുഴ പൊലിസെത്തി സ്റ്റേഷനിലേക്കു മാറ്റി. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ കുടുംബകോടതിയിലാണ് ഇന്നലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ദമ്പതികള്‍ ആറുമാസമായി പിരിഞ്ഞാണ് താമസിച്ചുവന്നത്. രണ്ട് കുട്ടികളില്‍ ഇളയകുട്ടി യുവതിക്കൊപ്പവും മൂത്തയാള്‍ ഭര്‍ത്താവിനൊപ്പവുമായിരുന്നു. ഇതിനിടെ, ഇരു കുട്ടികളേയും വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് യുവതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചിരുന്നു. ഹിയറിങില്‍ രണ്ട് കുട്ടികളേയും താല്‍ക്കാലികമായി സി.ഡബ്ല്യു.സിയുടെ സംരക്ഷണയില്‍ താമസിപ്പിക്കാനായിരുന്നു തീരുമാനിച്ചത്.
തുടര്‍ന്ന് 26ന് കുട്ടികളെ മൈലക്കൊമ്പിലെ ചില്‍ഡ്രന്‍സ് ഹോമിലാക്കുകയും ചെയ്തു. ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയവേ ഇളയകുട്ടി അമ്മയെ കാണണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യുവതിക്ക് ഇതേസ്ഥാപനത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് താമസം ഒരുക്കി. അതേസമയം ഭര്‍ത്താവ് കുടുംബ കോടതിയില്‍ കുട്ടികളെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസ് കൊടുക്കുകയും ചെയ്തിരുന്നു.
ഇന്നലെ കുട്ടികളും രക്ഷിതാക്കളും കോടതിയില്‍ ഹാജരായി. വാടക വീട്ടില്‍ താമസിക്കുന്ന തൊഴില്‍ രഹിതയായ യുവതിക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലയെന്ന നിഗമനത്തിലെത്തിയ കോടതി തല്‍ക്കാലം ഭര്‍ത്താവിനൊപ്പം കുട്ടികളെ വിടാനാണ് വിധിച്ചത്. എന്നാല്‍ ഇളയ കുട്ടി അമ്മയോടൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടു. അവസാനം ബലം പ്രയോഗിച്ചാണ് കുട്ടിയെ അമ്മയുടെ സമീപത്തുനിന്ന് മാറ്റിയത്.
കുട്ടിയെ കൊണ്ടുപോയതോടെയാണ് യുവതി കോടതിക്ക് മുന്നില്‍ കുത്തിയിരുന്നത്. ആളു കൂടിയതോടെ പൊലിസെത്തി. യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അല്‍പം ബലം പ്രയോഗിച്ചാണ് പൊലിസ് സ്റ്റേഷനിലേക്ക് മാറ്റിയത്. യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."