മെഡിക്കല്‍ കോളജുകള്‍ കൊവിഡ് ആശുപത്രികളാകാന്‍ സജ്ജം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സമൂഹ വ്യാപന സാധ്യത ഏറിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ കൊവിഡ് ആശുപത്രികളാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ആയിരത്തിലേറെ പ്രത്യേക മുറികളും തീവ്രപരിചരണ യൂനിറ്റുകളും വെന്റിലേറ്ററുകളും ലേബര്‍ റൂമുകളും ഒരുക്കി കൊവിഡ് ചികിത്സയ്ക്ക് ഒരോ ആശുപത്രികളും സജ്ജമാക്കുകയാണ് ആരോഗ്യവകുപ്പ്. മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം ഉള്ളതിനാല്‍ മാനവവിഭവശേഷിക്ക് കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇതിനായി 1,157 കിടക്കകളുള്ള കൊവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 183 ഐസൊലേഷന്‍ മുറികള്‍ ഉള്‍പ്പെടെ 194 ഐ.സി.യു ബെഡുകളും 130ഓളം സെന്‍ട്രല്‍ ഓക്‌സിജന്‍ സംവിധാനമുള്ള മുറികളും തയാറാക്കിയിട്ടുണ്ട്.
ആയിരക്കണക്കിന് കിടക്കകള്‍, പ്രത്യേകം മുറികള്‍, വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക സംഘം ഡോക്ടര്‍മാര്‍, ആഹാരം, വസ്ത്രം തുടങ്ങിയ ഒരുക്കങ്ങളെല്ലാം ഇതിനോടകം തയാറാക്കിക്കഴിഞ്ഞു. രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയര്‍ന്നാല്‍ ശസ്ത്രക്രിയ തിയറ്റര്‍ പോലും കൊവിഡ് ചികിത്സാ മുറികളാകാനുള്ള രീതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. രോഗവ്യാപന സാഹചര്യമുണ്ടാകുന്ന പക്ഷം നിലവിലുള്ള പരിശോധനാ സംവിധാനത്തിന് പുറമേ കൂടുതല്‍ പരിശോധനകള്‍ നടത്താനും ആരോഗ്യവകുപ്പ് തയാറെടുക്കുകയാണ്.
കൊവിഡ് ബാധിതരായ ഗര്‍ഭിണികളെത്തിയാല്‍ അവര്‍ക്കായി പ്രത്യേക ലേബര്‍ റൂം തയാറാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക നിയോനേറ്റല്‍ സംവിധാനവും ഒരുക്കി. രോഗവ്യാപനം മുന്‍നിര്‍ത്തി വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ പരമാവധി സമാഹരിക്കുകയാണ്. അതേസമയം, കൊവിഡ് ഇതര ചികിത്സ മുടങ്ങാതിരിക്കാനും പ്രത്യേക ഒ.പി, ശസ്ത്രക്രിയ വിഭാഗമടക്കം വിപുലമായ സൗകര്യങ്ങളും തയാറാക്കാനുള്ള നടപടികളും പൂര്‍ത്തീകരിക്കുകയാണ് ആരോഗ്യവകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."