കിഴക്കന്‍ മേഖലയില്‍ യുഎസിലെ യുദ്ധ കേന്ദ്രത്തിനു സമാനമായ വ്യോമ യുദ്ധ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി സഊദി അറേബ്യ
റിയാദ്: സഊദിയുടെ കിഴക്കന്‍ മേഖലയില്‍ വ്യോമ യുദ്ധ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി സഊദി അറേബ്യ. അമേരിക്കയിലെ നെവാഡയിലെ നെല്ലിസ് എയര്‍ ബേസില്‍ സജ്ജമാക്കിയ യുദ്ധ കേന്ദ്രത്തിനു സമാനമായ കേന്ദ്രമാണ് കിഴക്കന്‍ സഊദിയില്‍ നിര്‍മ്മിക്കുന്നതെന്നു സഊദി റോയല്‍ എയര്‍ ഫോഴ്സ് കമാണ്ടര്‍ ലഫ്റ്റനന്റ് ജനറല്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന് വ്യക്തമാക്കി. നെവാഡ നെല്ലിസ് എയര്‍ ബേസ് സന്ദര്‍ശന വേളയില്‍ അല്‍ അറബിയ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് തുര്‍ക്കി ബിന്‍ ബന്ദര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാവിധത്തിലുമുള്ള പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയ ഉന്നത ഉദ്യോഗസ്ഥരും അതിസങ്കീര്‍ണ്ണമായ സംവിധാനങ്ങളും സജ്ജീകരിച്ച ആധുനിക കേന്ദ്രമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
നെവാഡയില്‍ കഴിഞ്ഞയാഴ്ച്ച പന്ത്രണ്ടു ദിനങ്ങളിലായി നടന്ന റെഡ് ഫ്ലാഫ് 2019 പരിശീലന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സേനാംഗങ്ങളെ നേരിട്ട് കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സഊദി എയര്‍ ഫോഴ്സിനെ വിവിധ രാജ്യങ്ങളിലെ പ്രമുഖ യുദ്ധ പരിശീനലത്തില്‍ പങ്കെടുപ്പിക്കുമെന്നും രാജ്യത്തിനകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വെല്ലു വിളികളെ ഏറ്റെടുക്കുന്ന സൈനിക സഖ്യത്തില്‍ പങ്കാളികളാകുമെന്നും പറഞ്ഞു. പുതിയ വ്യോമ യുദ്ധ കേന്ദ്രം മേഖലയിലും രാജ്യത്തും സുപ്രധാന പങ്കു വഹിക്കുമെന്നും സഊദി പ്രതിരോധ രംഗത്തു പുതിയ ചരിത്രം തീര്‍ക്കുന്ന അതിശക്തവും സഊദി ആംഡ് ഫോഴ്സിന് കൂടുതല്‍ കരുത്തും പകരുമെന്നും സൈനിക വിദഗ്ധന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ഖുബൈബാന് പറഞ്ഞു. മേഖലയിലെ അതിപ്രധാന കേന്ദ്രമായി മാറുന്ന പുതിയ സൈനിക കേന്ദ്രം ഭീഷണികള്‍ അഭിമുഖീകരിക്കുന്നതിലും എല്ലാ അപകടങ്ങളെയും നേരിടാന്‍ സഊദി വ്യോമ പ്രതിരോധ സേന സജ്ജമാക്കണമെന്നും മറ്റൊരു സൈനിക വിദഗ്ദ്ധന് ബ്രിഗ്റേഡിയര് ഹസ്സന് അല്‍ ശഹ്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."