HOME
DETAILS
MAL
പ്രസവാവധി ആവശ്യപ്പെട്ടതിനെ തുടർന്ന് സ്പോൺസർ ഹുറൂബാക്കി; ദുരിതത്തിലായ മലയാളി നഴ്‌സ് കുഞ്ഞുമായി നാട്ടിലേക്ക്
backup
March 22 2019 | 11:03 AM
റിയാദ്: ആശുപത്രി ജോലിക്കിടെ പ്രസവത്തിനായി നാട്ടിൽ പോകുന്നതിനു വിലക്കേർപ്പെടുത്തി ആശുപത്രി അധികൃതരുടെ ക്രൂരതക്കിരയായ മലയാളി നഴ്‌സ് ഒടുവിൽ പ്രസവത്തിനു ശേഷം കുഞ്ഞുമായി നാട്ടിലേക്ക്. ലീവ് അനുവദിക്കാത്തതിനെ തുടർന്ന് ഇവിടെ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയ കോട്ടയം ഉഴവൂർ സ്വദേശിനി ടിൻറു സ്റ്റീഫനാണ് സാമൂഹ്യ പ്രവർത്തകരുടെ നിരന്തര ശ്രമത്തിന്‍റെ ഫലമായി നാട്ടിലേക്ക് പോകാനായി ഫൈനൽ എക്സിറ്റ് ലഭിച്ചത്. പ്രസവത്തിനായി നാട്ടിലേക്ക് പോകാനായി അനുമതി ചോദിച്ചപ്പോൾ ഒടുവിൽ ആശുപത്രി ഉടമ ഇവരെ ഹുറൂബ് (ഒളിച്ചോടിയതായി പരാതി നൽകൽ) ആക്കുകയായിരുന്നു.
സ്പോൺസറോടൊപ്പം ബിനാമികളായ മലയാളികളും ഇതിനുപിന്നിൽ ഉള്ളതായി ആരോപണമുണ്ട്. മൂന്ന് വർഷത്തെ കരാറിൽ സഊദിയിലെത്തിയ ടിന്റുവിന് അവകാശപ്പെട്ട വാർഷിക അവധി ആദ്യ വർഷത്തിൽ തന്നെ മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു. വിവാഹ ആവശ്യത്തിന് പോലും നാട്ടിലേക്ക് വിടാൻ തയ്യാറാവാതിരുന്ന മാനേജ്‌മെന്റിനോട് ആത്മഹത്യാ ഭീഷണി പോലും മുഴക്കിയാണ് അന്ന് നാട്ടിലെത്തിയത്. പ്രസവാവധി അനുവദിച്ചു തരണമെന്ന് മാസങ്ങൾക്കു മുമ്പ് തന്നെ മാനേജ്‌മെന്റിനോട് ടിന്റു അഭ്യർത്ഥിച്ചിരുന്നു. പരിഗണിക്കാമെന്ന് ആദ്യ ഘട്ടത്തിൽ ഉറപ്പു പറഞ്ഞ മാനേജ്‌മെന്റ് പിന്നീട് വാക്കു മാറി. സാമൂഹ്യ പ്രവർത്തകർ മാനേജ്‌മെന്റുമായി നടത്തിയ ചർച്ചക്കൊടുവിൽ മാനേജ്‌മെന്റിന്റെ ആവശ്യപ്രകാരം മുപ്പതിനായിരം റിയാലിന്റെ ഗാരന്റിയും മറ്റൊരു ക്ലിനിക്കിൽ നിന്ന് നഴ്‌സിനെയും ടിന്റുവിന് പകരമായി തരപ്പെടുത്തി കൊടുത്തുവെങ്കിലും അനുകൂല സമീപനം ഇല്ലാതായപ്പോഴാണ് നീതിക്ക് വേണ്ടി ലേബർ ഓഫീസിനെ സമീപിച്ചത്.
ഇതിനിടെ നാട് കടത്തൽ കേന്ദ്രം വഴി നാട്ടിലേക്ക് അയക്കാനായി രേഖകൾ ശരിയാക്കി വിമാനത്താവളത്തിൽ എത്തിയത് മനസ്സിലാക്കിയ സ്‌പോൺസർ യുവതി ഒളിച്ചോടിയതായി കാണിച്ചു പരാതിയും നൽകി. തുടർന്ന് വിമാനാത്താവളത്തിൽ നിന്ന് പോലീസിനെ ഉപയോഗിച്ച് തിരിച്ചിറക്കി സഹായത്തിനായി പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് കുറ്റിച്ചൂലിനെതിരെ കേസ് കൊടുത്തു. പോലീസ് കസ്‌റ്റഡിയിലെടുത്തെങ്കിലും കേസിന്റെ യാഥാർഥ്യം മനസിലാക്കി പോലീസ് തന്നെ ഇരുവരെയും വിട്ടയക്കുകയായിരുന്നു.
സ്‌പോൺസറുടെ ജാമ്യത്തിൽ പുറത്തിറങ്ങിയ ഉടനെ അഷ്‌റഫ് റീജിയണൽ പോലീസ് ഡയറക്ടറെ ഫോണിൽ ബന്ധപ്പെട്ട് ടിന്റുവിന്റെ ആരോഗ്യസ്ഥിതി ധരിപ്പിക്കുകയും തുടർന്ന് അബഹയിലെ മലയാളി കുടുംബത്തോടൊപ്പം ടിന്റുവിനെ താമസിപ്പിക്കുകയും ചെയ്തു. ജിദ്ദ കോൺസുലേറ്റിന്റെയും, അബഹ ഗവർണറേറ്റിന്റെയും, ജവാസാത്ത് ഡയറക്ടറേറ്റിന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും സഹായത്തോടെയാണ് ഒടുവിൽ വിജയം കാണ്ടത്. സാമൂഹ്യ പ്രവർത്തകരായ അഷ്‌റഫ് കുറ്റിച്ചൂലിനൊപ്പം ബിജു നായരും രംഗത്തുണ്ടായിരുന്നു.
ടിന്റു ഓടിപ്പോയെന്നു കാണിച്ചു ഹുറൂബാക്കുന്ന സമയം ടിന്റു താമസ സ്ഥലത്തു തന്നെ ഉണ്ടായിരുന്നുവെന്നു കണ്ടെത്തിയ കോടതി മാനേജ്‌മെന്റിന് ഒരു റിയാൽ പോലും നഷ്ടപരിഹാരമായി നൽകേണ്ടതില്ലെന്ന് വിധിച്ചു കേസ് തള്ളി. ഖമീസില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹബീലില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതി ഒടുവിൽ അവധി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം നീളുന്നതിനിടെ യുവതി ആശുപത്രിയിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്‌തിരുന്നത് വലിയ വാർത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."