നിങ്ങള്‍ ഉമ്മയുടെ ഉള്ളന്‍കൈ കണ്ടിട്ടുണ്ടോ..?
കാഴ്ചയില്‍ തന്നെ മാനേജര്‍ക്ക് ആ യുവാവിനെ നന്നായി പിടിച്ചിരുന്നു. ഇന്റര്‍വ്യൂ നടത്തിയപ്പോള്‍ മതിപ്പ് പൂര്‍വാധികം ശക്തിപ്പെട്ടു. ബയോഡാറ്റ പരിശോധിച്ചപ്പോള്‍ പിന്നെ പറയുകയും വേണ്ടാ. എല്ലാം കൊണ്ടും മികവുറ്റവന്‍, തികവുറ്റവന്‍.
മാനേജര്‍ ചോദിച്ചു: ''പഠനകാലത്തു വല്ല സ്‌കോളര്‍ഷിപ്പും ലഭിച്ചിരുന്നോ...? ''
''വല്ലപ്പോഴെക്കെ.'' യുവാവ് മറുപടി പറഞ്ഞു.
''പഠനത്തിനുള്ള ഫീസും മറ്റും നല്‍കി സഹായിച്ചത് പിതാവായിരിക്കുമല്ലേ..?''
''അല്ല, പിതാവ് എന്റെ ഇളംപ്രായത്തില്‍തന്നെ മരണപ്പെട്ടതാണ്..''
''അപ്പോള്‍ ആരാണു ചെലവുകളെല്ലാം വഹിച്ചിരുന്നത്..?''
''ഉമ്മ.''
''ഉമ്മയോ...? ഉമ്മയ്‌ക്കെന്താ ജോലി..?''
''ഉമ്മ മണ്ണാത്തിയാണ്. വസ്ത്രം അലക്കിക്കൊടുക്കുന്നവള്‍....''
വസ്ത്രം അലക്കിക്കൊടുക്കുന്നവളോ...? അവളുടെ മകനോ ഇത്...?
മാനേജര്‍ക്ക് അത്ഭുതം.. അദ്ദേഹം പറഞ്ഞു: ''നിങ്ങളുടെ രണ്ടു കൈകളും ഒന്നു കാണിച്ചുതരൂ..''
അവന്‍ കൈകള്‍ കാണിച്ചു കൊടുത്തു. വളരെ മൃദുലമായ രണ്ടു കൈകള്‍.. കാഠിന്യമുള്ള ജോലികളെടുത്തതിന്റെ ഒരു ലക്ഷണവും അതിലില്ല..
അദ്ദേഹം ചോദിച്ചു: ''വസ്ത്രം അലക്കിക്കൊടുക്കാന്‍ ഉമ്മയെ സഹായിക്കാറുണ്ടോ..?''
അവന്‍ പറഞ്ഞു: ''ഇല്ല, അതിന് ഉമ്മ അനുവദിക്കില്ല. എന്നോടെപ്പോഴും പഠനത്തില്‍ ശ്രദ്ധിക്കാനാണു പറയുക...''
''എങ്കില്‍ എനിക്ക് താങ്കളോട് ചെറിയൊരു അപേക്ഷയുണ്ട്..''
''അതെന്താ..?'' അവന്‍ ചോദിച്ചു.
''ഇന്ന് വീട്ടില്‍ ചെന്ന് ഉമ്മയുടെ രണ്ടു കൈകളും കഴുകിക്കൊടുക്കുക.. എന്നിട്ട് നാളെ കാലത്തുതന്നെ ഇവിടെ വരിക..''
''സമ്മതിച്ചു.. ഞാന്‍ പോയിവരാം..''
അവന്‍ പുറത്തിറങ്ങി. കമ്പനിയില്‍ തനിക്കു ജോലി തരപ്പെട്ടുവെന്ന് അവന്‍ ഏകദേശം ഉറപ്പിച്ചു. വീട്ടില്‍ ചെന്ന് ആ സന്തോഷം ഉമ്മയുമായി പങ്കുവച്ചു. അതു കേട്ടു ഉമ്മാക്കും വല്ലാത്ത സന്തോഷം..
മാനേജര്‍ നിര്‍ദേശിച്ചപ്രകാരം അവന്‍ ഉമ്മയോട് പറഞ്ഞു: ''ഉമ്മാ, ആ രണ്ടു കൈകളും എനിക്കൊന്നു കാണിച്ചുതരണം..''
ഉമ്മാക്കു കാര്യം മനസിലായില്ല. എന്തോ പന്തികേട് ഉമ്മ മണത്തു. എന്നാലും മുടക്കം നിന്നില്ല. മകന്റെ നല്ലതിന് വേണ്ടിയാണല്ലോ ഇത്രയും കാലം അധ്വാനിച്ചത്. ഇനി എന്തിന് അവന്റെ ചെറിയൊരാവശ്യം കേള്‍ക്കാതിരിക്കണം. എന്തിനെന്നറിയാതെ തന്റെ രണ്ടു കൈകളും അവനു നേരെ നീട്ടി..
ചുക്കിച്ചുളിഞ്ഞ രണ്ടു കൈകള്‍..
അവന്‍ അതുകണ്ട് ഞെട്ടിത്തരിച്ചു. ആ കൈകള്‍ ആദ്യമായി കാണുന്നപോലെ..
തന്നെ പോറ്റിവളര്‍ത്തി തഴമ്പിച്ച ആ രണ്ടു കൈകളില്‍ പാടുകളെമ്പാടും വീണിട്ടുണ്ട്. പലയിടത്തും കുമിളകള്‍പൊട്ടി വിണ്ടിട്ടുണ്ട്. തോല്‍പോയതിന്റെ അടയാളങ്ങള്‍ അനേകം.. ഈ കൈകളാണ് തന്നെ ഇത്ര വലിയ സ്ഥാനത്തേക്കുയര്‍ത്തിയത്. തന്റെ പഠനച്ചെലവുകള്‍ വഹിച്ചത്. മറ്റെന്തെങ്കിലും ഏര്‍പ്പാടുകളിലേക്കു നീങ്ങാന്‍ തന്നെ അനുവദിക്കാതെ നിരന്തരം ജോലിചെയ്തത്. തനിക്കുവേണ്ടി നിത്യവും ഭക്ഷണം പാചകംചെയ്തുതന്നത്. താനുണരും മുന്‍പേ ഉണര്‍ന്ന് താനുറങ്ങിയ ശേഷം മാത്രം ഉറങ്ങാന്‍ പോകുന്ന ഉമ്മ. അതുവരെ ഈ കൈകള്‍ കൊണ്ട് ഉമ്മ കര്‍മനിരതയാണ്. ഒരു ദിവസം പോലും ഈ കൈകള്‍ക്ക് ലീവില്ല. വിശ്രമമില്ല.
അവന്റെ കണ്ണില്‍നിന്ന് കണ്ണീര്‍തുള്ളികള്‍ അറിയാതെ ആ കൈകളിലേക്കു വീണു. പിന്നെയും വീണു. പിന്നെയും പിന്നെയും. പിന്നെ ആ കൈകള്‍ തന്റെ ചുണ്ടിലമര്‍ത്തി അവന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു.
ഉമ്മയുടെ കൈകള്‍ കഴുകിക്കൊടുക്കാനാണ് മാനേജര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അവന്റെ കണ്ണീര്‍തുള്ളികള്‍ തന്നെ അതിനു ധാരാളമായിരുന്നു.. കൈകള്‍ കഴുകിവൃത്തിയാക്കിക്കൊടുത്ത ശേഷം അവന്‍ അന്ന് അലക്കാനുണ്ടായിരുന്ന മുഴുവന്‍ വസ്ത്രങ്ങളും അലക്കി. ജീവിതത്തില്‍ ആദ്യമായി അലക്കിയ ദിവസം...!
അങ്ങനെ അടുത്ത പ്രഭാതം. അവന്‍ നേരത്തെ തന്നെ മാനേജറുടെ ഓഫിസിലെത്തി. മാനേജര്‍ ചോദിച്ചു: ''ഇന്നലെ വീട്ടില്‍ ചെന്ന് എന്തൊക്കെയാണു ചെയ്തത്. അനുഭവങ്ങളെല്ലാം വിവരിച്ചുതരൂ....''
അവന്‍ പറഞ്ഞു: ''ഞാന്‍ ഉമ്മയുടെ കൈകള്‍ കഴുകി.. ശേഷം മുഴുവന്‍ ഡ്രസും അലക്കിക്കൊടുത്തു..''
''അതു ചെയ്യുമ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥ എങ്ങനെയായിരുന്നു..?''
''എനിക്കു പലതും തിരിച്ചറിയാനായി.. ഉമ്മയും ഉമ്മയുടെ ത്യാഗവും അര്‍പണമനോഭാവവും ഇല്ലായിരുന്നുവെങ്കില്‍ എനിക്കീ നിലയിലെത്താന്‍ കഴിയുമായിരുന്നില്ല. ഉമ്മ ചെയ്യുന്ന ജോലിയുടെ ഭാരവും കാഠിന്യവും ഇതുവരെ ഞാനറിഞ്ഞിരുന്നില്ല. ഇന്നലെ അതൊന്നു പരീക്ഷിച്ചപ്പോള്‍ എനിക്കത് ശരിക്കും ബോധ്യപ്പെട്ടു. കുടുംബത്തിന്റെ വിലയും പ്രസക്തിയും നല്ലപോലെ മനസിലായി. എല്ലാറ്റിനും പുറമെ, ഏതൊരു മനുഷ്യന്റെ പുരോഗതിക്കുപിന്നിലും ഉമ്മയുടെ സാന്നിധ്യമുണ്ടാകുമെന്നും അറിഞ്ഞു.''
മനേജര്‍ പറഞ്ഞു: ''ഞാന്‍ ജോലി നല്‍കാന്‍ പോകുന്ന ആ ഉയര്‍ന്ന ഉദ്യോഗസ്ഥനില്‍ ഇത്തരം ഗുണങ്ങളാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. മറ്റുള്ളവരെ സഹായിക്കുകയും അവരെ മനസിലാക്കുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍. പണം മാത്രം ലക്ഷ്യമിടാതെ ചെയ്യുന്ന പ്രവര്‍ത്തിയോട് നൂറുശതമാനം കൂറും പ്രതിപത്തിയും കാണിക്കുന്ന സദ്‌വൃത്തന്‍.. അയാളെ ഇനി ഞാന്‍ നിങ്ങളില്‍ കാണുമല്ലോ..''
''തീര്‍ച്ചയായും...'' അവന്‍ ഉറപ്പുകൊടുത്തു.
ചോദ്യമിതാണ്: ആറ്റുനോറ്റു പെറ്റുപോറ്റിയ സ്വന്തം ഉമ്മയുടെ കൈകളിലേക്ക് നിങ്ങള്‍ ജീവതത്തിലെന്നെങ്കിലും കണ്ണുതുറന്നു നോക്കിയിട്ടുണ്ടോ...? വര്‍ഷത്തിലൊരു ദിവസം പോലും ലീവെടുക്കാതെ, ഒരഞ്ചുപൈസപോലും ശമ്പളം പറ്റാതെ, നൂറുശതമാനം അര്‍പണബോധത്തോടെ, നിത്യവും പകലന്തിയോളം ജോലിയെടുക്കുന്ന ആ അനുഗ്രഹീത കൈകള്‍ കാണാന്‍ നിങ്ങള്‍ക്കാഗ്രഹമില്ലേ..
ആ ഉമ്മക്കൈക്കളില്‍ ആയിരമായിരം ഉമ്മകള്‍ വച്ചാലും മനസിനു മതി വരുമോ..?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."