മൃതദേഹം മാറിയെത്തിച്ച സംഭവം: ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
ആര്‍പ്പൂക്കര: സഊദിയില്‍ നിന്ന് മാറിയെത്തിച്ച ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം തിരിച്ച് നാട്ടിലേക്ക് കൊണ്ടുപോയി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിന്ന മൃതദേഹം കോന്നി പൊലിസാണ് സഊദിയില്‍ നിന്നെത്തിയ കാര്‍ഗോ പ്രതിനിധികള്‍ക്ക് കൈമാറിയത്. തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.
സൗദിയില്‍ വച്ച് ഫെബ്രുവരി 27ന് ഹൃദയാഘാതം മൂലം മരിച്ച കോന്നി കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ അബ്ദുല്‍ റസാഖിന്റെ മകന് റഫീഖിന്റെ (28) മൃതദേഹം കാര്‍ഗോ അധികൃതരുടെ പിഴവുമൂലം മാറി ശ്രീലങ്കയിലെത്തിക്കുകയായിരുന്നു. ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം നെടുമ്പാശ്ശേരിയിലുമെത്തിച്ചു. ബുധനാഴ്ച വൈകുന്നേരം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സൗദി എയര്‍ലൈന്‍സില്‍ എത്തിച്ച മൃതദേഹം റഫീഖിന്റെ ബന്ധുക്കള്‍ രാത്രിയോടെ കോന്നിയിലെ വീട്ടിലെത്തിച്ചു. തുടര്‍ച്ച് ഖബറടക്കുന്നതിനായി വ്യാഴാഴ്ച രാവിലെ എട്ടിന് മൃതദേഹം അടങ്ങിയ പെട്ടിതുറന്നപ്പോഴാണ് ശ്രീലങ്കന്‍ യുവതിയുടേതാണെന്ന് അറിയുന്നത്.
പിന്നീട് ജില്ലാ കലക്ടര്‍ മുഖേന സഊദി കാര്‍ഗോ പ്രതിനിധികളുമായി ബന്ധപ്പെട്ടു. യുവതിയുടെ മൃതദേഹം അവരുടെ നാട്ടിലും റഫീഖിന്റെ മൃതദേഹം കോന്നിയിലും എത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവുകളും തങ്ങള്‍ വഹിക്കുമെന്ന് കാര്‍ഗോ പ്രതിനിധികള്‍ പറഞ്ഞു. തുടര്‍ന്ന് ശ്രീലങ്കന്‍ യുവതിയായ ബന്ദാരമാണെകി മാലാജിയുടെ മൃതദേഹം സൂക്ഷിക്കുന്നതിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് പൊലിസ് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."