ഗതാഗത സന്ദേശവുമായി 'പപ്പുവിന്റെ' പ്രയാണം
തിരുവനന്തപുരം: പൊതുനിരത്തിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനും ട്രാഫിക് അവബോധം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ട് ജനമൈത്രി പൊലിസിന്റെ ട്രാഫിക് ബോധവല്‍കരണ കേരള യാത്ര.
ട്രാഫിക് ബോധവല്‍കരണത്തിനായി അവതരിപ്പിച്ച കഥാപാത്രം 'പപ്പു' സീബ്രയാണ് ഗതാഗത സുരക്ഷാ സന്ദേശങ്ങളുമായി പ്രയാണം നടത്തുന്നത്. നാളെ കാസര്‍കോട്ടുനിന്നാരംഭിച്ച് ജൂണ്‍ 15ന് 'പപ്പു'വിന്റെ പ്രയാണം തിരുവനന്തപുരത്ത് സമാപിക്കും.
ഇതിനു മുന്നോടിയായി 'പപ്പു' സീബ്രയോടൊപ്പം ബോധവല്‍കരണ വാഹനം ഇന്നലെ കാസര്‍ഗോട്ടേക്ക് യാത്രതിരിച്ചു. ദക്ഷിണ മേഖലാ എ.ഡി.ജി.പിയും ജനമൈത്രി നോഡല്‍ ഓഫിസറുമായ ഡോ. ബി. സന്ധ്യ ഫ്‌ളാഗ് ഓഫ് ചെയ്തു. ഐ.ജി മനോജ് എബ്രഹാം, തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ പങ്കെടുത്തു.
അശ്രദ്ധയും അറിവില്ലായ്മയും അസഹിഷ്ണുതയും റോഡപകടങ്ങള്‍ക്ക് എങ്ങനെ കാരണമാകുന്നു എന്ന് യാത്രയിലെ വിവിധ പരിപാടികളിലൂടെ 'പപ്പു' വിശദീകരിക്കും.
ലഹരിമരുന്നുകളുടെയും മൊബൈല്‍ ഫോണുകളുടെയും ദുരുപയോഗം എങ്ങനെ റോഡപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നതും സുരക്ഷിത യാത്രയുടെ വിവിധ നിര്‍ദേശങ്ങളും ജനങ്ങളിലെത്തിക്കുന്നതിനും വിവിധ പരിപാടികള്‍ യാത്രയുടെ ഭാഗമായി നടത്തും. റോഡപകടങ്ങള്‍ മൂലം ശരാശരി നാലായിരത്തിലേറെ പേര്‍ പ്രതിവര്‍ഷം സംസ്ഥാനത്ത് മരിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം മരണങ്ങളും ഇരുചക്രവാഹനാപകടങ്ങള്‍ മൂലമാണ്.
അശ്രദ്ധമായ ഡ്രൈവിങ് മൂലമാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത്.
അപകടങ്ങള്‍ നടന്നാല്‍ 'ഗോള്‍ഡന്‍ അവര്‍' എന്നറിയപ്പെടുന്ന ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് ശരിയായ രീതിയില്‍ എത്തിക്കേണ്ടതും പ്രധാനമാണ്.
ഇത്തരം കാര്യങ്ങളൊക്കെ ബോധവല്‍കരണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് എ.ഡി.ജി.പി ഡോ. ബി. സന്ധ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."