യു.ജി.സി ശമ്പള പരിഷ്‌കരണം ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും: മന്ത്രി കെ.ടി ജലീല്‍
കൊച്ചി: സര്‍ക്കാരിന് 750 കോടി രൂപ അധിക ബാധ്യത ഉണ്ടാകുമെങ്കിലും നടപ്പിലാക്കാന്‍ തീരുമാനിച്ച യു.ജി.സിയുടെ ഏഴാം ശമ്പള പരിഷ്‌കരണം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍. ഇതു സംബന്ധിച്ച് നടപടികള്‍ പൂര്‍ത്തിയായതായി യു.ജി.സിയെ അറിയിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു. അസോസിയേഷന്‍ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്‌സ് (എ.കെ.ജി.സി.ടി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ അധ്യാപകരുടെ നിയമനം സംബന്ധിച്ച ആറാം ശമ്പള കമ്മിഷന്റെ നിര്‍ദേശങ്ങളിലെ കര്‍ശന വ്യവസ്ഥകള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. അടുത്ത അധ്യയന വര്‍ഷം സര്‍ക്കാര്‍ കോളജുകളില്‍ പുതു തലമുറ കോഴ്‌സുകള്‍ക്കു കൂടി പ്രാധാന്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ ബഹുസ്വരത നിലനിര്‍ത്തുന്നതില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ വളര്‍ച്ച പൂര്‍ണമല്ല.
ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തില്‍നിന്നും നിരവധി കുട്ടികളാണ് ഇതര സംസ്ഥാനത്തേക്കു പോകുന്നത്. ഈ പ്രവണത അവസാനിച്ചാലേ കേരളം വൈജ്ഞാനികമായി സ്വയം പര്യാപ്തമാകുകയുള്ളൂ. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തങ്ങളുടെ സ്വത്വം സമ്പൂര്‍ണമായി പ്രകടിപ്പിച്ചു പഠിക്കാനുള്ള സ്വാതന്ത്ര്യം നിലവിലുണ്ട്. എന്നാല്‍ അതിന്റെ സാധ്യതകള്‍ സംസ്ഥാനം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നൂതനമായ മാറ്റങ്ങള്‍ ആവശ്യമാണ്. അത്തരത്തിലുള്ള വിപ്ലവകരമായ തീരുമാനമാണ് യൂനിവേഴ്‌സിറ്റി ബില്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എ.കെ.ജി.സി.ടി പ്രസിഡന്റ് ഡോ. എന്‍. മനോജ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."