മഴ: വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശം
വടകര: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ഓര്‍ക്കാട്ടേരിയില്‍ കെട്ടിടം തകര്‍ന്നു.
മാര്‍ക്കറ്റിനു സമീപത്തെ തെയ്യപ്പാടി ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടമാണ് തകര്‍ന്നത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കടകള്‍ തുറക്കുന്നതിന് മുന്‍പായതുകൊണ്ട് ആളപായമില്ല. കാലപഴക്കം കാരണം പൊളിച്ചു നീക്കാനിരുന്ന കെട്ടിടമാണിത്.
താഴത്തെ നിലയിലെ ദേശീയ ഔഷധശാല, അറഫ ജ്വല്ലറി, രാധാകൃഷ്ണന്റെ കുലക്കച്ചവടം എന്നിവക്കും മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ലീഗ് ഓഫിസിനുമാണ് നാശം. നാട്ടുകാര്‍ കടകളിലെ സാധനങ്ങള്‍ നീക്കം ചെയ്തു. വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സും എടച്ചേരി പൊലിസും പഞ്ചായത്ത് അധികാരികളും സ്ഥലത്തെത്തി.
തുടര്‍ന്ന് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കി. കെട്ടിടത്തിന്റെ മുകള്‍ഭാഗം നീക്കം ചെയ്യുമ്പോള്‍ ഏറെ നേരം ടൗണ്‍വഴിയുള്ള ഗതാഗതം തടസപ്പെട്ടു.
നാദാപുരം: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നാദാപുരത്ത് വീണ്ടും വീടുകള്‍ക്ക് നാശ നഷ്ടം നേരിട്ടു. പുറമേരിയില്‍ കൊയിലോത്ത് താഴക്കുനി കണാരന്റെ വീടിനുമുകളില്‍ മരം വീണു ഓടും മര ഉരുപ്പടികളും തകര്‍ന്നു. കക്കംവെള്ളിയില്‍ മുണ്ടാടത്തില്‍ താഴ അശോകന്റെ വീടിനോട് ചേര്‍ന്ന ചുറ്റുമതില്‍ തകര്‍ന്നു. ചുറ്റും വെള്ളക്കെട്ടായതിനാല്‍ വീട്ടുകാര്‍ അപകട ഭീതിയില്‍ കഴിയുകയാണ്. കഴിഞ്ഞാഴ്ചയുണ്ടായ ശക്തമായ മഴയില്‍ ഇരുപതിലധികം വീടുകള്‍ക്ക് നാദാപുരത്ത് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
എടച്ചേരി: ചെറിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ചെയ്ത ശക്തമായ മഴയില്‍ വീണ്ടും നാശനഷ്ടങ്ങള്‍. പുറമേരിയില്‍ ഇരുനില വീട് നിലംപൊത്തി. വെള്ളൂര്‍ റോഡിലെ കുഞ്ഞിക്കൊയിലോത്ത് താഴ കുനി കണാരന്റെ വീടാണ് വ്യാഴാഴ്ച രാത്രിയില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ തകര്‍ന്നത്.വീട്ടുടമയും ഭാര്യയും അകത്ത് ഉറങ്ങിക്കിടക്കവേയാണ് അപകടം സംഭവിച്ചത്. വീടിന്റെ ഇരുഭാഭാഗങ്ങളിലുള്ള ഓടുമേഞ്ഞ ഞാലി (കോലായി) പൂര്‍ണ്ണമായും നിലംപൊത്തി. ഓടുകളും, മര ഉരുപ്പടികളും പൂര്‍ണമായും നശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.അച്ചുതന്‍, വാര്‍ഡ് മെമ്പര്‍ മീത്തില്‍ ശംസു എന്നിവര്‍ വീട് സന്ദര്‍ശിച്ചു.പുറമേരി വില്ലേജ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഞാലി തകര്‍ന്നതിനൊപ്പം വീടിന്റെ പ്രധാന ചുവരുകള്‍ക്കും വിള്ളല്‍ വന്നതിനാല്‍ കണാരനെയും, ഭാര്യ ജാനുവിനെയും മാറ്റിത്താമസിപ്പിച്ചിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."