ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ യഥേഷ്ടം; അടിസ്ഥാന സൗകര്യങ്ങള്‍ 'വട്ടപ്പൂജ്യം'
കല്‍പ്പറ്റ: ഓരോ വര്‍ഷം കഴിയുന്തോറും ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാതാകുകയാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍.
ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പൂക്കോട് തടാകത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. 2008-2009 വര്‍ഷത്തില്‍ 4,06421 പേരാണ് പൂക്കോട് തടാകം സന്ദര്‍ശിച്ചതെങ്കില്‍, അഞ്ച് വര്‍ഷത്തിന് ശേഷം 2013-14 വര്‍ഷത്തില്‍ തടാകത്തിലെത്തിയത് 5,83707 പേരാണ്. 2016 മുതല്‍ 2017 മാര്‍ച്ച് വരെ 8,24796 പേര്‍ പൂക്കോട്ടെത്തിയതായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലയിലെ മറ്റൊരു തടാകമായ കര്‍ലാട് ലേക്കില്‍ 2016 മുതല്‍ 2017 ഏപ്രില്‍ 10 വരെ 18070 സഞ്ചാരികളെത്തി. സഞ്ചാരികളുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനവ് ജില്ലയിലെ ടൂറിസം മേഖലക്ക് ഉണര്‍വ് നല്‍കുന്നുണ്ടെങ്കിലും ഒരിക്കല്‍ വന്നവര്‍ പല സഞ്ചാരകേന്ദ്രങ്ങളില്‍ നിന്നും മനംമടുത്താണ് മടങ്ങുന്നത്. ഇതിന്റെ പ്രധാനകാരണം അടിസ്ഥാന സൗകര്യവികസനത്തിന്റെ അപര്യാപ്തയാണ്.
സഞ്ചാരികള്‍ക്ക് ഏറ്റവും അത്യാവശ്യമായ വൃത്തിയുള്ള ശൗച്യാലയങ്ങള്‍ പോലും മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലുമില്ല. പണമുണ്ടാക്കാന്‍ മാത്രമുള്ള മാര്‍ഗമായി വിനോദസഞ്ചാര കേന്ദ്രങ്ങളെ കാണുന്ന അധികൃതര്‍ അടിസ്ഥാന സൗകര്യം കൂടി ഒരുക്കിയാല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകും. ചരിത്രാന്വേഷികളും, ചരിത്രവിദ്യാര്‍ഥികളുമടക്കം നിരവധി പേര്‍ സന്ദര്‍ശനം നടത്തുന്ന എടക്കല്‍ ഗുഹയില്‍ 2013-14 വര്‍ഷങ്ങളില്‍ 23252 പേരാണ് എത്തിയിരുന്നതെങ്കില്‍ 2015-16 കാലഘട്ടത്തില്‍ 39,1302 പേരാണ് സന്ദര്‍ശനം നടത്തിയത്. അവധിദിവസങ്ങളിലും മറ്റും എടക്കല്‍ ഗുഹയിലേക്ക് ക്രമാതീതമായ രീതിയില്‍ സന്ദര്‍ശകരെ കയറ്റിവടുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ആക്ഷേപങ്ങളുണ്ടായിരുന്നു. അപൂര്‍വ്വ ചരിത്രശേഖരമായ എടക്കല്‍ഗുഹയില്‍ തിങ്ങിനിറഞ്ഞ് ആളുകള്‍ സന്ദര്‍ശനം നടത്തിയാല്‍ പാറക്കെട്ടുകള്‍ക്ക് സ്ഥാനചലനം അടക്കം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
എന്നാല്‍ അധികൃതര്‍ ഇതൊന്നും കണക്കിലെടുക്കുന്നില്ല. ജില്ലയിലെ മറ്റ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കുറുവാദ്വീപ്, വയനാട് ഹെറിറ്റേജ് മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തന്നെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കടുത്ത വേനലില്‍ കാട്ടുതീയും കുടിവെള്ളക്ഷാമവുമടക്കമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലെ പ്രധാന വന്യജീവി സങ്കേതകേന്ദ്രങ്ങളായ തോല്‍ പ്പെട്ടിയും, മുത്തങ്ങയും, സൂചിപ്പാറ ഇക്കോ ടൂറിസം സെന്ററും അടച്ചിടേണ്ടി വന്നത് ജില്ലയിലെത്തിയ വിനോദസഞ്ചാരികളെ പലപ്പോഴും നിരാശരാക്കിയിരുന്നു. ലോക വിനോദസഞ്ചാര പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള വയനാട്ടില്‍ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസമാണ് അനിവാര്യമെങ്കിലും അതൊന്നും നടക്കുന്നില്ല. ചുരം വ്യൂ പോയിന്റ് മുതല്‍ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലെ പരിസരങ്ങളില്‍ വരെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കം കുന്ന് കൂടിക്കിടക്കുകയാണ്.
വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള സഞ്ചാര കേന്ദ്രങ്ങളിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ തീരെ ഒരുക്കാത്തത്. ലക്ഷങ്ങള്‍ വരുമാനമുണ്ടെങ്കിലും കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി അധികൃതര്‍ ഇതുവരെ കാര്യമായൊന്നും ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."