കുടിയേറ്റ വിരുദ്ധനയം: യു.എസില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി
വാഷിങ്ടണ്‍: ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരേ പ്രതിഷേധവുമായി പതിനായിരങ്ങള്‍ യു.എസില്‍ തെരുവിലിറങ്ങി. തലസ്ഥാനമായ വാഷിങ്ടണില്‍ നടന്ന പ്രതിഷേധത്തില്‍ 50,000 പേര്‍ പങ്കെടുത്തു. രാജ്യത്തിന്റെ 50 സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.
അമേരിക്കന്‍ ലിബര്‍ട്ടീസ് യൂനിയനാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധ ആഹ്വാനത്തിന് വന്‍ പ്രചാരണമുണ്ടായിരുന്നു. ഡമോക്രാറ്റിക് നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.
ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ പ്രതിഷേധക്കാര്‍ വ്യത്യസ്ത നഗരങ്ങളില്‍ ഒരുമിച്ച് കൂടാന്‍ തുടങ്ങി. 11 ഓടെയാണ് റാലി ആരംഭിച്ചത്. അനധികൃതമായി രാജ്യത്ത് കുടിയേറിയ കുടുംബങ്ങളില്‍ നിന്ന് കുട്ടികളെ വേര്‍പിരിക്കുന്നത് അവസാനിപ്പിക്കണമെന്നും കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
സംഗീത സംവിധായകന്‍ ലിന്‍ മാന്വല്‍ മിരന്‍ഡ, നടിമാരായ അമേരിക്ക ഫെരാര, ഡിയാന ഗരേറോ തുടങ്ങിയവര്‍ പ്രതിഷേധസംഗമത്തിന് അഭിവാദ്യം അര്‍പ്പിച്ചു.
കുടുംബങ്ങളെ കൂട്ടിയോജിപ്പിക്കുക, കുടുംബങ്ങളെ തടവിലിടുന്നത് അവസാനിപ്പിക്കുക, സീറോ ടോളറന്‍സ് നയം ഉപേക്ഷിക്കുക എന്ന്ീ ആവശ്യങ്ങളാണ് തങ്ങള്‍ക്കുള്ളതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന മൂവ് ഓണ്‍ ഡോട്ട് ഓര്‍ഗ് ഡയരക്ടര്‍ അന്ന ഗല്ലന്‍ഡ് പറഞ്ഞു.
അതിനിടെ അനധികൃതമായി രാജ്യത്ത് കുടിയേറിയ കുടുംബങ്ങളിലെ കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം തടവിലിടുമെന്ന് യു.എസ് ഭരണകൂടം പറഞ്ഞു. അതിര്‍ത്തി കടന്നെത്തുന്ന ഇത്തരം ആളുകളെ തടവിലിടാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്ന് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി കാലിഫോര്‍ണിയ ജില്ലാ കോടതിയില്‍ വ്യക്തമാക്കി.
നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഇവരെ തടവിലിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധനയങ്ങള്‍ക്കെതിരേ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ നല്‍കിയ പരാതിയില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."