പക്ഷികളില്‍ വെസ്റ്റ് നൈല്‍ വൈറസില്ലെന്ന് പരിശോധനാ ഫലം
തെന്നലയില്‍ ചത്ത് വീണ കാക്കകളുടെ പരിശോധനാ ഫലമാണ് ലഭിച്ചത്
മലപ്പുറം: പക്ഷികളില്‍ വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം. പക്ഷികളിലും മൃഗങ്ങളിലും വൈറസുണ്ടോ എന്ന് പരിശോധിച്ചതിന്റെ ആദ്യഫലമാണ് ലഭിച്ചത്. വെസ്റ്റ് നൈല്‍ പനിയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വേങ്ങര എ.ആര്‍ നഗര്‍ സ്വദേശി മുഹമ്മദ് ഷാന്‍ (6) മരണപ്പെട്ടിരുന്നു. മുഹമ്മദ് ഷാന് രോഗം സ്ഥിരീകരിച്ച സമയത്തുതന്നെ സമീപ പ്രദേശമായ തെന്നലയില്‍ ഏതാനും കാക്കകളും ചത്ത് വീണിരുന്നു. ഈ കാക്കകളുടെ സാംപിളുകളാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ആലപ്പുഴയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനക്ക് അയച്ചിരുന്നത്.
കഴിഞ്ഞ 19നാണ് അഞ്ച് സാംപിളുകള്‍ പരിശോധനക്ക് അയച്ചത്. വൈറസ് കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള കാക്കളുടെ മസ്തിഷ്‌കം, കരള്‍ എന്നിവയാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ എല്ലാ ഫലങ്ങളും നെഗറ്റീവായാണ് ലഭിച്ചത്. മരണപ്പെട്ട മുഹമ്മദ് ഷാന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളുടെയും കോഴികളുടെയും രക്ത സാംപിളും പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവയുടെ ഫലം ലഭ്യമായിട്ടില്ല.
വേങ്ങരയില്‍ നിന്ന് ആരോഗ്യവകുപ്പ് പിടികൂടി പരിശോധനക്കയച്ച കൊതുകുകളുടെ രക്ത പരിശോധനാ ഫലവും പുറത്തുവരാനുണ്ട്. ഇവയുടെ ഫലം കൂടി ലഭിച്ചാലേ വൈറസ് ബാധയെക്കുറിച്ച് എന്തെങ്കിലും നിഗമനത്തിലെത്താനാകൂ. പക്ഷികളില്‍നിന്ന് കൊതുകുകള്‍ വഴിയാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. ഈ സാഹചര്യത്തിലാണ് കാക്കകളെയും കൊതുകുകളെയും പരിശോധനക്ക് വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."