രണ്ടു ദിവസമായി എട്ടു മണിക്കൂര്‍ നീണ്ട വാദം, അര്‍ഹതയില്ലെന്ന് കണ്ടെത്തല്‍; സഫൂറ സര്‍ഗാറിന് വീണ്ടും ജാമ്യം നിഷേധിച്ച് കോടതി
ന്യൂഡല്‍ഹി: ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. 'അര്‍ഹതയില്ല' എന്നകാരണം കാണിച്ചാണ് സഫൂറയുടെ ജാമ്യാപേക്ഷ തള്ളിയത്. രണ്ടു ദിവസമായി എട്ടു മണിക്കൂര്‍ നീണ്ടു നിന്ന വാദത്തിനൊടുവിലാണ് പട്യാല ഹൗസ് കോടതി വിധി പ്രഖ്യാപിച്ചത്.
'ഈ ജാമ്യാപേക്ഷക്ക് എന്തെങ്കിലും യോഗ്യതയുള്ളതായി ഞാന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ തള്ളിക്കളയുന്നു'- അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ധര്‍മേന്ദ്ര റാണ വ്യക്തമാക്കി. അതേസമയം, ഗര്‍ഭിണിയായ സര്‍ഗാറിന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കണമെന്ന് ജയില്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു.
കൃത്യമായ തെളിവുകളില്ലാതെയാണ് സഫൂറയെ തടവിലാക്കിയിരിക്കുന്നതെന്ന വാദം കോടതി പരിഗണിച്ചില്ല. ഹോര്‍മോണ്‍ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന ശാരീരികാവസ്ഥയാണ് 21 ആഴ്ച്ച ഗര്‍ഭിണിയായ സഫൂറക്കെന്നും ഇത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും അവരുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇതൊന്നും കോടതി പരിഗണിച്ചില്ല.
ഡല്‍ഹിയിലെ പലയിടത്തും നടന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സഫൂറ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലിസ് കോടതിയില്‍ അറിയിച്ചത്. സഫൂറ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്നും സാമുദായിക കലാപത്തിന് പ്രേരിപ്പിച്ചുവെന്നുമാണ് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സ്‌പെഷല്‍ സെല്‍ കോടതിയെ ബോധിപ്പിച്ചു.
ജാമിയ കോര്‍ഡിനേഷന്‍ കമ്മറ്റിയിലെ മീഡിയ കോര്‍ഡിനേറ്ററായിരുന്ന സഫൂറ സര്‍ഗാറിനെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലിസിലെ സ്‌പെഷല്‍ സെല്‍ അറസ്റ്റു ചെയ്തത്. ഏപ്രില്‍ പത്തിനാണ് 27കാരിയും അന്ന് മൂന്ന് മാസം ഗര്‍ഭിണിയുമായിരുന്ന സഫൂറയെ യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അവര്‍ കഴിയുന്നത്. സഫൂറ ഇത് മൂന്നാം തവണയാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."