ബ്രിട്ടനെ നയിക്കാന്‍ ചെരുപ്പിനെ പ്രണയിക്കുന്ന ഫാഷന്‍ലേഡി
ഉരുക്കുവനിതയെന്നറിയപ്പെട്ട മാര്‍ഗരറ്റ് താച്ചര്‍ ഇരുന്ന കസേരയിലേയ്ക്കു എത്തുന്നത് ചെരുപ്പുകളോടും ഷൂസുകളോടും അമിതപ്രതിപത്തിയുള്ള ഒരു ഫാഷന്‍ലേഡി. ബ്രിട്ടന്റെ ചരിത്രത്തിലാദ്യമായി ആഭ്യന്തരസെക്രട്ടറിയുടെ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലമിരുന്നെന്ന പ്രത്യേകതയും 1976ല്‍ ജെയിംസ് കലഘാനുശേഷം പ്രധാനമന്ത്രി പദത്തിലെത്തുന്ന പ്രായംകൂടിയ നേതാവെന്ന വിശേഷണവും ടെഡ് ഹീത്തിനുശേഷം കുട്ടികളില്ലാത്ത ആദ്യപ്രധാനമന്ത്രിയെന്ന പ്രത്യേകതയുമുണ്ട് തെരേസാ മേയ്ക്ക്.
ബ്രിട്ടീഷ് ചരിത്രത്തിലെ രണ്ടാമത്തെ വനിതാപ്രധാനമന്ത്രിയായെത്തുന്ന അമ്പത്തൊമ്പതുകാരിയായ തെരേസാ മേയ്ക്ക് വീഴ്ചകളിലുഴറിയ മുന്‍ഗാമി കാമറണിന്റെ ചീത്തപ്പേരു മാറ്റാനുള്ള ദൗത്യംകൂടിയുണ്ട്. കാമറണ്‍ പ്രധാനമന്ത്രിപദമൊഴിയുമ്പോള്‍ ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവാദിത്വം വളരെ ഭംഗിയായി നിര്‍വഹിച്ചുപോന്ന തെരേസാ മേ ആ സ്ഥാനത്തേയ്ക്കുയരുമെന്നു മുന്‍പുതന്നെ സൂചനകളുണ്ടായിരുന്നു.
ബ്രെക്‌സിറ്റിനുവേണ്ടി ഏറെ വാദിച്ച മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍, ധനമന്ത്രി ജോര്‍ജ് ഒസ്‌ബോണ്‍, മൈക്കേല്‍ ഗവ്, ആന്‍ഡ്രിയ ലീഡ്‌സം എന്നിവര്‍ വഴിമുടക്കികളായെങ്കിലും അര്‍ഹതയ്ക്കുള്ള അംഗീകാരം തെരേസാ മേയെ തേടിവന്നു. രാഷ്ട്രീയവിശ്വാസ്യതയും അക്ഷോഭ്യമായ സ്വഭാവവും അവരെ കരുത്തിന്റെ പര്യായമാക്കി.
നേരിടാനേറെ
ബ്രിട്ടന്‍ സംഘര്‍ഷഭരിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ രാജ്യത്തെ കൈപിടിച്ചുകയറ്റേണ്ട ഉത്തരവാദിത്വമാണു തെരേസാ മേ ഏറ്റെടുത്തിരിക്കുന്നത്. യൂറോപ്യന്‍ യൂനിയനില്‍നിന്നു പിന്‍മാറരുതെന്നു ശക്തമായി വാദിക്കുകയും അവസാനം പാര്‍ട്ടിയില്‍ത്തന്നെ പിന്‍മാറ്റം ആഗ്രഹിച്ചവരെ ഉള്‍പ്പെടെ നയിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥിതിവിശേഷമുണ്ട്. അതൊക്കെ ആ സമയത്താണെന്നും ഇനി ഒറ്റക്കെട്ടായി രാജ്യത്തെ സേവിക്കുകയാണു ലക്ഷ്യമെന്നും അവര്‍ പറയുന്നു. പതിനേഴുപേരുടെ ഭൂരിപക്ഷത്തിലാണ് കണ്‍സര്‍വേറ്റീവുകള്‍ ഭരണംനിലനിര്‍ത്തുന്നത്. അതിനാല്‍ ചെറിയപിഴവിനുപോലും വന്‍വില നല്‍കേണ്ടിവരും. 2020വരെ തെരഞ്ഞെടുപ്പു വരില്ലെങ്കിലും ബ്രിട്ടനെ സാമ്പത്തികപ്രതിസന്ധിയില്‍നിന്നു കരകറ്റേണ്ട ബാധ്യത തെരേസാ മേയ്ക്കാണ്.
അന്നു താച്ചര്‍, ഇന്നു തേരേസ
ബ്രിട്ടന്റെ ചരിത്രത്തില്‍ മറ്റൊരു ഉരുക്കുവനിതയുടെ താരോദയമെന്നുവേണമെങ്കില്‍ തെരേസാ മേയുടെ നിയോഗത്തെപറയാം. എന്തുമേതും തുറന്നടിക്കുകയും ഒന്നിലും പതറാതിരിക്കുകയും ചെയ്യുന്ന വിശേഷഗുണം അവര്‍ക്കുണ്ട്. മേയ് 2010 മുതല്‍ ആഭ്യന്തരസെക്രട്ടറിയായ തെരേസ മേ 1997 മുതല്‍ മെയ്ഡന്‍ഹെഡില്‍ നിന്നുള്ള എം.പിയാണ്.
പാര്‍ട്ടി പരാജയപ്പെടുമ്പോള്‍പ്പോലും ജയിച്ച ചരിത്രമുള്ള തെരേസ, മന്ത്രിസഭയില്‍ പല സുപ്രധാന ചുമതലകളും വഹിച്ചിട്ടുണ്ട്. ആഭ്യന്തരസെക്രട്ടറിയെന്ന പദവിയിലെത്തുന്നവര്‍ അവിടംകൊണ്ടു രാഷ്ട്രീയമവസാനിപ്പിക്കുന്ന പതിവു ബ്രിട്ടനിലുണ്ട്. അതിനു വിപരീതമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ചരിത്രമാണു തെരേസയുടേത്. സഹമന്ത്രിമാരോടു പോരടിക്കുന്നതിനുപകരം എല്ലാക്കാര്യത്തിലും സൂക്ഷ്മദൃക്കായതാണ് തെരേസയുടെ വിജയത്തിനുകാരണം.
തീവ്രവാദത്തെ ഉരുക്കുമുഷ്ടികൊണ്ടുനേരിട്ട തെരേസായുടെ ഭരണകാലത്തു കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറവായിരുന്നു. ചായ കുടിച്ചുള്ള ചര്‍ച്ചയിലല്ല, ചെയ്തികളിലാണു വിശ്വസിക്കുന്നതെന്നാണ് അവരുടെ പക്ഷം. സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്ന തെരേസ 20 ആഴ്ചവരെ മാത്രമേ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാവുവെന്നും വാദിക്കുന്നു.
ഫാഷന്‍ ഭ്രമം
ഷൂസുകളും ഹൈഹീല്‍ ചെരുപ്പുകളും വലിയ മുത്തുമാലകളും ഒരുക്കങ്ങളുമൊക്കെയായി ബ്രിട്ടീഷ് വനിതയുടെ എല്ലാ ചേഷ്ടാവിശേഷങ്ങളും തെരേസാ മേയില്‍ കാണാം. താന്‍ ധരിക്കുന്നതു തന്റെ ആത്മവിശ്വാസത്തിനാണെന്നു മാലോകരോടു വിളിച്ചുപറയാന്‍ മടിയില്ല. ഇഷ്ടപ്പെട്ടതെന്തും ധരിക്കും. നാട്ടുകാര്‍ എന്തുപറയുമെന്ന ജാള്യതയില്ല. വനിതാസമൂഹത്തോട് അവര്‍ക്കുള്ള ഉപദേശവും അതുതന്നെയാണ്: 'നിങ്ങള്‍ വസ്ത്രം ധരിക്കുന്നതും ഒരുങ്ങുന്നതും നിങ്ങള്‍ക്കുവേണ്ടിയാണ്. നിങ്ങളുടെ വ്യക്തിത്വം ഒരു ഷൂസ് വഴിയോ ചെരുപ്പുവഴിയോ അളക്കപ്പെടുന്നെങ്കില്‍ അതും നല്ലതുതന്നെ.'.
വോഗ് ഫാഷന്‍ മാഗസിന്റെ ലൈഫ് ടൈം വരിക്കാരിയായ മേയുടെ സംഗീതപ്രേമവും എടുത്തുപറയേണ്ടതാണ്. അബ്ബായുടെ ഡാന്‍സിങ് ക്വീന്‍ എന്ന സംഗീത ആല്‍ബവും ജെയ്ന്‍ ഓസ്റ്റിന്റെ പ്രൈഡ് ആന്‍ഡ് പ്രിജുഡിസ് എന്ന പുസ്തകവും ഏറെ ഇഷ്ടപ്പെടുന്നു. നൂറിലേറെ പാചകഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്ന മേ മലനിരകളില്‍ നടക്കാന്‍ പോകാറുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമചിത്തത മുതല്‍ക്കൂട്ട്
രൂക്ഷമായ പ്രശ്‌നങ്ങളുണ്ടെങ്കിലും സമചിത്തതയോടെ പെരുമാറാനുള്ള കഴിവു തെരേസയ്ക്കുണ്ട്. സംഘര്‍ഷഭരിതമായ ചുറ്റുപാടിനെയും തമാശകൊണ്ടു നേരിടുന്നതിലായിരുന്നു മേയുടെ വിജയം. 2003ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു തെരേസാ മേയെ മൈക്കേല്‍ ഹൊവാര്‍ഡ് പുറത്താക്കിയപ്പോള്‍ പകരം നിയോഗിച്ചതു രണ്ടു പുരുഷന്‍മാരെ. പരസ്യഭീമന്‍ മൗറിസ് സാച്ചിയും മുന്‍ ടോറി ആരോഗ്യവക്താവ് ലിയാം ഫോക്‌സിനെയും. ഇതിനെ ഫലിതരൂപേണ തെരേസ മേ വിലയിരുത്തിയത് ഒരു വനിതയുടെ ജോലി ചെയ്യാന്‍ രണ്ടു പുരുഷന്മാര്‍ വേണ്ടിവന്നുവെന്നാണ്.
ഒരിക്കല്‍ പ്രധാനമന്ത്രിയാകുന്ന സ്വപ്നത്തെപ്പറ്റി അഭിപ്രായമാരാഞ്ഞപ്പോള്‍ ഇപ്പോള്‍ ആഭ്യന്തര സെക്രട്ടറിയാണെന്നും അതു നന്നാക്കുന്നതിനെപ്പറ്റിയാണു സ്വപ്നം കാണുന്നതെന്നുമായിരുന്നു മറുപടി. തെരേസാ മേ തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ, ഏല്‍പ്പിക്കുന്ന ജോലിയെ എന്നും സ്വപ്നതുല്യമായാണു കാണുന്നതെന്ന് അവരുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.
1956 ഒക്ടോബര്‍ ഒന്നിന് സസക്‌സിലെ ഈസ്റ്റ്‌ബോണിലാണ് തെരേസയുടെ ജനം. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വൈദികനായിരുന്ന ഹ്യൂബര്‍ട്ട് ബെര്‍സിന്റെയും സെയ്ദീ മേരിയുടെയും മകള്‍. ഭൂമിശാസ്ത്രം പഠിക്കുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ ജോലിചെയ്യുകയും ചെയ്തു. തുടര്‍ന്ന് അസോസിയേഷന്‍ ഫോര്‍ പെയ്‌മെന്റ് ക്ലിയറിങ് സര്‍വിസസിന്റെ യൂറോപ്യന്‍കാര്യ ചുമതല വഹിച്ചു. പിന്നീടാണ് രാഷ്ട്രീയപ്രവേശം. സൗത്ത് ലണ്ടനിലെ മെര്‍ടണില്‍ കൗണ്‍സിലറായി തുടക്കം. ഒരു ദശാബ്ദത്തിനിടെ പാര്‍ട്ടിയുടെ ഉപനേതാവായി.
ഓരോ തെരഞ്ഞെടുപ്പിലും തെരേസയ്ക്ക് ഒരു കസേരയെന്ന നിലവന്നു. ക്യാപ്പിറ്റല്‍ ഇന്റര്‍നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മേ ആണ് ഭര്‍ത്താവ്. കുട്ടികളില്ല. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നു പിന്‍മാറിയെങ്കിലും പ്രധാനമന്ത്രി വാര്‍ത്തകളില്‍ നിറഞ്ഞ് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."