സാമൂഹ്യ പുരോഗതിക്കുള്ളിലെ 'പൊറാളികള്‍'
പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പറ്റാത്ത പ്രതികൂലസാഹചര്യത്തിലും വിദ്യാഭ്യാസം മുന്നോട്ടുതന്നെപോവുമെന്ന് തെളിയിച്ചു കൊണ്ട് കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമിട്ട അന്നുതന്നെ ഈ മുന്നേറ്റത്തിന്റെ മുമ്പില്‍ ഒരു ദലിത് വിദ്യാര്‍ഥിനിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു. വളാഞ്ചേരിയിലെ ദേവികക്ക് ഓണ്‍ലൈന്‍ ക്ലാസുകളോടല്ലായിരുന്നു വിയോജിപ്പ്. അതിന്റെ ഗുണഭോക്താവാകാന്‍ തനിക്കവസരമില്ലാതാവുമോ എന്ന ആശങ്കയില്‍ നിന്നുടലെടുത്ത ദുരന്ത ബോധമാണ് ആ കുട്ടിയെ ഇങ്ങനെയൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്. അതല്ലാതെ മറ്റൊരു നിഗമനത്തിന് തല്‍ക്കാലം സാഹചര്യങ്ങള്‍ സാധുത നല്‍കുന്നില്ല, ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ചും അതിന്റെ താല്‍ക്കാലിക സ്വഭാവത്തെ സംബന്ധിച്ചും സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും പൊതുജനങ്ങള്‍ക്കു നല്‍കിക്കൊണ്ടിരുന്ന വിവരങ്ങളൊന്നും ആ കുട്ടിയിലേക്കോ രക്ഷിതാക്കളിലേക്കോ എത്തിയിട്ടില്ല എന്നാണ് അനുമാനിക്കേണ്ടത്. അവരുടെ വീട്ടിലെ ടെലിവിഷന്‍ സെറ്റ് പ്രവര്‍ത്തനരഹിതമായിരുന്നു. അതു നന്നാക്കാന്‍ കൂലിപ്പണിക്കാരനായ പിതാവിന്റെ കൈയില്‍ പണമുണ്ടായിരുന്നില്ല, അവള്‍ക്കൊരു സ്മാര്‍ട്ട് ഫോണ്‍ വേണമായിരുന്നു, അതു വാങ്ങിക്കൊടുക്കാനും പണം കണ്ടെത്താനായില്ല- ദേവികയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന്റെ കാരണങ്ങളെ കുറിച്ച് അവരുടെ അച്ഛനും അമ്മയും പറഞ്ഞത് ഇങ്ങനെയൊക്കെയാണ്.
ദാരിദ്ര്യത്തിന്റെ മേല്‍ക്കൂരക്ക് കീഴില്‍ ജീവിക്കാത്തവര്‍ക്കൊന്നും ഇതത്ര പെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല, ദാരിദ്ര്യം ചിലപ്പോള്‍ അങ്ങനെയാണ്. മനുഷ്യരുടെ മണ്ടയില്‍ എപ്പോഴൊക്കെയാണ് ഇരുട്ടുപരത്തുന്നതെന്ന് മധ്യവര്‍ഗ്ഗികളുടെ ബുദ്ധികൊണ്ട് ഗണിച്ചു പറയാന്‍ സാധിച്ചു കൊള്ളണമെന്നില്ല, അതുകൊണ്ടാണ് ദേവികയുടെ ആത്മഹത്യയെ ചിലരിപ്പോഴും ഒരു 'പിടികിട്ടാപുള്ളി'യായി കാണുന്നത്; അതിനെ തള്ളിപ്പറയാന്‍ യാതൊരു മടിയും കാണിക്കാത്തത്. ദേവികയെ അവര്‍ കക്ഷി രാഷ്ട്രീയത്തിന്റെ ചതുരംഗ കളത്തില്‍ കാലാളിന്റെ കള്ളിയില്‍ നിര്‍ത്തിയേക്കാം. അവളുടെ വെന്തു കരിഞ്ഞ ശരീരമുന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് അപ്പോഴും ചതുരംഗ കളത്തിന് പുറത്ത് തന്നെയായിരിക്കും സ്ഥാനം, കേരളം കൈവരിച്ച സാമൂഹ്യ പുരോഗതിയിലെ 'പൊറാളി' കളുടെ പ്രശ്‌നമാണത്. സാമൂഹ്യ പുരോഗതിയുടെ ഗുണഭോക്ത മേഖലകളില്‍നിന്ന് പുറന്തള്ളപ്പെടുന്നവര്‍ നടത്തുന്ന നിശ്ശബ്ദമായ മുന്നേറ്റങ്ങളെയും അതിലെ ജയപരാജയങ്ങളെയും ഇത് പ്രതിനിധാനം ചെയ്യുന്നുണ്ട്.
ജനാധിപത്യ കേരളത്തിന്റെ മുഖമുദ്രയാണ് സാമൂഹ്യപുരോഗതി. കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലുമായി കേരളം കൈവരിച്ച സാമൂഹ്യപുരോഗതി ലോകശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയത് 1975 മുതലാണ്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനങ്ങളാണ് ഗണ്യമായ സാമ്പത്തിക വളര്‍ച്ചയുടെ അഭാവത്തിലും കേരളം ആരോഗ്യ, വിദ്യഭ്യാസ മേഖലകളില്‍ കൈവരിച്ച അതുല്യമായ നേട്ടങ്ങളെ ഒരു സവിശേഷ മാതൃകയെന്നതിലേക്ക് ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. 1957 ല്‍ കേരളത്തില്‍ തെരഞ്ഞടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ സമ്പദ് വികസന മോഡലിനേറ്റ പരാജയത്തിന് ഒരു രക്ഷാ കവചമെന്നോണം കേരളാ രാഷ്ട്രീയത്തിലും കേരളമാതൃക വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടം നല്‍കുകയുണ്ടായി. 75ന് ശേഷം നിരവധി അമേരിക്കന്‍ സമ്പദ് ശാസത്രജ്ഞരും യൂറോപ്യന്‍ വിദഗ്ധരും കേരളാ മാതൃകയെ പഠന വിധേയമാക്കുകയുണ്ടായി. ലോക പ്രശസ്തമായ ഈ മാതൃകയുടെ പരിമിതികളെ കുറിച്ചുള്ള അപഗ്രഥനങ്ങളും പഠനങ്ങളുമുണ്ടാവുന്നത് 1990 കള്‍ക്ക് ശേഷമാണ്. ജീന്‍ ഡ്രെസും അമര്‍ത്യസെന്നും എഡിറ്റ് ചെയ്ത ഇന്ത്യന്‍ വികസന പരിപ്രേക്ഷ്യത്തെ കുറിച്ചുള്ള താരതമ്യ പഠനമാണ്(Indian Development-1996) കേരളാ മോഡലിനെ വിമര്‍ശന വിധേയമാക്കുന്ന ആദ്യകാല പഠനങ്ങളിലൊന്ന്.
വി.കെ രാമചന്ദ്രന്റെ on kerala's development achievements എന്ന ശ്രദ്ധേയമായ പഠനം അതിലുള്‍പ്പെടുന്നതാണ്. 1999 ല്‍ ഡോ. കെ.കെ ജോര്‍ജിന്റെ ഘശാശെേ ീള സലൃമഹമ ാീറലഹ എന്ന പഠനവും കേരള മോഡലിന്റെ പരിമിതികളെ ചൂണ്ടിക്കാട്ടുകയുണ്ടായി. അതിന് ശേഷം നിരവധി പഠനങ്ങളും ഗവേഷണ പ്രബന്ധങ്ങളും ഈ വിഷയത്തില്‍ പുറത്തുവന്നിട്ടുണ്ട്. കേരള മോഡലിനെ ഉള്‍ക്കൊള്ളുന്നവരും തള്ളുന്നവരും, പ്രശംസിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന രണ്ട് തട്ടിലായിട്ടാണ് ഇപ്പോഴും കേരള മാതൃക ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നിരുന്നാലും സാമൂഹ്യ പുരോഗതിയില്‍ കേരളം കൈവരിച്ച അഭൂതപൂര്‍വമായ നേട്ടങ്ങളെ ആരും നിരാകരിക്കുന്നില്ല. ഈ നേട്ടങ്ങള്‍ ജനാധിപത്യ കേരളത്തിന്റെ മാത്രം സംഭാവനയാണോ, സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടാതെ ഈ നേട്ടങ്ങളെ നിലനിര്‍ത്തിക്കൊണ്ട് പോകാനാവുമോ എന്ന കാര്യത്തിലാണ് പ്രധാനതര്‍ക്കം. വാസ്തവത്തില്‍ ഇങ്ങനെയൊരു തര്‍ക്കത്തിന് തുടക്കമിട്ടത് ജനാധിപത്യ കേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭയെ നയിക്കുകയും കേരള വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇ.എം.എസ് തന്നെയാണ് എന്നത് അതിലേറെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
1994ല്‍ എ.കെ.ജി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഒന്നാം കേരള പഠന കോണ്‍ഗ്രസിന്റെ അധ്യക്ഷ പ്രസംഗത്തിലാണ്, കേരള മോഡല്‍ വികസനത്തെ ലോകം മുഴുവന്‍ പ്രശംസിക്കുമ്പോഴും നമ്മള്‍ അതില്‍ വീഴരുതെന്നും നമ്മള്‍ കടുത്തസാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണെന്നും അതില്‍നിന്നും കരകയറാതെ ഇതൊക്കെയും നിലനിര്‍ത്തിപ്പോരാനാവില്ലെന്നുമായിരുന്നു ഇ.എം.എസിന്റെ താക്കീത്. ഗള്‍ഫ് പണം സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലികമായ അയവുവരുത്തിയെങ്കിലും കെ.കെ ജോര്‍ജ്ജ് ചൂണ്ടിക്കാണിക്കുന്നത് പോലെ കേരള ഭരണത്തിന് യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു അസ്ഥിര വിഭവസ്രോതസ്സ് മാത്രമാണത്. റവന്യു വരുമാന സ്രോതസ്സുകള്‍ താരതമ്യേന ദുര്‍ബലമായിരുന്നുവെങ്കിലും സാമൂഹ്യപുരോഗതിയെ നിലനിര്‍ത്തിപ്പോരാനാവശ്യമായ വിഭവസ്രോതസ്സുകളിലൊന്നായിരുന്നു ഗള്‍ഫ് റമിറ്റന്‍സ്. അത് നിലക്കുകയും മറ്റു വിഭവസ്രോതസ്സുകള്‍ മന്ദീഭവിക്കുകയും ചെയ്താല്‍ ഇ.എം.എസ് താക്കീത് ചെയ്തിടത്ത് തന്നെയാണ് നമ്മളിപ്പോഴും നില്‍ക്കുന്നത്. ഇതൊക്കെ യാഥാര്‍ഥ്യമാണെങ്കിലും കേരളത്തിന്റെ സാമൂഹ്യ പുരോഗതിയുടെ നിലനില്‍പ്പിനെയും വളര്‍ച്ചയെയും സംബന്ധിച്ച ചര്‍ച്ചകളിലൊന്നും ഈ പുരോഗതിയില്‍ അന്തര്‍ഭവിച്ച വിഭവ വിതരണത്തിന്റെ പ്രശ്‌നങ്ങളും അതിലെ വിതരണ നീതിയും വേണ്ടത്ര വിശകലനം ചെയ്യുകയുണ്ടായിട്ടില്ലായെന്നതാണ് വസ്തുത.
കേളത്തിന്റെ വികസന നേട്ടങ്ങളെ കുറിച്ചുള്ള വി.കെ രാമചന്ദ്രന്റെ പഠനത്തില്‍ സൂചിപ്പിക്കുന്നത് പോലെ 'ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ പൊതുസൗകര്യങ്ങള്‍ മറ്റെവിടെത്തെക്കാളും ഫലപ്രദമായി കേരളത്തില്‍ നടപ്പില്‍വരുത്തിയിരുന്നു. സ്ത്രീ, പുരുഷ ഭേദമോ സാമൂഹ്യ വിഭാഗങ്ങള്‍ തമ്മിലുള്ള ഭേദമോ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള ഭേദമോ അതിനുണ്ടായിരുന്നില്ല. പാരമ്പര്യമായി നിലനിന്നിരുന്ന അസമത്വങ്ങള്‍ തീര്‍ത്തും ഇല്ലായ്മ ചെയ്‌തെന്നതിനര്‍ഥമില്ല. പട്ടിക ജാതി, പട്ടിക വിഭാഗക്കാര്‍ക്കും സമൂഹത്തിലെ മറ്റുള്ളവര്‍ക്കുമിടയില്‍ പാരമ്പര്യമായി നിലനില്‍ക്കുന്ന പ്രധാന അന്തരവും അതേപോലെ നിലനില്‍ക്കുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജന്മി നാടുവാഴി കേരളത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജാതികളും അവികസിത പ്രദേശങ്ങളും കേരളമാതൃകയിലും അതനുഭവിക്കേണ്ടി വരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
2006ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പഠനം (കേരളം എങ്ങനെ ചിന്തിക്കുന്നു, ജീവിക്കുന്നു) കേരള വികസനത്തിന്റെ അസമാനതകളിലേക്ക് വീണ്ടും വിരല്‍ചൂണ്ടുകയുണ്ടായി. കേരളത്തിന്റെ ദരിദ്രാവസ്ഥയും പിന്നാക്കാവസ്ഥയും മലബാറിലും ദലിതരിലും മുസ്‌ലിംകളിലും ഇപ്പോഴും അതിരൂക്ഷമാണെന്നായിരുന്നു ആ റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍. കേരളം അതിവേഗത്തില്‍ മുന്നോട്ടുപോവുമ്പോഴും ദലിതരും പിന്നാക്കവിഭാഗങ്ങളും മലബാറും ഇളക്കമില്ലാത്ത കല്ലുകളെ പോലെയങ്ങനെ ഉറച്ചുനില്‍ക്കുന്നുവെന്നല്ല, സാമൂഹ്യ പുരോഗതിയിലെ അസമാനതകളുടെയും സാമ്പത്തിക അസമത്വങ്ങളുടെയും പഴയ മാതൃക ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ലക്ഷ്യം. വിദ്യാഭ്യാസ പുരോഗതിയുടെ ഗുണഭോക്താക്കളെ ഭൂ ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്ന ഡോ. പി.കെ മൈക്കല്‍ തരകന്റെ ഒരു പഠനം(When the Kerala Model of Development is Historicised: A Chronological Perspective) വര്‍ത്തമാനകാല ദലിതവസ്ഥയെ കുറിച്ച് മനസ്സിലാക്കാന്‍ ഏറെ ഉപകാരപ്പെടുന്നതാണ്. ഭൂപരിഷ്‌കരണത്തിന്റെ ഗുണഫലങ്ങളെ വിദ്യാഭ്യാസ പുരോഗതിയുടെ ഏണിപ്പടികള്‍ ചവിട്ടിക്കയറാന്‍ പ്രാപ്തരാക്കിയത് ഭൂവടമസ്ഥതയുള്ളവരെമാത്രമാണ്, അവരില്‍ സമൂഹത്തിന്റെ ഏറ്റവും താഴേ തട്ടിലുള്ള ദലിതര്‍ ഉള്‍പ്പെട്ടിരുന്നില്ല, ജന്മിത്തം അവസാനിച്ചെങ്കിലും 'കോരന് കുമ്പളില്‍ തന്നെയായിരുന്നു കഞ്ഞി'. മൈക്കല്‍ തരകന്റെ അഭിപ്രായത്തില്‍ അന്തിമവിശകലനത്തില്‍ കേരളത്തിന്റെ വികസനാനുഭവങ്ങള്‍ പൊതുപ്രവര്‍ത്തനത്തിന്റെ(Public Action) ഭൗതികാടിത്തറയെ ദുര്‍ബലമാക്കുകയാണുണ്ടയത്. ഭൂമിയില്ലാത്ത അവസ്ഥ, സമീപ ഭാവിയില്‍ തന്നെ കേരളത്തിലെ ദരിദ്ര ജനവിഭാഗങ്ങളെ വലിയ തോതിലുള്ള വരുമാനമില്ലായ്മയിലെത്തിക്കുമെന്നും അത് സാമ്പത്തിക പ്രശ്‌നം മാത്രമല്ല, വലിയ രീതിയിലുള്ള സാമൂഹ്യ അന്തരത്തിന് തന്നെ വഴിവെക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
കേരളത്തിലെ അടിസ്ഥാന വര്‍ഗങ്ങളുടെയും മറ്റ് ജാതികളുടെയും രാഷ്ട്രീയ സമ്മര്‍ദ ശേഷി ദുര്‍ബലമായിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്ത യാഥാര്‍ഥ്യമാണ്. സാമ്പത്തിക ദാരിദ്ര്യം മാത്രമല്ല, സാമൂഹ്യ ദാരിദ്ര്യവും അവരെ ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. 'പബ്ലിക് ആക്ഷന്‍' ഇപ്പോള്‍ മധ്യവര്‍ഗത്തിന് സ്വന്തമാണ്. ജന്മിത്തമില്ലാതായപ്പോള്‍ ദലിതര്‍ക്ക് ഭൂവുടമസ്ഥത ലഭിച്ചില്ലെങ്കിലും ജന്മിത്തത്തിനെതിരായ സമരത്തിലൂടെ അവര്‍ ആര്‍ജിച്ചെടുത്ത രാഷ്ട്രീയ മൂലധനം അന്യംനിന്നിട്ടില്ല. മനുഷ്യാന്തസും അവകാശങ്ങളും പുരോഗതിയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അവകാശപ്പെട്ടതാണ് എന്ന അവബോധം തന്നെയാണ് ഈ മൂലധനം. കേരളം കൈവരിച്ച സാമൂഹ്യ പുരോഗതിയില്‍ ദലിതര്‍ക്ക് അര്‍ഹമായ പങ്കില്ലെന്ന് തിരിച്ചറിയുന്നതോടെ ആ പങ്കാളിത്വം കരസ്ഥമാക്കാന്‍ അവര്‍ സ്വയം സ്വീകരിച്ച ചില ഉപായങ്ങളുണ്ട്. സ്വന്തമായി ഒരു അരിവാളും ആരോഗ്യമുള്ള ശരീരവുമാണ് തങ്ങളുടെ ജീവനോപാധിയെന്ന ജന്മി നാടുവാഴിത്ത ബോധപരിസരത്തില്‍നിന്നും അവര്‍ മുന്നോട്ടു നടന്നിരിക്കുന്നു. അതിജീവനത്തിന്റെ ഏറ്റവും ശക്തമായ പണിയായുധം വിദ്യാഭ്യാസമാണെന്നും അത് ഓണ്‍ലൈനായാലും ഓഫ്‌ലൈനായാലും ഏത് വിധേനയും കരസ്ഥമാക്കിയേ തീരൂ എന്നുമുള്ള നിശ്ചയദാര്‍ഢ്യത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
ദേവികയുടെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇനിയും നഷ്ടങ്ങള്‍ സഹിക്കാനാവില്ല എന്ന ഉറച്ചബോധ്യം ഇന്ന് ദലിതരുടെ വിദ്യാഭ്യാസ ചിന്തയായി മാറിയിട്ടുണ്ട്. അത് മനസ്സിലാക്കണമെങ്കില്‍ കൊഴിഞ്ഞ പോവുന്ന ദലിത്, ആദിവാസി വിദ്യാര്‍ഥികളുടെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ പോര. കൊഴിഞ്ഞുപോക്കിന്റെ സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളെ പഴയപടി തന്നെ നമ്മള്‍ സംരക്ഷിച്ചു പോരുന്നുണ്ട് എന്ന് കാണാതിരിക്കാനാവില്ല. അതേസമയം കൊഴിഞ്ഞുപോവാത്ത കുട്ടികളുടെ കണക്കും പരിശോധിച്ചു നോക്കേണ്ടതുണ്ട്. 2015- 16 ല്‍ ഹയര്‍ സെക്കന്‍ഡറി പാസായ കുട്ടികള്‍ 73.18 ശതമാനമായിരുന്നുവെങ്കില്‍, 2016- 17 ല്‍ അത് 70.91 ശതമാനമായി കുറഞ്ഞു. എന്നാല്‍ എസ്.സി, എസ്.ടി വിഭാഗക്കാരായ കുട്ടികളുടെ വിജയശതമാനം ഇതേകാലയളവില്‍ യഥാക്രമം 57.7 ല്‍ നിന്നും 59.42 ലേക്കും 58.12ല്‍ നിന്നും 58.13 ലേക്കും വര്‍ധിക്കുകയാണുണ്ടായത്. അപ്പോഴും പരീക്ഷ എഴുതിയ പകുതി പേര്‍ക്ക് മാത്രമാണ് ജയിക്കാന്‍ സാധിച്ചത് എന്നതിനെക്കാള്‍ പ്രധാനം പകുതി പേര്‍ ജയിച്ചുവെന്നത് തന്നെയാണ്.
സ്‌കൂളുകളിലും കോളജുകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും എസ്.സി, എസ്.ടി വിഭാഗങ്ങളുടെ അംഗസംഖ്യയെ ജെന്‍ഡര്‍ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണുള്ളത്. ഇത് പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ പഠന കാര്യത്തില്‍ മിടുക്ക് കൂടുതലുള്ളതുകൊണ്ടാണെന്ന് മാത്രം കരുതാനാവില്ല, ആണിന് പെണ്ണിനേക്കാള്‍ കൂലി കൂടുതല്‍ കിട്ടുന്ന തൊഴില്‍ സാഹചര്യം കൊണ്ടുമാവും. കൂടാതെ, ഏറ്റവും പാവപ്പെട്ടവര്‍ക്കിടയില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ആണ്‍കുട്ടികള്‍ പഠിത്തം നിര്‍ത്തി കൂലിപ്പണിക്കോ മറ്റു തൊഴിലുകള്‍ക്കോ പോവുന്ന പ്രവണതയുണ്ട്. നാലു മക്കളുണ്ടെങ്കില്‍ രണ്ടു പേരെ ഇങ്ങനെ പഠിപ്പിക്കും. രണ്ടുപേരുണ്ടെങ്കില്‍ ഒരാള്‍ ജോലിയെടുത്ത് മറ്റേയാളെ പഠിപ്പിക്കും. തിരു - കൊച്ചി ഭരണം മുതല്‍ സംവരണത്തിന്റെ ആനുകൂല്യത്തില്‍ പഠിച്ച് ജോലി നേടിയ ദലിതരുടെ കാര്യത്തിലും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടാവാം. ഇങ്ങനെയയൊക്കെ ദലിത്, ആദിവാസി വിഭാഗങ്ങളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കഷ്ടപ്പെട്ട് പഠിച്ചു മുന്നോട്ടുപോയാലും ഡിജിറ്റല്‍ തൊഴില്‍ രംഗത്തും വലിയ ശമ്പളം കിട്ടുന്ന ഉദ്യോഗങ്ങളിലും ഈ വിഭാഗങ്ങളുടെ പ്രവേശനത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരു സവര്‍ണ ലോബി എപ്പോഴും ജാഗ്രത പുലര്‍ത്തുന്നു എന്നാണ് പല പഠനങ്ങളും വെളിപ്പെടുത്തുന്നത്. ഇതിനെക്കുറിച്ച് പണ്ട് കേരള പഠന കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളൊന്നും വായിക്കാത്തവരല്ലല്ലോ നാടു ഭരിക്കുന്നത്. അതുകൊണ്ട് കേരളം ആരു ഭരിച്ചാലും അതിജീവനത്തിനായി ജീവന്‍ കൊടുത്തും പൊരുതേണ്ടിവരുന്ന ഈ ജന വിഭാഗങ്ങളെ കുറിച്ച് പ്രത്യേക ശ്രദ്ധ വേണം. സര്‍വ ശിക്ഷാ അഭിയാനുണ്ട്, സ്‌കോളര്‍ഷിപ്പുണ്ട് എന്ന മുട്ട് ന്യായങ്ങളൊന്നും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."