വേനല്‍ ചൂടില്‍ പശുക്കള്‍ ചത്തൊടുങ്ങുന്നു; ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍
പൂച്ചാക്കല്‍:വേനല്‍ ചൂട് കനത്തതോടെ ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍. രണ്ടു ദിവസത്തിനിടെ പശുവും കിടാവും സൂര്യാതപത്തെ തുടര്‍ന്നു ചത്തു.
അരൂക്കുറ്റി,പാണാവള്ളി,പള്ളിപ്പുറം തുടങ്ങി ഇടങ്ങളിലെ പശുക്കളാണ് ചത്തത്.സംഭവം മുഴുവന്‍ ക്ഷീര കര്‍ഷകരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ കര്‍ഷകര്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.എരുമ, പശു തുടങ്ങിയവയ്ക്കു വിയര്‍പ്പ് ഗ്രന്ഥികള്‍ കുറവായതിനാല്‍ ചൂട് വിയര്‍ത്തുപോകില്ല. അമിതമായ ചൂട് സഹിക്കാനും സാധിക്കുകയില്ല. ചൂടിനു പുറമെ സൂര്യന്റെ വികിരണങ്ങളും ഏല്‍ക്കുന്നുണ്ടെന്നു വെറ്ററിനറി ഡോക്റ്റര്‍മാര്‍ പറയുന്നു. അണയ്ക്കല്‍, വായില്‍ നിന്നും നുരയും പതയും വരല്‍, കണ്ണുകള്‍ പിന്നോട്ടു താഴ്ന്നുപോകുക തുടങ്ങിയവയാണു സൂര്യാതപത്തിന്റെ ലക്ഷണങ്ങള്‍. ഇത്രയും ആയാല്‍ പൊടുന്നനെ തളര്‍ന്നു വീഴുകയും ചാവുകയും ചെയ്യാം.
ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ഡോക്ടര്‍ പറയുന്നു. ഒരു പശുവില്‍ നിന്നും ഒന്നര ലീറ്റര്‍ പാലുവരെ കുറയുന്നുണ്ടെന്നു കര്‍ഷകര്‍ പറയുന്നു. പകല്‍സമയം തീറ്റ എടുത്തില്ലെങ്കില്‍ തണുത്ത വെള്ളം നല്‍കാമെന്നും ചൂടുകുറഞ്ഞ സമയങ്ങളില്‍ തീറ്റ നല്‍കണം എന്നുമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരമാവധി പച്ചപ്പുല്ല് നല്‍കണമെന്നും തൊഴുത്തിനു സമീപത്തായി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നും തൊഴുത്തിനു ചുറ്റുമുള്ള പ്രദേശം കോണ്‍ക്രീറ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."