അനുപ്പുര്‍ പാലം ആദ്യ പരിഗണന: രമ്യാ ഹരിദാസ്
ചിറ്റൂര്‍: വിജയിച്ചാല്‍ ആദ്യം ചെയ്യുന്നത് വടകരപ്പതി-എരുത്തേന്‍പതി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അനുപ്പുര്‍ പാലം നിര്‍മാണമായിരിക്കുമെന്ന് യു.ഡി.എഫ് ആലത്തൂര്‍ ലോക്‌സഭ സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം വോട്ടര്‍മാരെ കാണാന്‍ എത്തിയപ്പോള്‍ പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാര്‍ നിവേദനം നല്‍കാന്‍ മുന്നോട്ടുവന്നു. താന്‍ ഇപ്പോള്‍ സ്ഥാനാര്‍ഥി മാത്രമാണെന്നും ജനങ്ങള്‍ വോട്ടു തന്ന് വിജയിപ്പിച്ചാലേ എം.പി ആകുവെന്ന് രമ്യ വീട്ടമ്മമാരോട് പറഞ്ഞു.
എന്നാല്‍ നിശ്ചയമായും ജയിക്കുമെന്നും ആ ഉറപ്പുള്ളതിനാല്‍ നിവേദനം സ്വീകരിക്കണമെന്നും ജയിച്ച ശേഷം തങ്ങളെ പരിഗണിക്കണമെന്നും സ്ത്രീ-പുരുഷ ഭേദമന്യ കൂടിയ എല്ലാവരും പറഞ്ഞു. നേതാക്കളായ സുമേഷ് അച്യുതന്‍, കെ.സി പ്രീത്, തണി കാചലം, എം. അരുണ്‍ പ്രസാദ്, രതീഷ് തുടങ്ങിയവരുടെ താല്‍പ്പര്യവും കൂടി പരിഗണിച്ച് ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍നിന്നും ആദ്യത്തെ നിവേദനം താന്‍ സ്വീകരിച്ചതായി സ്ഥാനാര്‍ഥി പറഞ്ഞു. പിന്നീട് കൊല്ലങ്കോട് നടന്ന യു.ഡി.എഫ് കണ്‍വന്‍ഷനില്‍ വച്ചാണ് രമ്യ തന്റെ ആദ്യ പരിഗണന അനുപ്പുര്‍ പാലമായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. വന്‍ ഹര്‍ഷാരവത്തോടെയാണ് പ്രവര്‍ത്തകര്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്.
കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാത്തതിനാല്‍ വേലാന്താവളത്തു നിന്നും നടുപ്പുണിയിലേക്ക് 20 കിലോമീറ്ററോളം ദൂരം അധികം സഞ്ചരിക്കുകയോ അപകടം വകവെക്കാതെ പുഴയിലേക്കിറങ്ങി പോകുകയോ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."