അണ്ണാ ഡി.എം.കെയില്‍ വീണ്ടും പൊട്ടിത്തെറി: നേതാക്കളും മന്ത്രിമാരും ഒ.പി.എസ് പക്ഷത്തേക്ക് ചുവടുമാറ്റുന്നു; ശശികല രാജിവച്ചേക്കും
ചെന്നൈ: അണ്ണാ ഡി.എം.കെയില്‍ വീണ്ടും പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു. ശശികല പക്ഷത്തെ ഒരു വിഭാഗം അണ്ണാ ഡി.എം.കെ(പുരട്ചി തലൈവി അമ്മ) പക്ഷം നേതാവ് ഒ. പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നു മുന്നോട്ടുപോകാന്‍ നീക്കം നടത്തുന്നതായാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി ഊര്‍ജമന്ത്രി തങ്കമണിയുടെ ചെന്നൈയിലെ വസതിയില്‍ 26 മന്ത്രിമാര്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ നിരവധി എം.എല്‍.എമാരും പങ്കെടുത്തു. ഇതേസമയത്തുതന്നെ ഒരുകൂട്ടം മന്ത്രിമാര്‍ മന്ത്രി യു. രാധാകൃഷ്ണന്റെ വസതിയിലും യോഗം ചേര്‍ന്നിരുന്നു.
മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമായ സെങ്കോട്ടയ്യന്‍, ജയകുമാര്‍, വിജയ ഭാസ്‌കര്‍, വേലുമണി എന്നിവരാണ് തങ്കമണിയുടെ വസതിയില്‍ യോഗം ചേര്‍ന്ന പ്രമുഖര്‍. പുതിയ നേതൃത്വത്തെക്കുറിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ ശശികല സ്ഥാനമൊഴിയുമെന്നും സൂചനയുണ്ട്.
ശശികലയുടെ അനന്തിരവനും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി ദിനകരനെതിരേ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അടക്കമുള്ളവരാണ് തിരിഞ്ഞിരിക്കുന്നത്. പാര്‍ട്ടി ചിഹ്നത്തിനായി തെര. ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയ പേരില്‍ ദിനകരനെതിരേ കേസെടുത്തതോടെയാണ് പുതിയ നീക്കങ്ങള്‍ ശക്തമായത്. നേരത്തെ, എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരോട് ചെന്നൈയിലെത്താന്‍ പളനിസാമി ആവശ്യപ്പെട്ടിരുന്നു.
അണ്ണാ ഡി.എം.കെ ചിഹ്നത്തിനുവേണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച ടി.ടി.വി ദിനകരനെതിരേ ഡല്‍ഹി പൊലിസ് കേസെടുത്തിരുന്നു. അഴിമതിക്കും ഗൂഢാലോചനയ്ക്കുമാണ് ആര്‍.കെ നഗറിലെ എ.ഐ.എ.ഡി.എം.കെ (അമ്മ) സ്ഥാനാര്‍ഥി കൂടിയായ ദിനകരനെതിരേയുള്ള കേസ്. ഒരുകോടി രൂപയുമായി ഡല്‍ഹിയില്‍ ചന്ദ്രശേഖറെന്ന ദിനകരന്റെ അനുയായി പിടിയിലായതോടെയാണ് കോഴ കൊടുക്കാനുള്ള നീക്കം പൊലിസ് തിരിച്ചറിഞ്ഞത്.
ദിനകരനെതിരേ എ.ഐ.എ.ഡി.എം.കെ(അമ്മ)യിലെ ഒരുവിഭാഗം മുതിര്‍ന്ന നേതാക്കള്‍ നേരത്തെയും രംഗത്തുവന്നിരുന്നു. പാര്‍ട്ടി ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് ദിനകരനെ പുറത്താക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍ അടക്കമുള്ളവര്‍ അകപ്പെട്ടത് പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടാനിടയാക്കിയെന്ന ചിന്തയിലാണ് വലിയൊരു വിഭാഗം നേതാക്കളും.
ഇതേതുടര്‍ന്ന് പളനിസാമി മന്ത്രിസഭയിലെ പല മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും പനീര്‍ശെല്‍വവുമായി ബന്ധപ്പെട്ടുകഴിഞ്ഞതായാണു വിവരം.
അതിനിടെ, ജൂണില്‍ എം.ജി.ആറിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഘോഷത്തിന് അണ്ണാ ഡി.എം.കെ( പുരട്ചി തലൈവി അമ്മ) ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഈ പരിപാടിയോടെ അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗവും യോജിക്കുമെന്ന വാര്‍ത്തയുണ്ടെങ്കിലും ഇക്കാര്യം പനീര്‍ശെല്‍വം തള്ളിക്കളഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."