വരുണ്‍ ഗാന്ധി എങ്ങും പോവുന്നില്ല; ബി.ജെ.പിയുടെ പത്താം പട്ടികയില്‍ വരുണിന്റെ പേരും
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പത്താമത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ അപ്രതീക്ഷിതമായി വരുണ്‍ഗാന്ധിയും. അമ്മയും കേന്ദ്രമന്ത്രിയുമായ മനേകാഗാന്ധിയുടെ സിറ്റിങ് സീറ്റായ പിലിഭിത്തില്‍ നിന്നാവും വരുണ്‍ ജനവിധി തേടുക. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തുവന്ന ഗാന്ധി- നെഹ്റു കുടുംബത്തിലെ ഇളംതലമുറയില്‍പ്പെട്ട വരുണ്‍ കഴിഞ്ഞ രണ്ടുമൂന്നുവര്‍ഷമായി ബി.ജെ.പിയില്‍ അവഗണിക്കപ്പെട്ടുവരികയായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹം കോണ്‍ഗ്രസ്സിലേക്കു മടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അമ്മയുടെ സീറ്റ് തന്നെ വരുണിന് ബി.ജെ.പി നല്‍കിയിരിക്കുന്നത്. വരുണിന്റെ മണ്ഡലമായ സുല്‍ത്താന്‍പൂരില്‍ മനേകയും മല്‍സരിക്കും.
പത്താമത്തെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ 29ഉം പശ്ചിമബംഗാളിലെ 10ഉം സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീമനോഹര്‍ ജോഷിക്കു പകരം കാണ്‍പൂരില്‍ സംസ്ഥാനമന്ത്രി സത്യദേവ് പച്ചൗരിയെ നിര്‍ത്തിയതാണ് പട്ടികയിലെ ശ്രദ്ധേയ നീക്കങ്ങളിലൊന്ന്. അലഹാബാദില്‍ റിതാ ബഹുഗുണാ ജോഷിയും ഫൈസാബാദില്‍ ലല്ലു സിങ്ങും മല്‍സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."