വരള്‍ച്ച: തദ്ദേശസ്ഥാപനങ്ങള്‍ ജലാശയങ്ങളുടെ ലിസ്റ്റ് സമര്‍പ്പിക്കണം
കല്‍പ്പറ്റ: ഓരോ പ്രദേശത്തേയും ജലലഭ്യത വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
വേനല്‍ചൂടില്‍ താപനില ക്രമാതീതമായി ഉയര്‍ന്ന് കുടിവെള്ള സ്രോതസുകളിലെ ജലവിതാനം ആശങ്കാജനകമായി താഴുന്ന സാഹചര്യത്തിലാണ് നടപടി. വരള്‍ച്ച പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ പാറമടകളില്‍ ശേഖരിക്കപ്പെട്ട വെള്ളവും ഉപയോഗപ്പെടുത്തും. ഇതിനായി ജില്ലയിലെ മുഴുവന്‍ പാറമടകളുടെയും ലിസ്റ്റ് തയാറാക്കാന്‍ ജിയോളജി വകുപ്പിനോടാവശ്യപ്പെടും. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ വെള്ളത്തിന്റെ ഗുണനിലവാരവും പരിശോധിച്ച് കുടിവെള്ള യോഗ്യമാണോ എന്ന് ഉറപ്പ് വരുത്തും. ജല സംരക്ഷണവും വിനിയോഗവും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ വാര്‍ഡ് തലത്തില്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. പുല്‍പ്പള്ളി,പൂതാടി പഞ്ചായത്തുകളില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നതിന്റെ കാരണം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണനിലയത്തിനെയും ജില്ലാ മണ്ണ് സംരക്ഷണ വിഭാഗത്തിനെയും ചുമതലപ്പെടുത്തി.
ജില്ലയിലെ ജലസ്രോതസുകളുടെ ദുരുപയോഗം തടയുമെന്നും ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ യോഗത്തില്‍ പറഞ്ഞു. ജില്ലയില്‍ ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. കുടിവെള്ള സ്രോതസുകളില്‍ നിന്ന് മറ്റാവശ്യങ്ങള്‍ക്ക് വെള്ളമുപയോഗിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുഴല്‍കിണറുകളുടെ നിര്‍മാണവും അനുവദിക്കില്ല. പൊതു ആവശ്യങ്ങള്‍ക്ക് കുഴല്‍ കിണര്‍ കുഴിക്കുന്നതിനും ജില്ലാ ഭരണകൂടത്തിന്റെ അനുമതി വേണം. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ച് കുടിവെള്ളം നല്‍കുന്നതിനുളള സൗകര്യവുമൊരുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വരള്‍ച്ച നേരിടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ഓരോ താലൂക്കിലും ചുമതല നല്‍കും. ഭൂഗര്‍ഭ ജലവിനിയോഗം കൃഷിക്കായി ഉപയോഗിക്കുന്നത് കുറക്കാന്‍ കൃഷി വകുപ്പ് കര്‍ഷകരെ ബോധവല്‍ക്കരിക്കണം. കുടിവെളളത്തിന് ജലസേചനത്തേക്കാള്‍ മുന്‍ഗണന നല്‍കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മഴവെളള സംഭരണികള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണം. ശുദ്ധ ജലവിതരണത്തിന് കിയോസ്‌ക്കുകള്‍ ലഭ്യമല്ലാതിടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കണം. ജല അതോറിറ്റിയുടെ അംഗീകൃത സ്രോതസുകളില്‍ നിന്നാണ് വെളളം ശേഖരിക്കേണ്ടത്. ജല വിതരണത്തിനായി ഉപയോഗിക്കുന്ന ജലസ്രോതസുകളില്‍ മലനീകരണം ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഡെപ്യൂട്ടി കലക്ടര്‍ ടി. ജനില്‍കുമാര്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."