റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ സഹായഹസ്തവുമായി കുടുംബശ്രീ
സ്വന്തം ലേഖകന്‍
കോഴിക്കോട്: ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി കോഴിക്കോട്ടെ കോര്‍പറേഷന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍. ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ക്യാംപുകളിലാണ് അഭയാര്‍ഥികളുടെ അവസ്ഥാ പഠനത്തിനും ശേഖരിച്ച പുതുവസ്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും കൈമാറാനും 13 അംഗ സംഘം ക്യാംപിലെത്തിയത്.
കാളിന്ദികൊഞ്ച് ക്യാംപില്‍ 54, ഹരിയാനയിലെ ഫരീദബാദില്‍ ബുനേടനഗാവില്‍ 38, മജൂഡി കാവില്‍ 42, മിര്‍സാപ്പൂരില്‍ 17 കുടുംബങ്ങളാണുള്ളത്. ഇവരുടെ നിലവിലെ അവസ്ഥകള്‍ അഞ്ചുദിവസത്തെ സന്ദര്‍ശത്തിലൂടെ സംഘം നേരിട്ടു മനസിലാക്കി.
മാലിന്യക്കൂമ്പാരങ്ങള്‍ക്ക് നടുവിലുള്ള മിക്ക ക്യാംപുകളിലും ആരോഗ്യ സുരക്ഷിതത്വം ഇല്ലാത്ത സാഹചര്യമാണുള്ളതെന്ന് സംഘം നിരീക്ഷിച്ചു. അടിസ്ഥാന സൗകര്യവും ശോചനീയമാണ്. ഇതു പരിഹരിക്കുന്നതിനു ക്യാംപുകളിലേക്ക് ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാനും മെഡിക്കല്‍ ക്യാംപുകള്‍ സമയബന്ധിതമായി സംഘടിപ്പിക്കാനും കുടുംബശ്രീ മുന്‍കൈയെടുക്കും.
കുട്ടികള്‍ക്കു മാത്രമായി പുതുവസ്ത്രങ്ങള്‍ നല്‍കാനും ജില്ലയിലെ മറ്റു സൊസൈറ്റികളെ സംഘടിപ്പിച്ച് ബാത്ത് റൂം നിര്‍മിച്ചു നല്‍കാനും മുന്നിട്ടിറങ്ങും. കുടുംബങ്ങളിലെ വനിതകള്‍ക്ക് ആവശ്യമെങ്കില്‍ സ്‌കില്‍ ട്രെയിനിങ് നല്‍കി അവരുടെ ഉല്‍പന്നങ്ങള്‍ക്കു വിപണി സാധ്യമാക്കാനുമുള്ള പദ്ധതിയും കുടുംബശ്രീ ആവിഷ്‌കരിക്കും.
കൂടാതെ കേരള ഹൗസില്‍ അഭയാര്‍ഥികള്‍ക്കൊപ്പം മുഖാമുഖം നടത്തുകയും ക്യാംപുകളില്‍ നല്‍കുന്ന വിവിധ സഹായ പദ്ധതികളുടെ രേഖ അഭയാര്‍ഥി ക്യാംപില്‍ പ്രവര്‍ത്തിക്കുന്ന ഉബൈസ് സൈനുല്‍ ആബിദീന്‍ പീസ് ഫൗണ്ടേഷനു കൈമാറുകയും ചെയ്ത ശേഷമാണ് സംഘം കേരളത്തിലേക്കു മടങ്ങിയത്.
യു.എസ്.പി.എഫ് ചെയര്‍മാന്‍ ഉബൈസ് സൈനുല്‍ ആബിദീന്റെ നേതൃത്വത്തിലാണു 13 അംഗസംഘം ക്യാംപുകളിലെത്തിയത്. കുടുംബശ്രീ പ്രൊജക്ട് ഓഫിസര്‍ എം.വി റംസി ഇസ്മായില്‍, കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാരായ എന്‍. ജയശീല ,ഒ. രജിത, ടി.കെ ഗീത, കുടുംബശ്രീയുടെ ഗവേഷണ സ്ഥാപനമായ ഏക് സാത്ത് പ്രതിനിധികള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
നിയുക്ത രാജ്യസഭാഗം ബിനോയ് വിശ്വം, ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്, സുപ്രിം കോടതി അഭിഭാഷകന്‍ പി.വി ദിനേഷ്, ഹൈക്കോടതി അഭിഭാഷകന്‍ അസ്‌ലംഖാന്‍ എന്നിവരും സംഘത്തിന്റെ ദിനേനയുള്ള കാര്യങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."