ബജറ്റില്‍ 10 കോടി വകയിരുത്തി; മലമ്പുഴ റിങ് റോഡെന്ന സ്വപ്നം പൂവണിയുന്നു
മലമ്പുഴ: രണ്ടരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ മലമ്പുഴ നിവാസികളുടെ റിങ് റോഡെന്ന സ്വപ്നം പൂവണിയുന്നു. റിങ് റോഡിന്റെ പൂര്‍ത്തീകരണത്തിനു സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി. വീണ്ടും ജയിച്ചു നിയമസഭയിലെത്തിയാല്‍ റിങ് റോഡ് പൂര്‍ത്തിയാക്കുമെന്നു തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മുന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വാഗ്ദാനം ചെയ്തിരുന്നു.
രണ്ടുകിലോമീറ്റര്‍ റോഡും കൊല്ലങ്കുന്ന് പാലവുമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. റോഡിനായി സ്ഥലം വിട്ടുനല്‍കുന്നതു സംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതു പരിഹരിച്ചു റിങ് റോഡ് പൂര്‍ത്തിയാക്കുമെന്നു വി.എസ് അറിയിച്ചിരുന്നു. മഴക്കാലമായതിനാല്‍ ഡാമില്‍ വെള്ളം കയറുന്നതിനു മുന്‍പേ റോഡിന്റെ നിര്‍മാണം ആരംഭിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാകുമെന്നാണു നാട്ടുകാരുടെ പ്രതീക്ഷ. റോഡ് പൂര്‍ത്തിയാകാത്തതിനാല്‍ കൊല്ലങ്കുന്നിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടു കിലോമീറ്ററോളം വനപാത താണ്ടിയാണു മലമ്പുഴയിലെത്തുന്നത്. വിദ്യാര്‍ഥികളുടെ യാത്രയും കാട്ടിലൂടെയാണ്. കാട്ടു മൃഗങ്ങള്‍ ഏറെയുള്ള ഇതുവഴിയുള്ള യാത്ര അപകടകരമാണെന്നു വനംവകുപ്പും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
33 കിലോ മീറ്ററാണ് റിങ് റോഡിന്റെ ആകെ ദൂരം. റോഡ് പൂര്‍ത്തിയായല്‍ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ റിങ് റോഡ് വഴി സഫാരി പാര്‍ക്ക് അടക്കമുള്ള സംവിധാനമൊരുക്കുമെന്ന് ജലസേചന വകുപ്പ് നേരെത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാരിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."