ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കുറുമാലി പുഴയിലേക്ക് മറിഞ്ഞു
പുതുക്കാട്: ടിപ്പര്‍ ലോറി നിയന്ത്രണം വിട്ടു കുറുമാലി പുഴയിലേക്ക് മറിഞ്ഞു. പൊലിസ് ക്രെയിന്‍ ഉപയോഗിച്ചു ലോറി പുഴയില്‍ നിന്നും പൊക്കി എടുത്തുവെങ്കിലും ലോറിയില്‍ ഉണ്ടായിരുന്ന ആരെയും കിട്ടിയിട്ടില്ല.
ഇന്നലെ രാവിലെ നാലേമുക്കാലിനും ഏഴേമുക്കാലിനും ഇടയില്‍ എപ്പോഴോ ആണ് ലോറി മറിഞ്ഞതെന്നാണ് കരുതുന്നത്. ചിറ്റിശ്ശേരിയില്‍ ഉള്ള ഹോളോ ബ്രിക്സ് നിര്‍മാണ യൂനിറ്റിന്റെ ഉടമ കണ്ണന്റേതാണ് വണ്ടി. രാവിലെ നാലേമുക്കാലിന് കോടാലി ഭാഗത്തു നിന്നും പാറപ്പൊടി എടുക്കാനായി ഡ്രൈവര്‍ ചിറ്റിശ്ശേരി പാണേങ്ങാടന് വീട്ടില്‍ ഫ്രാന്‍സിസിന്റെ മകന് വിനു(25) വണ്ടി എടുത്തതാണ്.
ദേശീയപാത കുറുമാലി പാലത്തിലെ കൈവരി തകര്‍ന്നു കിടക്കുന്നതു കണ്ടു നാട്ടുകാര്‍ ഇന്നലെ രാവിലെ ഏഴേമുക്കാലോടെ വിവരം അറിയിച്ചപ്പോഴാണ് പുതുക്കാട് പൊലിസ് വിവരം അറിയുന്നത്.
തുടര്‍ന്നു പൊലിസ് അഗ്നിശമനസേന എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. തൃശൂരില്‍ നിന്നും മുങ്ങല്‍ വിദഗ്ദ്ധരെത്തി ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്കായി പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത് എന്നാണ് കരുതുന്നത്. മഴ മൂലം പുഴയില്‍ നിറയെ വെള്ളം ഉള്ളതും അടി ഒഴുക്കും പരിശോധനക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."