അയിത്തം: വഴി നിഷേധത്തിന്റെ മറ്റൊരു ഇര കൂടി യാത്രയായി
ബദിയഡുക്ക: കീഴ് ജാതിക്കാര്‍ക്ക് അയിത്തം കല്‍പ്പിച്ച് വഴി നിഷേധത്തിന്റെ മറ്റൊരു ഇര കൂടി യാത്രയായി. ബെള്ളൂര്‍ പഞ്ചായത്തിലെ പൊസോളിഗെ തോട്ടദമൂലയിലെ പരേതനായ മഹാലിംഗ പാട്ടാളിയുടെ ഭാര്യ സീതു (66) ആണ് മരിച്ചത്. ഇരുവൃക്കകളും തകരാറായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇവര്‍ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.
കഴിഞ്ഞ ആറുമാസമായി എന്‍ഡോസള്‍ഫാന്‍ ചികിത്സ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ ലഭ്യമാക്കിയിരുന്നു. ഒരാഴ്ച മുന്‍പ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് സീതുവിനെ വീട്ടിലെക്കെത്താനുള്ള വഴിയില്ലാത്തത് കാരണം നാട്ടുകാര്‍ ചുമന്ന് കൊണ്ടുവരേണ്ട അവസ്ഥ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പട്ടിക ജാതി കോളനി ഉള്‍പ്പെടുന്ന പൊസോളിഗയിലെ 78 കുടുംബങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് റോഡോ നടന്നു പോകാന്‍ നല്ലൊരു വഴിയോ ഇല്ല. ഉയര്‍ന്ന ജാതിക്കാരനായ സ്വകാര്യ വ്യക്തി റോഡിനുള്ള സ്ഥലം വിട്ടുനല്‍കാത്തത് ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. താഴ്ന്ന ജാതിക്കാര്‍ തന്റെ വീടിന്റെ സമീപത്തോടെ നടക്കാനും രോഗികളെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ആശുപത്രിയിലെത്തിക്കാന്‍ ഇയാള്‍ അനുവദിക്കില്ല.
പഞ്ചായത്തുമായുള്ള അവകാശ തര്‍ക്കം കോടതിയിലെത്തിയതിനാല്‍ നാട്ടുകാര്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന നിലയിലായിരുന്നു. കോളനിയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള നാട്ടക്കല്ലില്‍നിന്ന് നടന്നു വേണം ടാക്‌സി പിടിക്കാന്‍. ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു സ്ഥല ഉടമയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ റോഡിനുള്ള സ്ഥലം വിട്ടു തരാമെന്ന് പറഞ്ഞിരുന്നു.
അതേ സമയം റോഡിനുവേണ്ടി കോളനി നിവാസികള്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. സമരത്തിന് സി.പി.എം പിന്തുണ നല്‍കിയിരുന്നു. കൂടാതെ കോളനിയിലേക്ക് റോഡ് വികസനത്തിനു വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപെട്ട് ബെള്ളൂര്‍ പഞ്ചായത്ത് ഭരണ സമിതി ജില്ലാ കലക്ടറെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."