ജലരക്ഷ ജീവരക്ഷ: ജില്ലയില്‍ 557.28 കോടി രൂപയുടെ പ്രവൃത്തികള്‍
തൃശൂര്‍: ജലസംരക്ഷണം ലക്ഷ്യമിട്ട് ജില്ലയില്‍ നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയായ 'ജലരക്ഷ ജീവരക്ഷ' മുഴുവന്‍ വകുപ്പുകളും ചേര്‍ന്നു നടപ്പാക്കാന്‍ പദ്ധതിയുടെ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ തീരുമാനമായി.
ഇപ്പോള്‍ വിവിധ വകുപ്പുകള്‍ തനതായി നടപ്പിലാക്കുന്ന ജലം, മണ്ണ്, നീര്‍ത്തട സംരക്ഷണ പ്രവൃത്തികള്‍ ഏകോപിപ്പിച്ച് ഒരു കുടക്കീഴിലാക്കി വികസിപ്പിച്ച് ഫലം കൊയ്യുകയാണ് ജലരക്ഷ ജീവരക്ഷയുടെ ലക്ഷ്യം.
നാലു വര്‍ഷം കൊണ്ട് 557.28 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പാക്കും. ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പു തലവന്‍മാര്‍ പങ്കെടുത്തു. പദ്ധതിയുടെ പ്രചാരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂളില്‍ ബ്ലൂ ആര്‍മിയും ബ്ലൂ ആര്‍മിയുടെ നേതൃത്വത്തില്‍ ജല ക്ലബുകളും രൂപീകരിക്കും. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ബ്ലൂ ആര്‍മിയില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അംഗങ്ങളാകും.
സ്‌കൂളിലും പരിസരങ്ങളിലുള്ള ജലസംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജല ക്ലബുകള്‍ ഏകോപിപ്പിക്കും. നാലു വര്‍ഷമാണ്് ജലരക്ഷ ജീവരക്ഷയുടെ കാലയളവ്.പൊതുജല സ്രോതസുകളിലേക്കു മഴവെള്ളം എത്തിക്കുന്നതിനായി ജില്ലയിലെ എല്ലാ റോഡുകളുടെയും ഓടകള്‍, കാനകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍, നവീകരണം, നിര്‍മാണം, പൊതുജല സംഭരണികള്‍, കുളങ്ങള്‍ എന്നിവയുടെ നവീകരണം തോടുകളുടെയും പൊതുകിണറുകളുടെയും നവീകരണം, ചെക്ക്ഡാം, തടയണ, ചിറകള്‍, ബണ്ടുകള്‍ എന്നിവയുടെ സംരക്ഷണം, അറ്റകുറ്റപ്പണികള്‍, നിര്‍മാണം, മഴക്കുഴികളുടെ നിര്‍മാണം, കിണര്‍ റീചാര്‍ജിങ്, മഴവെള്ള സംഭരണികളുടെ നിര്‍മാണം, നവീകരണം എന്നിവയാണ് ജലരക്ഷ ജീവരക്ഷയുടെ ഭാഗമായി നടക്കുക. ഒരു വീട്ടില്‍ ഒരു മഴക്കുഴി നിര്‍ബന്ധമാക്കും. കോണ്ടൂര്‍ ബണ്ടുകള്‍, കയ്യാലകള്‍, ജൈവവേലികള്‍ എന്നിവ നിര്‍മിക്കും.
ജൈവ വേലികളില്‍ തീറ്റപ്പുല്‍, ഔഷധ സസ്യങ്ങള്‍ എന്നിവ കൃഷി ചെയ്യും. ഡാമുകളുടെ സംഭരണശേഷി വര്‍ധിപ്പിക്കും.
അറ്റകുറ്റപ്പണികള്‍ നടത്തും. പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ലിഫ്റ്റ് ഇറിഗേഷന്‍, ജലസേചന പദ്ധതികള്‍ എന്നിവ നടപ്പിലാക്കും. അറ്റകുറ്റപ്പണികള്‍ നടത്തും. വേനലില്‍ ഓരുവെള്ളം കയറുന്നത് തടയുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക. ജനജന്യരോഗങ്ങളുടെയും ജല അഭാവ രോഗങ്ങളുടെയും പ്രതിരോധം പ്രവര്‍ത്തനം നടത്തുക.
കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുക. പൊന്നാനി-കൊച്ചി കനാല്‍ സമഗ്ര വികസനം നടപ്പിലാക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്തു വിലയിരുത്തല്‍ സൂചികകള്‍ വഴി പുരോഗതി തിട്ടപ്പെടുത്തും. മണലിപ്പുഴയില്‍ സമഗ്രനീര്‍ത്തട പദ്ധതി നടപ്പിലാക്കും. ടാസ്‌ക് ഫോഴ്‌സിന് പുറമേ ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന അപെക്‌സ് ബോഡി, പഞ്ചായത്ത്തലത്തില്‍ രൂപീകരിക്കുന്ന ജനകീയ സമിതികള്‍ എന്നിവ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യും.
പ്ലാന്‍ ഫണ്ടുകള്‍ക്ക് പുറമേ വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരാവാദിത്തം, ധനം, ആള്‍ശേഷി എന്നിവയും പദ്ധതിയുടെ ഭാഗമാക്കും.
ജില്ലാ മണ്ണ് സംരക്ഷണ ഓഫിസറാണ് പദ്ധതിയുടെ നോഡല്‍ ഓഫിസര്‍. സംസ്ഥാനത്ത് സമഗ്ര ജില്ലാ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ആദ്യ ജില്ലയെന്ന പദവിയും ജലരക്ഷ ജീവരക്ഷയിലൂടെ തൃശൂര്‍ കൈവരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."