പെട്ടിക്കട ഉപയോഗിച്ച് കച്ചവടം നടത്താന്‍ നഗരസഭ സ്ഥലം അനുവദിച്ചില്ലെന്ന് പരാതി
ഇരിങ്ങാലക്കുട: പെട്ടികട ഉപയോഗിച്ച് തെരുവോരത്ത് കച്ചവടം നടത്താന്‍ നഗരസഭ സ്ഥലം അനുവദിക്കാത്തതിനാല്‍ കട കാടുകയറി നശിക്കുന്നുവെന്ന് പരാതി.
ഇരിങ്ങാലക്കുട ജവഹര്‍ കോളനിയില്‍ താമസിക്കുന്ന വികലാംഗനായ ചെറിയാടന്‍ വര്‍ഗീസാണ് പരാതി ഉന്നയിക്കുന്നത്. 2007ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് ജനസമ്പര്‍ക്കപരിപാടിയില്‍ വച്ച് ഉപജീവനമാര്‍ഗമെന്ന നിലയില്‍ പെട്ടിക്കട അനുവദിച്ചത്. അന്നത്തെ ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി കച്ചവടം നടത്താന്‍ പഴയ താലൂക്ക് സബ് ട്രഷറിക്കു സമീപം സ്ഥലം അനുവദിച്ച് ലൈസന്‍സ് നല്‍കി. എന്നാല്‍ അവിടെ കച്ചവടം ഇല്ലാതായതോടെ ഈവനിങ്ങ് മാര്‍ക്കറ്റിലേക്ക് കട മാറ്റി. എന്നിട്ടും ഗുണമില്ലാതായതോടെ നഗരസഭ റവന്യൂ വിഭാഗത്തിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് ജവഹര്‍ കോളനിയിലേക്ക് കട മാറ്റി നല്‍കിയത്.
എന്നാല്‍ ഒരു വര്‍ഷം മുന്‍പ് കോളനിയിലെ ഫ്‌ളാറ്റുകളിലേക്ക് കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കാന്‍ പെട്ടിക്കട തടസമായപ്പോള്‍ അത് പൊളിച്ച് കാനയുടെ സമീപത്തേക്ക് മാറ്റിയിട്ടു. ഇതിലേയ്ക്കുണ്ടായിരുന്ന വൈദ്യൂതി ബന്ധവും അവര്‍ വിച്ഛേദിച്ചു. പിന്നീട് പെട്ടിക്കടയ്ക്ക് സ്ഥലം അനുവദിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നഗരസഭയില്‍ പരാതി നല്‍കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ലെന്ന് വര്‍ഗീസ് ആരോപിച്ചു.
വഴിയോരത്ത് കച്ചവടം നടത്തുന്നതിനുള്ള ലൈസന്‍സ് കഴിഞ്ഞ വര്‍ഷം വരെ പുതുക്കിയിരുന്നു. പരാതിയെ തുടര്‍ന്ന് റവന്യൂ വിഭാഗം പരിശോധന നടത്തി ബൈപ്പാസ് റോഡില്‍ സ്ഥലം അനുവദിക്കാമെന്ന് അറിയിച്ചിരുന്നതായും വര്‍ഗീസ് പറഞ്ഞു. എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും ഒരു വികലാംഗനായിട്ടു കൂടി തന്റെ കാര്യത്തിന് നഗരസഭ മുന്‍ഗണന നല്‍കുന്നില്ലെന്നും അപേക്ഷ കൗണ്‍സില്‍ പരിഗണിക്കാതെ നീട്ടികൊണ്ടുപോകുകയാണെന്നും വര്‍ഗീസ് പറയുന്നു. എന്നാല്‍ ജവഹര്‍ കോളനിയില്‍ തന്നെ വര്‍ഗീസിന് പെട്ടിക്കട വയ്ക്കാന്‍ സ്ഥലം അനുവദിച്ചുനല്‍കാന്‍ നഗരസഭ തയാറാണെന്ന് വാര്‍ഡ് കൗണ്‍സിലറും സ്ഥിരം സമിതി അധ്യക്ഷനുമായ കുരിയന്‍ ജോസഫ് പറഞ്ഞു.
എന്നാല്‍ അത് വേണ്ടെന്നും ബൈപ്പാസ് റോഡില്‍ സ്ഥലം അനുവദിക്കണമെന്നുമാണ് വര്‍ഗീസിന്റെ ആവശ്യം. ബൈപ്പാസ് റോഡില്‍ സ്ഥിരം കച്ചവടത്തിനായി പെട്ടിക്കടയ്ക്ക് സ്ഥലം അനുവദിക്കാന്‍ കഴിയില്ല. വഴിയോര കച്ചവടക്കാര്‍ക്ക് സ്ഥലം അനുവദിക്കുന്നതിന് ചേരുന്ന സ്‌പെഷ്യല്‍ കൗണ്‍സിലാണ് ഇക്കാര്യം തീരുമാനിക്കുന്നത്. അതിന് സമയമെടുക്കുമെന്നും കുരിയന്‍ ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."