ബെവ് ക്യൂ ആപ്പ്: അഭിമുഖങ്ങളുടെ വിഡിയോ നശിപ്പിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: ബെവ് ക്യൂ ആപ്പിനായി ഫെയര്‍ കോഡിനെ തെരഞ്ഞെടുത്ത അഭിമുഖങ്ങളുടെ ഓണ്‍ലൈന്‍ വിഡിയോകള്‍ നശിപ്പിക്കരുതെന്ന് ഹൈക്കോടതി.
ഫെയര്‍ കോഡിനെ തിരഞ്ഞെടുത്ത നടപടിക്കെതിരേ ടീ ബസ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
വിവാദങ്ങള്‍ക്കിടെ കൊട്ടിഘോഷിച്ച് ഇറക്കിയ ബെവ് ക്യൂ ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ പലതവണ തകരാറുണ്ടായെന്ന് ഹരജിയില്‍ പറയുന്നു. ഒ.ടി.പി ലഭിക്കാത്തതു മുതല്‍ ആപ്പ് തുറക്കാന്‍ പോലുമാകാത്ത അവസ്ഥ ഉപഭോക്താവിന് നേരിട്ടിരുന്നു. ടെക്‌നിക്കല്‍ ബിഡ്ഡില്‍ രണ്ടാമതായ ഫെയര്‍ കോഡിന്റെ കാര്യക്ഷമതയില്‍ തുടക്കം മുതല്‍ ഹരജിക്കാരന്‍ ആരോപണം ഉന്നയിച്ചിരുന്നു.
കൂടാതെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഫെയര്‍ കോഡിനെ തെരഞ്ഞെടുത്തതെന്നും നടപടി റദ്ദാക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
35 ലക്ഷം പേര്‍ ഉപയോഗിച്ചാല്‍പ്പോലും പ്രശ്‌നം ഉണ്ടാകില്ലെന്ന വാദത്തോടെ എത്തിയ ബെവ് ക്യു ആപ്പില്‍ പത്തുലക്ഷം പേര്‍ ഉപയോഗിച്ചപ്പോള്‍ തന്നെ എല്ലാം ഉപയോഗയോഗ്യമല്ലാതായി. സാമ്പത്തിക ലാഭം നോക്കി പ്രവര്‍ത്തന മികവില്ലാത്ത കമ്പനിയെ കരാര്‍ എല്‍പ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നായിരുന്നു ആരോപണം.
ഹരജിയില്‍ സര്‍ക്കാരിനോട് രേഖാമൂലം വിശദീകരണം ബോധിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഫെയര്‍ കോഡ് ടെക്‌നോളജീസിന് ഇ മെയില്‍ വഴി നോട്ടീസയയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹരജി 29ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."