മലയാളി അഭിഭാഷകന് മൂന്നു മാസത്തെ തടവും ഒരു വര്‍ഷത്തെ വിലക്കും
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ മലയാളി അഭിഭാഷകന്‍ മാത്യു നെടുമ്പാറയ്ക്ക് സുപ്രിംകോടതി മൂന്നു മാസത്തെ തടവും ഒരു വര്‍ഷത്തെ വിലക്കും വിധിച്ചു. നെടുമ്പാറ മാപ്പു പറഞ്ഞതിനെത്തുടര്‍ന്ന് കോടതി തടവുശിക്ഷ താല്‍ക്കാലികമായി വേണ്ടെന്ന് വച്ചെങ്കിലും വിലക്ക് തുടരും. ആവര്‍ത്തിക്കരുതെന്ന താക്കീതോടുകൂടിയാണ് തടവ് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. നെടുമ്പാറ കുറ്റക്കാരനാണെന്ന് മാര്‍ച്ച് 11ന് ബെഞ്ച് വിധിച്ചിരുന്നു. ഇന്നലെ നെടുമ്പാറയുടെ അഭിഭാഷകന്‍ വാദത്തിന് ശ്രമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന ആവശ്യവും അംഗീകരിച്ചില്ല.
മുതിര്‍ന്ന അഭിഭാഷകരെന്ന പദവി നല്‍കുന്നത് എടുത്തു കളയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ വാദിക്കവെ നിയമജ്ഞന്‍ ഫാലി എസ് .നരിമാനെ ഉദാഹരണമായി മകന്‍ രോഹിങ്ടണ്‍ നരിമാന്‍ മുന്‍പാകെ ചൂണ്ടിക്കാട്ടിയതാണ് കോടതിയലക്ഷ്യക്കേസിനിടയാക്കിയത്. ജഡ്ജിമാരുടെ സ്വന്തക്കാര്‍ക്കാണ് ഇത്തരം പദവികള്‍ ലഭിക്കുന്നതെന്ന് വാദിച്ചായിരുന്നു ഇത്. നിലവിലുള്ള കേസുമായി ബന്ധമില്ലാത്തൊരാളെ ഇതിലേക്ക് വലിച്ചിഴക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ജഡ്ജിമാരെ ആക്ഷേപിക്കുന്നത് നെടുമ്പാറയുടെ പതിവാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."