ബഹിരാകാശ കരുത്ത് തെളിയിച്ച് ഇന്ത്യ
കരയിലും കടലിലും ആകാശത്തും മാത്രമല്ല ബഹിരാകാശ രംഗത്തും പേശീബലമുള്ള രാജ്യമാണു തങ്ങളെന്നു ലോകത്തിനു മുന്നില്‍ തെളിയിച്ചിരിക്കുകയാണ് ഇന്ത്യ, ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിലൂടെ. ശത്രുവിന്റെ ചാര ഉപഗ്രഹങ്ങളും മറ്റും ബഹിരാകാശത്തുവച്ചു നിഷ്പ്രയാസം തകര്‍ക്കാനോ മരവിപ്പിക്കാനോ കഴിയുന്ന നാലു രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നുവെന്നത് നിസ്സാരകാര്യമല്ല. ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ അസൂയയോടെയാകും ഈ നേട്ടത്തെ നോക്കിക്കാണുക.
ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെ ഇന്ത്യയുടെ ഇക്കാര്യത്തിലുള്ള നയമെന്തെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. യുദ്ധത്തിനല്ല, സമാധാനത്തിനും ഗവേഷണ ആവശ്യങ്ങള്‍ക്കുമായാണ് ഈ ശക്തി തങ്ങള്‍ വിനിയോഗിക്കുകയെന്നതാണ് സൈന്യത്തിന്റെ വെളിപ്പെടുത്തല്‍. അതൊരു നല്ല നിലപാടാണ്. അതേസമയം, ഇന്ത്യയെ നിസ്സാരവല്‍ക്കരിച്ചു വരിഞ്ഞുമുറുക്കാന്‍ കച്ചകെട്ടുന്ന ചൈനയ്ക്കും അവരുടെ തിണ്ണബലത്തില്‍ ഊറ്റം കൊള്ളുന്ന പാകിസ്താനും തീര്‍ച്ചയായും ഒരു മുന്നറിയിപ്പു കൂടിയാണിത്.
അമേരിക്കയും റഷ്യയും ചൈനയും മാത്രമേ ഇപ്പോള്‍ ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിച്ചെടുത്തിട്ടുള്ളൂ. പാകിസ്താനുള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും എളുപ്പത്തില്‍ സാധിച്ചെടുക്കാവുന്ന കാര്യമല്ല ഇത്. ലോകത്ത് ഇനിയൊരു യുദ്ധമുണ്ടാവുകയാണെങ്കില്‍ അതില്‍ ബഹിരാകാശത്തെ മേല്‍ക്കോയ്മ വലിയൊരു ഘടകമായിരിക്കുമെന്നതില്‍ സംശയമില്ല. യുദ്ധലക്ഷ്യമില്ല എന്നൊക്കെ ഇന്ത്യ ആവര്‍ത്തിച്ചു പറയുമ്പോഴും ഇന്ത്യയുടെ സൈനികരംഗത്തെ പേശീബലം വളരെയേറെ വര്‍ധിപ്പിക്കുന്നതാണ് ഈ പരീക്ഷണ വിജയമെന്നതില്‍ സംശയമില്ല.
പണ്ടുകാലത്ത് കാലാള്‍പ്പടയുടെ എണ്ണം നോക്കിയായിരുന്നു രാജ്യങ്ങളുടെ പ്രതിരോധശക്തി അളന്നിരുന്നത്. പിന്നീടത് ആയുധങ്ങളുടെ എണ്ണത്തെയും അവയുടെ പ്രഹരശേഷിയെയും കൂടി കണക്കാക്കിയായി. പില്‍ക്കാലത്ത് യുദ്ധക്കപ്പലുകളുടെയും അവയില്‍ നിന്നു തൊടുത്തുവിടാവുന്ന മിസൈലുകളുടെയും എണ്ണവും ശക്തിയുമായി പ്രതിരോധ ശക്തി. അതും കഴിഞ്ഞു യുദ്ധവിമാനങ്ങളുടെ കരുത്തിലേയ്ക്കും ആകാശത്തു നിന്നു തൊടുത്തുവിടാന്‍ കഴിയുന്ന മാരകപ്രഹരശേഷിയുള്ള ബോംബുകളുടെ മികവിലേയ്ക്കും നീങ്ങി.
കരയും കടലും ആകാശവും കടന്നു ബഹിരാകാശം യുദ്ധഭൂമിയായി തീരാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. ശീതയുദ്ധകാലത്താണ് അമേരിക്കയും സോവിയറ്റ് യൂനിയനും ഈ രംഗത്തു ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. ശത്രുരാജ്യത്തിന്റെ ആയുധപ്പുരകളുള്‍പ്പെടെയുള്ള തന്ത്രപ്രധാന സ്ഥാനങ്ങള്‍ കണ്ടെത്തി തകര്‍ക്കാന്‍ ചാര ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. യുദ്ധകാലത്തു മാത്രമല്ല, സമാധാന കാലത്തും ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്.
ആളില്ലാ വിമാനങ്ങള്‍ വഴിയും മറ്റും നടത്തുന്ന ചാരപ്രവര്‍ത്തനങ്ങളെ തടയാനും തകര്‍ക്കാനും ഇന്നു മിക്ക രാജ്യങ്ങള്‍ക്കും കഴിയും. പക്ഷേ, ഉപഗ്രഹങ്ങള്‍ വഴി നടത്തുന്ന ചാരപ്രവര്‍ത്തനവും മറ്റും തടയല്‍ അത്ര എളുപ്പമല്ല. സമാധാന കാലത്താണെങ്കിലും യുദ്ധകാലത്താണെങ്കിലും ഇതു മിക്ക രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം തീരാതലവേദനയാണ്. ഓരോ രാജ്യത്തിന്റെയും സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണത്. വ്യക്തിയുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റത്തേക്കാള്‍ അപകടകാരിയുമാണത്.
അയല്‍രാജ്യമൊരു ശത്രുരാജ്യമാണെങ്കില്‍ ഇത്തരം കടന്നുകയറ്റ പ്രവണതകള്‍ വളരെയേറെ വര്‍ധിക്കും. സൈന്യത്തിന്റെയും ഭരണകൂടത്തിന്റെയും ജനങ്ങളുടെയും ഉറക്കം കെടുത്തുന്ന പ്രവണതകള്‍ അയല്‍രാജ്യമെന്ന ശത്രുരാജ്യത്തുനിന്ന് എപ്പോഴും ഉണ്ടായേക്കാം. ഇന്ത്യയിപ്പോള്‍ അനുഭവിക്കുന്നത് ആ തലവേദനയാണ്. സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതല്‍ ഇന്ത്യയെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന രാജ്യമാണു പാകിസ്താന്‍.
ഇന്ത്യയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളും അവിടത്തെ നീക്കങ്ങളും മറ്റും മനസ്സിലാക്കാന്‍ പല തരത്തിലുള്ള ചാരപ്രവര്‍ത്തനങ്ങള്‍ പാകിസ്താന്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്നതും വാസ്തവമാണ്. അതിന്റെയൊക്കെ ഫലമായാണ് ഇന്ത്യന്‍ സൈനികകേന്ദ്രങ്ങളിലേയ്ക്കു ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. തന്ത്രപരമായി ചാരപ്രവര്‍ത്തനം നടത്തി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭീകരവാദികളെ അതിര്‍ത്തി കടത്തി വിട്ട് ആക്രമണം നടത്തി ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം പാകിസ്താന്‍ അഭംഗുരം നടത്തിവരികയായിരുന്നു.
ഇതിനിടയിലാണ് പാകിസ്താനു ധൈര്യവും പിന്തുണയും നല്‍കുന്ന ചൈനയുടെ നിലപാട്. ഏറെക്കാലമായി ചൈന ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ക്കു പാകിസ്താന് ഒത്താശ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ തുടരെത്തുടരെ കൈയേറ്റം നടത്തി നേരിട്ടുള്ള പ്രകോപനവും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും പ്രബലമായ സൈനിക, സാമ്പത്തിക, രാഷ്ട്രീയശക്തികളിലൊന്നായി ഇന്ത്യ മാറിയാല്‍ ഈ മേഖലയിലെ തങ്ങളുടെ അധീശത്വം നശിക്കുമെന്ന ഭയമാണ് ചൈനയെ ഇത്തരം ചെയ്തികള്‍ക്കു പ്രേരിപ്പിക്കുന്നത്.
ആയുധബലത്തിലും സൈനികബലത്തിലും തങ്ങള്‍ ഇന്ത്യയേക്കാള്‍ മുന്നിലാണെന്ന അഹങ്കാരം ചൈനയ്ക്കുണ്ട്. ആ അഹങ്കാര കാരണങ്ങളില്‍ ഒന്നായിരുന്നു സാറ്റലൈറ്റ് വേധ മിസൈലുകള്‍. ആ അഹങ്കാരത്തിന് ഇന്ത്യ നല്‍കിയ ശക്തമായ മറുപടി കൂടിയായി ഇന്ത്യയുടെ ഈ പരീക്ഷണവിജയത്തെ കാണേണ്ടതാണ്. സത്യത്തില്‍ ചൈനയുടെ ഈ അഹങ്കാരം തന്നെയാണ് ഈ മേഖലയില്‍ ഗവേഷണം നടത്തി വിജയം കൈവരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. 2007ല്‍ ചൈന ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിച്ചെടുത്തതോടെയാണ് ഇന്ത്യ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
ഈ നേട്ടം തീര്‍ച്ചയായും പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ) ചരിത്രവിജയമാണ്. അതിന് ആ സ്ഥാപനത്തിലെ ഗവേഷകരെ അകമഴിഞ്ഞ് അഭിനന്ദിക്കേണ്ടതുമാണ്. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വച്ച് പ്രത്യക്ഷമല്ലെന്നു തോന്നും മട്ടില്‍ ആ നേട്ടത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് തരംതാണ രാഷ്ട്രീയമാണ്. ഈ നേട്ടത്തില്‍ നരേന്ദ്രമോദിക്കോ കേന്ദ്രസര്‍ക്കാരിനോ ഒരു പങ്കുമില്ല. വല്ല പങ്കുമുണ്ടെങ്കില്‍ അത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനാണ്.
കാരണം, യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് സൈന്യം ഇത്തരമൊരു ആശയം മുന്നോട്ടു വയ്ക്കുന്നതും ഇതു സംബന്ധിച്ച ഗവേഷണത്തിന് ഡി.ആര്‍.ഡി.ഒ തയ്യാറാകുന്നതും. അന്ന് പരിപൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ നല്‍കിയത് മന്‍മോഹന്‍സിങ് സര്‍ക്കാരാണ്. എങ്കിലും ഇതൊരു രാഷ്ട്രീയനേട്ടമായി കണക്കാക്കാന്‍ പാടില്ലെന്നതാണ് സത്യം. ഇതു രാജ്യത്തിന്റെ വിജയമാണ്. ആ വിജയം എല്ലാവര്‍ക്കും ഒരു പോലെ അഭിമാനിക്കാവുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."