തൊടുപുഴ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ഉദ്ഘാടനം ആറുമാസത്തിനകം
തൊടുപുഴ: തൊടുപുഴയിലെ പുതിയ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ ശേഷിക്കുന്ന നിര്‍മാണ ജോലികള്‍ ത്വരിതപ്പെടുത്താനും ആറ് മാസത്തിനകം ഉദ്ഘാടനം നടത്താനും ഉന്നതതല യോഗത്തില്‍ ധാരണ. നിര്‍മാണം ഏറെക്കുറേ പൂര്‍ത്തിയായിട്ടും ഒന്നര കോടിയോളം രൂപ ചെലവുള്ള അനുബന്ധജോലികള്‍ മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം.
ടെര്‍മിനല്‍ വൈദ്യുതീകരണത്തിനായുള്ള ടെന്‍ഡര്‍ നടപടിയായിട്ടുണ്ട്. മലിനീകരണ നിയന്ത്രണം, അഗ്നിശമനസംവിധാനം എന്നിവയ്ക്ക് സജ്ജീകരണവും ഒരുക്കണം. ഇതിന് ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും. അഗ്‌നിശമന സംവിധാനം ഒരുക്കാന്‍ നേരത്തെ മൂന്നു പ്രാവശ്യം ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കിലും ആരും മുന്നോട്ടു വന്നിരുന്നില്ല. ഒരിക്കല്‍ക്കൂടി ടെന്‍ഡര്‍ ക്ഷണിക്കും. എന്നിട്ടും ഫലം കണ്ടില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്ന് ബദല്‍ സംവിധാനം ആലോചിക്കും.
ഇനിയുള്ള നിര്‍മാണപ്രവൃത്തികള്‍ക്ക് ചെലവുവരുന്ന പണം ടെര്‍മിനലിലെ കടമുറികള്‍ ലേലം ചെയ്യുന്നതിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. മെയ് 15 ഓടെ ഇത് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഓഫീസുകള്‍ സജ്ജമാക്കല്‍, പാര്‍ക്കിങ് ഏരിയയില്‍ ടൈല്‍ വിരിക്കല്‍, റാമ്പുകളുടെ നിര്‍മാണം, ജനറേറ്ററും കുടിവെള്ള സംവിധാനവും ഒരുക്കല്‍ എന്നിവയും ഇവിടെ പൂര്‍ത്തിയാവാനുണ്ട്.
മലിനീകരണനിയന്ത്രണത്തിനായുള്ള പ്രവര്‍ത്തികള്‍ക്കുള്ള ടെന്‍ഡര്‍ അടുത്തയാഴ്ച ക്ഷണിക്കുമെന്ന് ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദു പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ സോഫ്ട്‌വെയര്‍ സംവിധാനം പൂര്‍ണമായി സജ്ജമാകാത്തതിനാലാണ് എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച ഒരു കോടി രൂപ ലഭ്യമാകാന്‍ തടസമായതെന്ന് ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ഇനിയുള്ള പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. പി.ജെ ജോസഫ് എം.എല്‍.എ, കെ.എസ്ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി വര്‍ഗീസ്, എസ്‌റ്റേറ്റ് ഓഫിസര്‍ പ്രതാപ് ദേവ്, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ശിവശങ്കരന്‍ നായര്‍, യൂനിയന്‍ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
ആധുനിക ബസ് ടെര്‍മിനലിന്റെ നിര്‍മാണം 2013 ജനുവരി 10നാണ് തുടങ്ങിയത്. രണ്ടരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനിടെ രണ്ടുതവണകളായി നിര്‍മാണം മുടങ്ങി. കാഞ്ഞിരമറ്റം ബൈപാസ് റോഡരികിലെ ലോറി സ്റ്റാന്റിലേയ്ക്ക് ഡിപ്പോയുടെ പ്രവര്‍ത്തനം താല്‍കാലികമായി മാറ്റിയിരുന്നു. ഇവിടെ ഇപ്പോള്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ പോലും ഇടമില്ല. റോഡരികില്‍ പാര്‍ക്ക് ചെയ്ത ബസുകള്‍ പലപ്പോഴും അപകടം വരുത്തിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്തനാളില്‍ പുതിയ ടെര്‍മിനലില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത്. ഷോപ്പിങ് കോംപ്ലക്‌സിനു പുറമെ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സും അടങ്ങുന്നതാണ് പുതിയ ടെര്‍മിനല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."