ട്രോളില്‍ മുങ്ങി മോദിയുടെ ടെലിവിഷന്‍ പ്രഭാഷണം; തുടക്കമിട്ടത് രാഹുല്‍
ന്യൂഡല്‍ഹി: ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചതായി അറിയിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധനചെയ്ത് നടത്തിയ ടെലിവിഷന്‍ പ്രഭാഷണത്തെ ട്രോളില്‍ മുക്കി സോഷ്യല്‍മീഡിയ. 11.45നും 12.00നും ഇടയില്‍ സുപ്രധാന കാര്യം അറിയിക്കാനുണ്ടെന്നും രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും 11.20ഓടെ മോദി ട്വിറ്ററില്‍ കുറിപ്പിട്ടതു മുതല്‍ തുടങ്ങി ട്രോളുകള്‍.
2016ല്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത് ഇതുപോലൊരു ടെലിവിഷന്‍ പ്രഭാഷണത്തില്‍ ആയതിനാല്‍, എന്തോ ദുരന്തം വരാനിരിക്കുന്നു എന്ന വിധത്തിലാണ് ചിലര്‍ പ്രതികരിച്ചത്. അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇപ്പോഴേ പ്രഖ്യാപിക്കാന്‍ പോവുകയാണോ എന്നായിരുന്നു നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയുടെ പരിഹാസം.
എന്തോ ചില ദുരന്തം വരാന്‍ പോകുന്ന ലക്ഷണം കാണുന്നുവെന്ന് സ്വാമി സന്ദീപാനന്ദ ഗിരിയും കുറിച്ചു. ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുവെന്നത് വലിയ പ്രകൃതി ദുരന്തം വരാന്‍ പോകുന്നു എന്ന മുന്നറിയിപ്പ് കേട്ടതു പോലെ ആശങ്കയോടെ ഇരിക്കേണ്ട അവസ്ഥ മറ്റേതെങ്കിലും ജനാധിപത്യ രാജ്യത്ത് ഉണ്ടായിട്ടുണ്ടോ എന്ന് രശ്മി ആര്‍. നായരും ചോദിച്ചു.
നിശ്ചയിച്ച സമയം കഴിഞ്ഞും അരമണിക്കൂറോളം വൈകിയാണ് മോദി പ്രഭാഷണം തുടങ്ങിയത്. അതോടെ വീണ്ടും ട്രോളുകള്‍ വന്നുതുടങ്ങി. വിഷയം ഉപഗ്രഹവേധ മിസൈല്‍ ആണെന്നറിഞ്ഞതോടെ 'വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു' എന്നായി സോഷ്യല്‍മീഡിയ. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങള്‍ പ്രഖ്യാപിക്കാത്തതിന് മോദിക്കു നന്ദിയെന്നു ചിലര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പരിഹാസ്യത്തിനാണ് ഏറ്റവുമധികം കൈയടി ലഭിച്ചത്. 'വെല്‍ഡണ്‍ ഡി.ആര്‍.ഡി.ഒ നിങ്ങളുടെ ഉദ്യമത്തില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. ഒപ്പം പ്രധാനമന്ത്രിക്ക് ലോക നാടകദിനാശംസകള്‍ നേരുകയും ചെയ്യുന്നു' - എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
പ്രതിമകള്‍ നിര്‍മിക്കാതെ ഡി.ആര്‍.ഡി.ഒയ്ക്ക് ഗവേഷണത്തിനായി പണം നല്‍കിയ ജവഹര്‍ലാല്‍ നെഹ്‌റുവിന് മോദി നന്ദി പറഞ്ഞോയെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം ചോദിച്ചു. 'മേരെ പ്യാരെ ദേശ് വാസിയോം വിചാരിച്ച അത്ര കലങ്ങിയില്ല' എന്നായിരുന്നു യോദ്ധ സിനിമയിലെ ജഗതി ശ്രീകുമാറിന്റെ ചിത്രം ഉപയോഗിച്ചുള്ള മന്ത്രി എം.എം മണിയുടെ പരിഹാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."