ദേശീയ പഞ്ചഗുസ്തി ചാംപ്യനായ മജ്‌സിയ ഭാനുവിന് അവഗണന മാത്രം
കോഴിക്കോട്: ദേശീയ പഞ്ചഗുസ്തി ചാംപ്യന് അധികൃതരുടെ അവഗണന. മജ്‌സിയ ഭാനു എന്ന കോഴിക്കോട്ടുകാരിക്കാണ് ഹിജാബ് ധരിച്ചത് തിരിച്ചടിയായത്. ദേശീയഗാനത്തിന്റെ പശ്ചാത്തലത്തില്‍ വിജയപീഠത്തില്‍ കയറിനില്‍ക്കാന്‍ ആഗ്രഹിക്കുന്ന തന്നോടെന്തിനാണ് ഈ വിവേചനമെന്നും ഇവര്‍ ചോദിക്കുന്നു. ഹിജാബി സ്‌പോര്‍ട്‌സ്‌കാരിയെന്ന നിലയ്ക്ക് ചില മാധ്യമങ്ങള്‍ തന്നെ ബ്രാന്‍ഡ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് സ്‌പോണ്‍സര്‍മാര്‍ കൈയൊഴിഞ്ഞിരിക്കുന്നതെന്നും ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന് ഭയമുണ്ടെന്നും മജ്‌സിയ ഭാനു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തുര്‍ക്കിയില്‍ ഒക്ടോബറില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 55 കിലോ സീനിയര്‍ വിഭാഗം പഞ്ചഗുസ്തി ഇനത്തിലാണ് മജ്‌സിയ പങ്കെടുക്കുന്നത്.
ഏകദേശം രണ്ടു ലക്ഷം രൂപയാണ് ഇതിനായി കെട്ടിവയ്‌ക്കേണ്ടത്. തുര്‍ക്കിയിലേക്ക് വിമാന ടിക്കറ്റ്, വിസ, താമസ സൗകര്യം, അഫിലിയേഷന്‍ ഫീസ്, എന്‍ട്രി ഫീസ് തുടങ്ങിയവയ്‌ക്കെല്ലാമായാണ് ഈ തുക. ഇതു കൂടാതെ മത്സരത്തിനു മുന്‍പുള്ള ക്യാംപിനടക്കം ചെലവുകള്‍ വേറെയുമുണ്ട്. 10ാം തിയതിയാണ് പണമടയ്ക്കാനുള്ള അവസാന ദിവസം.
സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് സഹായം ലഭിക്കുമോ എന്ന ശ്രമത്തിലായിരുന്നു. സ്‌പോര്‍ട്‌സ്,ന്യൂനപക്ഷ വകുപ്പുകളോട് സഹായത്തിനായി അഭ്യര്‍ഥിച്ചെങ്കിലും ഫണ്ട് അനുവദിക്കാന്‍ വകുപ്പില്ലെന്നു പറഞ്ഞു അപേക്ഷ നിരസിക്കുകയായിരുന്നു.
ചെലവ് വഹിക്കാമെന്ന് പറഞ്ഞിരുന്ന ചില സ്വകാര്യ കമ്പനികള്‍ അവസാനഘട്ടത്തില്‍ പിന്മാറുകയാണ് ചെയ്തത്. വീട്ടുകാരും നാട്ടിലെ ചില സംഘടനകളുമൊക്കെയാണ് ഇത് വരെ ചെലവുകള്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍ ലോക ചാംപ്യന്‍ഷിപ്പിന് ചുരുങ്ങിയത് അഞ്ച് ലക്ഷംരൂപയെങ്കിലും ആവശ്യമാണ്. ഇതിനാലാണ് സ്വകാര്യ കമ്പനികളെ സമീപിച്ചത്. പഞ്ചഗുസ്തി കൂടാതെ മജ്‌സിയ പവര്‍ ലിഫ്റ്റിങ്ങിലും മാറ്റുരയ്ക്കാന്‍ ഒരുങ്ങുകയാണ്. മൂന്നു തവണ കേരള സ്റ്റേറ്റ് പവര്‍ലിഫ്റ്റിങ് അസോസിയേഷന്‍ 'സ്‌ട്രോങ് വുമണ്‍'ആയി തിരഞ്ഞെടുത്ത കായികതാരമാണ് മജ്‌സിയ ഭാനു. 2018 മെയ് മാസത്തില്‍ ഉത്തര്‍പ്രദേശില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലും 2017ലെ ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി വെള്ളിയും ഇവര്‍ നേടിയിരുന്നു. ദേശീയ-സംസ്ഥാനതല പവര്‍ലിഫ്റ്റിങ് മല്‍സരങ്ങളില്‍ ഒട്ടേറെ മെഡലുകളും നേടിയിട്ടുണ്ട്. കോഴിക്കോട് ഓര്‍ക്കാട്ടേരി കല്ലേരി മൊയിലോത്ത് വീട്ടില്‍ അബ്ദുല്‍ മജീദിന്റെയും റസിയയുടെയും മകളാണ് മജ്‌സിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."