തെരുവുവിളക്കുകള്‍: അന്വേഷണം ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍
നിലമ്പൂര്‍: നഗരസഭയില്‍ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ പ്രവര്‍ത്തനരഹിതമായത് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷിക്കണമെന്ന് കൗണ്‍സിലര്‍മാരായ കളത്തുംപടിക്കല്‍ മുസ്തഫ, പി എം ബഷീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
21,66,816 രൂപ മുടക്കില്‍ സ്ഥാപിച്ച 1282 സിംഗിള്‍ ട്യൂബുകളും 215 ഡബിള്‍ ട്യൂബൂകളും പ്രവര്‍ത്തനരഹിതമാണ്. 16 മാസത്തെ കാലാവധിയായിരുന്നു കരാറില്‍. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ലൈറ്റുകള്‍ സ്ഥാപിച്ച് തുടങ്ങിയത്. മുഴുവന്‍ ലൈറ്റുകളും സ്ഥാപിക്കുന്നതിന് മുന്‍പ് തന്നെ ആദ്യം സ്ഥാപിച്ച ലൈറ്റുകള്‍ കേടാകാന്‍ തുടങ്ങിയിരുന്നു.
ലൈറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കണമെന്നും കരാര്‍ കാലാവധിക്ക് മുന്‍പ് മുഴുവന്‍ തുകയും നല്‍കിയതുമടക്കം അന്വേഷിക്കണമെന്നാണ് കൗണ്‍സിലര്‍മാരുടെ ആവശ്യം. നഗരസഭ പദ്ധതി പ്രകാരം സ്ഥാപിച്ച ലൈറ്റുകള്‍ കേടുവന്നത് യഥാസമയം നന്നാക്കുന്നതിന് പകരം നഗരസഭയുടെ പരാതി ബുക്കില്‍ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. കരാര്‍ പ്രകാരം പരാതി ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ പരിഹരിക്കണമെന്നാണ്. കരാറുകാരന്‍ മുങ്ങിയെന്നാണ് അറിയുന്നതെന്നും കൗണ്‍സിലമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."