ചിറക്കല്‍ കുളം നവീകരണം രണ്ടു കോടിയുടെ പ്രവൃത്തിക്ക് അനുമതി
കണ്ണൂര്‍: ചിറക്കല്‍ കുളം നവീകരണ പ്രവൃത്തിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. ചെളിയും കളയും നീക്കം ചെയ്യലും സ്റ്റോം വാട്ടര്‍ പ്രവേശനം തടയുന്നതിനായി പാരപെറ്റ് വാള് നിര്‍മാണവും ഉള്‍പ്പെട്ട 2.30 കോടിയുടെ നവീകരണ പ്രവൃത്തിക്കാണ് അനുമതി. മാലിന്യങ്ങളും ചെളിയും നീക്കംചെയ്യുന്ന പ്രവൃത്തി കഴിയുന്നതോടെ പൊതുജനങ്ങള്‍ക്ക് ഭാവിയിലും ശുദ്ധജലം ഉപയോഗപ്പെടുത്താന്‍ സാധിക്കും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആനക്കുളം നവീകരണ പ്രവൃത്തി നടക്കുന്ന സമയത്ത് തന്നെ ചിറക്കല്‍ കുളം നവീകരണത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. നിരവധി സാങ്കേതിക പ്രശ്നങ്ങളാല്‍ കുരുങ്ങി നീണ്ടുപോയ ചിറക്കല്‍ കുളം നവീകരണം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അനുകൂലമായ തീരുമാനം ഉണ്ടാവുകയായിരുന്നു. ചിറക്കല്‍ പഞ്ചായത്തില്‍ 14.7 ഏക്കര്‍ വിസ്തൃതിയില്‍ നിലനില്‍ക്കുന്ന ചിറക്കല്‍ കുളം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിര്‍മിത കുളമാണ്. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ കുളത്തേയും സമീപ പ്രദേശത്ത് ഉള്‍പ്പെടെയുള്ള ശുദ്ധജല സ്രോതസ്സുകളേയും മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ചിറക്കല്‍ കുളം നവീകരിക്കുന്നതോടെ കോര്പ്പറേഷന് പ്രദേശത്തേയും പരിസര പഞ്ചായത്തുകളിലേയും ജലസംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രദേശങ്ങളില്‍ ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതിനും സാധിക്കുമെന്ന് പി.കെ ശ്രീമതി എം.പി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."