ജനവാസ കേന്ദ്രത്തില്‍ കാട്ടാനക്കുട്ടിയെ കണ്ടെത്തി
ശ്രീകണ്ഠപുരം: ജനവാസ കേന്ദ്രമായ പയ്യാവൂര്‍ ആടാംപാറയില്‍ പ്രസവിച്ച ഉടനെയുള്ള കാട്ടാനക്കുട്ടിയെ കണ്ടെത്തി. കര്‍ണാടക വനാതിര്‍ത്തിയായ ആടാംപാറയിലെ കൃഷിയിടത്തിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി കര്‍ണാടക വനത്തില്‍നിന്ന് കാട്ടാനക്കൂട്ടം ആടാംപാറയില്‍ എത്തിയിരുന്നു. ചിന്നംവിളി മുഴക്കിയെത്തിയ ആനക്കൂട്ടത്തെ നാട്ടുകാര്‍ തുരത്തിയെങ്കിലും ചിലത് ഇവിടെത്തന്നെ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെയാണ് സമീപത്തെ ബിനോയിയുടെ വീടിനടുത്തുനിന്ന് ആനക്കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യാവൂര്‍ പൊലിസും കാഞ്ഞിരക്കൊല്ലി വനംവകിപ്പ് അധികൃതരും തളിപ്പറമ്പില്‍ നിന്നെത്തിയ വനംവകുപ്പിലെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ചേര്‍ന്ന് വൈദ്യസഹായത്തിനായി ആനക്കുട്ടിയെ ഇരിട്ടി വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ആനക്കുട്ടിയെ വനംവകുപ്പ് മുത്തങ്ങയിലേക്ക് കൊണ്ടുപോയി. ആനക്കൂട്ടം സ്ഥിരമായി എത്തി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണ് ആടാംപാറ. 500 മീറ്റര്‍ അകലെ വനത്തിനുള്ളില്‍ തന്നെ ആനക്കൂട്ടം നിലകൊള്ളുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."