കുഴൂര്‍ പഞ്ചായത്തിലെ തുരുത്തുകളില്‍ ജനജീവിതം ദുരിത പൂര്‍ണം
മാള: അത്യാവശ്യ യാത്രാസൗകര്യങ്ങളില്ലാത്ത കുഴൂര്‍ പഞ്ചായത്തിലെ തുരുത്തുകളില്‍ ജീവിതം ദുരിത പൂര്‍ണം .
പതിറ്റാണ്ടുകളായി തുടരുന്ന ദുരിതങ്ങളില്‍ നിന്നും മോചനമില്ലാതെയാണ് ആറ് തുരുത്തുകളിലെ ജനങ്ങള്‍ ഇപ്പോഴും ജീവിക്കുന്നത്.
കുഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറേയറ്റത്ത് ഒറ്റപ്പെട്ടെന്നോണം കിടക്കുന്ന ആലമിറ്റം, ചെത്തിക്കോട്, കക്കാട്ട്തറ, തെക്കേതിരുത്ത, വടക്കേതിരുത്ത, എളയാനം തുരുത്തുകളിലെ 180 ല്‍പ്പരം വരുന്ന കുടുംബങ്ങളാണ് ദശാബ്ദങ്ങളായി അങ്ങേയറ്റം ദുരിതമനുഭവിക്കുന്നത്.മഴക്കാലമായാല്‍ ജനങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോകുകയും വീടുകള്‍ക്കകത്ത് വരെ വെള്ളം കയറുകയും ചെയ്യും.
പാടശേഖരങ്ങള്‍ക്ക് നടുവിലായാണീ തുരുത്തുകള്‍ സ്ഥിതി ചെയ്യുന്നത്. പാടശേഖരങ്ങളിലൂടെയുള്ള വീതി കുറഞ്ഞ ചെറിയ പാതകളാണ് ഏക സഞ്ചാര മാര്‍ഗം.
കിലോമീറ്ററുകള്‍ വ്യത്യാസമുള്ള തുരുത്തുകള്‍ തമ്മില്‍ പൊതുഗതാഗത സംവിധാനമില്ലാത്തതിനാല്‍ കാല്‍നടയോ സൈക്കിളും ബൈക്കുകളോ മാത്രമാണ് ആശ്രയം.കുണ്ടൂരിലോ കണക്കന്‍കടവിലോ ബസിറങ്ങി കിലോമീറ്ററുകളോളം നടന്നാണ് ഒന്നാംക്ലാസ് മുതലുള്ള കുട്ടികളും കൂലിപ്പണി മുതല്‍ ഓഫിസ് ജോലി വരെയുള്ള തൊഴിലെടുക്കുന്നവരും മറ്റ് യാത്രക്കാരും അവിടങ്ങളിലേക്കും തിരികെ വീടുകളിലേക്കും എത്തുന്നത്.
കുണ്ടൂര്‍ നിന്നും കണക്കന്‍കടവില്‍ നിന്നും തിരുത്തയിലേക്കു രണ്ടര കിലോമീറ്ററോളം ദൂരമുണ്ട്.
മറ്റു തുരുത്തുകളിലേക്ക് അതിലേറെ ദൂരമുണ്ട്. ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയിലെത്തിക്കാന്‍ പോലും ഏറെ ദുരിതമാണ്. റേഷന്‍ വാങ്ങാന്‍ പോലും കിലോമീറ്ററുകളോളം നടന്നോ മറ്റോ എത്തണം. നല്ലൊരു റോഡ് പോലുമില്ലാത്ത തുരുത്തുകളിലെ ജനങ്ങള്‍ സുഖമമായ യാത്ര സൗകര്യങ്ങള്‍ക്കായി മുട്ടാത്ത വാതിലുകളില്ല.
ശക്തമായ രണ്ടു മഴ പെയ്താല്‍ പോലും വെള്ളം കയറി തുരുത്തുകള്‍ ഒറ്റപ്പെടും. ദിവസങ്ങളോളം തുടരുന്ന വെള്ളക്കെട്ട് തുരുത്തുകളിലെ ജീവിതം നരകതുല്ല്യമാക്കും.
ഗ്രാമപഞ്ചായത്തും റവന്യു വകുപ്പും വഞ്ചിയിട്ട് കൊടുക്കുവാന്‍ ബാധ്യസ്ഥരാണെങ്കിലും പലപ്പോഴും അതുണ്ടാകാറില്ല. തുരുത്തുകാര്‍ സംഘടിച്ചാണ് പലപ്പോഴും വഞ്ചിയിടുന്നത്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മുകുന്ദപുരം ലോകസഭ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.പി ധനപാലന്‍ എം.പി യായി ചുമതലയേറ്റ് ഏറെ വൈകാതെ റോഡ് നിര്‍മാണത്തിനായി ഫണ്ടനുവദിച്ചിരുന്നു.
കുണ്ടൂര്‍ എക്‌സ് സര്‍വിസ്‌മെന്‍ ഭാഗത്ത് നിന്നും തുടങ്ങി ചെത്തിക്കോട് തിരുത്ത എളയാനം വഴി കണക്കന്‍കടവിലേക്ക് റോഡു പണിയാനായി രണ്ടു കോടി രൂപ അന്നനുവദിച്ചതെന്നാണ് പ്രചാരണമുണ്ടായത്.
ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ആയെത്തിയപ്പോഴും റോഡിന് വേണ്ടി ഫണ്ടനുവദിച്ചതായി പ്രചാരണമുണ്ടായി. ഇക്കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തി രണ്ടു വട്ടമാണ് ഫ്‌ളക്‌സ് ബോര്‍ഡു വച്ചത്. ഫ്‌ളക്‌സ് ബോര്‍ഡു പ്രചാരണമുണ്ടായതല്ലാതെ യാതൊരു നീക്കവും ഇക്കാര്യത്തിലുണ്ടായില്ല. നിലവിലുള്ള വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എയും ഇക്കാര്യത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."