അതിയന്നൂര്‍ ബ്ലോക്ക് ഓഫിസില്‍ സൗജന്യ വൈഫൈ
അതിയന്നൂര്‍: ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായി ഉപയോഗപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ ഇന്റര്‍നെറ്റ് വൈഫൈ കണക്റ്റിവിറ്റി ലഭ്യമാക്കി അതിയന്നൂര്‍ ബ്ലോക്ക് ഓഫിസ് സംസ്ഥാന ഐ.ടി മിഷന്റെ സഹകരണത്തോടെയാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാകുന്നത്.
ബി.എസ്.എന്‍.എല്ലിന്റെ ഇന്റര്‍നെറ്റ് കണക്ഷനാണ് ലഭിക്കുന്നത്. അഞ്ച് എം.ബി.പി.എസ് ആണ് ഡൗണ്‍ലോഡിങ്ങ് സ്പീഡ്. ഒരു വ്യക്തിക്ക് ദിവസേന 300 എം.ബി ഇതുവഴി ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഒരിക്കല്‍ വൈഫൈ സംവിധാനം ഉപയോഗിച്ച വ്യക്തിക്ക് പിന്നീട് സര്‍ക്കാരിന്റെ വൈഫൈ കണക്റ്റിവിറ്റി ഉള്ള ഏത് ഹോട്സ്പോട്ടില് ചെന്നാലും ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം. കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇപ്പോള്‍ കെഫൈ എന്ന വൈഫൈ കണക്ടിവിറ്റി ലഭ്യമാണ്.
ബസ് സ്റ്റാന്‍ഡുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമൊക്കെ സര്‍ക്കാരിന്റെ വൈഫൈ സൗകര്യമുണ്ട്. കേരളത്തില്‍ നിലവില്‍ 1000 കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യം ലഭ്യമായിട്ടുണ്ട്.
ബ്ലോക്ക് ഓഫിസില്‍ സൗജന്യ വൈഫൈ കണക്റ്റിവിറ്റി ലഭിച്ചതിലൂടെ ഇവിടെ വരുന്ന ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങളും വിവിധ ഇന്റര്‍നെറ്റ് സേവനങ്ങളും ഗുണപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് അതിയന്നൂര്‍ ബി.ഡി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."