സര്‍ക്കാര്‍ ഓഫിസുകള്‍ ഇനി ഇ-മാലിന്യമുക്തം ആദ്യ ഘട്ടത്തില്‍ നീക്കിയത് 3000 കിലോ മാലിന്യം
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകള്‍ ഇ-മാലിന്യമുക്തമാക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കലക്ടറേറ്റില്‍നിന്ന് ഇ-മാലിന്യങ്ങളും വഹിച്ചുള്ള ആദ്യ ലോറി പുറപ്പെട്ടു. പഴയ കംപ്യൂട്ടറുകളും പ്രിന്ററും സ്‌കാനറും ഫോട്ടോസ്റ്റാറ്റ് മെഷീനുകളുമൊക്കെയായി 3000 കിലോ ഇ-മാലിന്യമാണു കലക്ടറേറ്റിലെ വിവിധ ഓഫിസുകളില്‍നിന്നു ശേഖരിച്ചത്.
പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക്‌സ് വിഭാഗം ഉപയോഗശൂന്യമെന്നു സാക്ഷ്യപ്പെടുത്തുന്ന പഴഞ്ചന്‍ ഇലക്ട്രോണിക് ഉപകരണങ്ങളാണു നീക്കുന്നത്. പദ്ധതിക്കായി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കുന്ന ഇവേസ്റ്റ് ആദ്യം പാലക്കാടും പിന്നീടു ഹൈദരാബാദിലുമെത്തിച്ചു പുനരുപയോഗ മാര്‍ഗത്തില്‍ സംസ്‌കരിക്കും.
കിലോയ്ക്കു പത്തു രൂപ നിരക്കിലാണു ശേഖരിക്കുന്നത്. ഈ രംഗത്തെ പ്രമുഖരായ എര്‍ത്ത്‌സെന്‍സ് എന്ന ഏജന്‍സിയാണു ക്ലീന്‍ കേരള കമ്പനിക്കുവേണ്ടി മാലിന്യ നിര്‍മാര്‍ജന ജോലികള്‍ നിര്‍വഹിക്കുന്നത്. കുടപ്പനക്കുന്ന് കലക്ടറേറ്റില്‍ നിന്ന് പാലക്കാടുള്ള കലക്ഷന്‍ സെന്ററിലെത്തിക്കുന്ന ഇ-മാലിന്യങ്ങള്‍ അവിടെനിന്നു വേര്‍തിരിച്ചു ഹൈദരാബാദിലെ റീസൈക്കിള്‍ യൂനിറ്റിലേക്കു കൊണ്ടുപോകും. പ്ലാസ്റ്റിക് ഭാഗങ്ങളും ലോഹങ്ങളും പ്രത്യേകമായാണു നിര്‍മാര്‍ജനം ചെയ്യുന്നത്.
കംപ്യൂട്ടറുകളുടെ സി.പി.യു ബോര്‍ഡുകളില്‍ പൂശിയിട്ടുള്ള സ്വര്‍ണം വരെ പ്രത്യേകം വേര്‍തിരിച്ചെടുക്കുന്ന തരം പുനരുപയോഗ സംസ്‌കരണ രീതിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇങ്ങനെ കിട്ടുന്ന സ്വര്‍ണം ഇലക്ട്രോപ്ലേറ്റിങിനും മറ്റും ഉപയോഗിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുവേണ്ടി എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഒരു നോഡല്‍ ഓഫിസറെ നിയോഗിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കാന്‍ ഇവര്‍ക്കു പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. കലക്ടറേറ്റില്‍നിന്നുള്ള ഇ-മാലിന്യവും വഹിച്ചുള്ള ആദ്യ ലോറി ഇന്നലെ പാലക്കാട്ടേക്കു പുറപ്പെട്ടു.
കലക്ടറേറ്റ് വളപ്പില്‍ ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകിയും അസിസ്റ്റന്റ് കലക്ടര്‍ ജി. പ്രിയങ്കയും ചേര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്തു.
അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍ വിനോദ്, ഹരിത കേരളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ ഷീബാ പ്യാരേലാല്‍, ശിരസ്തദാര്‍ ജി. പ്രദീപ് കുമാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."