തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയില്‍ പയര്‍ കൃഷിയ്ക്ക് നൂറുമേനി വിളവ്
മൂവാറ്റുപുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയില്‍ കണ്ണാംകുളം പാടശേഖരത്തെ പയര്‍ കൃഷിയ്ക്ക് നൂറുമേനി വിളവ്. പാലക്കുഴ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയായ ഐശ്വര്യ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കണ്ണാംകുളം പാടശേഖരത്ത് ഇറക്കിയ പയര്‍ കൃഷിക്ക് നൂറുമേനി വിളവാണ് ലഭിച്ചത്. പാലക്കുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹകരണത്തോടെയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ മൂന്ന് ഏക്കറോളം വരുന്ന കണ്ണാംകുളം പാടശേഖരത്ത് പയര്‍ കൃഷി ഇറക്കിയത്. കൃഷിയുടെ ഓരോ വിളവെടുപ്പിനും 250കിലോ പയറാണ് ലഭിക്കുന്നത്. പയറിന് നല്ല വില ലഭിക്കുന്നതിനാല്‍ ഇക്കുറി കൃഷിയില്‍ നിന്ന് നല്ല ലാഭവും തൊഴിലാളികള്‍ക്ക് ലഭിച്ചു.
കഴിഞ്ഞ 25വര്‍ഷമായി തരിശായി കിടന്ന കണ്ണാംകുളം പാടശേഖരം കഴിഞ്ഞ വര്‍ഷം മുതലാണ് ഐശ്വര്യ തൊഴിലുറപ്പ് തൊഴിലാളി ഗ്രൂപ്പ് പാട്ടത്തിനെടുത്തത്. ആദ്യം നെല്‍കൃഷിയാണ് ഇവിടെ ഇറക്കിയത്. 30തൊഴിലാളികളുടെ നേതൃത്വത്തില്‍ ഇറക്കിയ നെല്‍കൃഷി നല്ല വിളവാണ് ലഭിച്ചത്. ഓരോ തൊഴിലാളികള്‍ക്കും 125കിലോ നെല്ല് വീതമാണ് ലഭിച്ചത്. നെല്‍കൃഷി വന്‍ലാഭമായതോടെയാണ് വീണ്ടും തൊഴിലാളികളെ പയര്‍ കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചത്. പയര്‍ കൃഷിയും വന്‍വിജയമായതിന്റെ ആഹ്ലാദത്തിലാണ് തൊഴിലാളികള്‍. പയര്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം എല്‍ദോ എബ്രഹാം എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ഷാജു, വാര്‍ഡ് മെമ്പര്‍ നിബു ഇടത്തില്‍, ഗ്രൂപ്പ് ലീഡര്‍ ഓമന മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."