ചിട്ടി തട്ടിപ്പ്; ഇരയായത് ഇരുന്നൂറോളം പേര്
അഞ്ചല്‍: ചിട്ടി നടത്തിപ്പിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ്. അഞ്ചലും പരിസര പ്രദേശങ്ങളിലുമായി ഇരുന്നൂറോളം പേരാണ് തട്ടിപ്പിന് ഇരയായത്. ചിട്ടി നടത്തിപ്പുകാരായ അഞ്ചല്‍ അരിപ്ലാച്ചി തടത്തില്‍ വീട്ടില്‍ പി സജി, ഭാര്യ അമ്പിളി എന്നിവര്‍ക്കെതിരേ അഞ്ചല്‍, ഏരൂര്‍ പൊലിസ് സ്റ്റേഷനുകളില്‍ തട്ടിപ്പിന് ഇരയായവര്‍ പരാതി നല്കി.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കുടിയിട ചിട്ടി നടത്തി വരുകയായിരുന്നു സുജിയുടെ ഭാര്യ അമ്പിളി. ആദ്യ കാലഘട്ടങ്ങളില്‍ ചെറു ചിട്ടികള്‍ നടത്തിപ്പിലൂടെ ഇടപാടുകാരുടെ വിശ്വാസം ഇവര്‍ നേടിയെടുത്തു. തുടര്‍ന്ന് ഇടപാടുകാരെ വലിയ ചിട്ടികളില്‍ ചേര്‍ക്കുകയും കുറി വീഴുമ്പോള്‍ കിട്ടുന്ന തുകക്ക് നിശ്ചിത പലിശ നല്‍കാമെന്ന് വാഗ്ദാനം നല്കി ഇടപാടുകാരില്‍നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു.
ഈ പണം ഇവരുടെ കുരുവി കോണത്തെ ഹാര്‍ഡ്വേഴ്സ് കടയുടെ നടത്തിപ്പിനായി ചെലവഴിക്കുകയാണെന്നും ഇടപാടുകാര്‍ പറയുന്നു. എന്നാല്‍ കുറച്ചുനാള്‍ മുന്‍പ് ഹാര്‍ഡ്വേഴ്സ് കടപൂട്ടുകയും ചിട്ടിയുടെ കുറിയിടില് നടത്താതെ വരുകയും ചെയ്തു. ഇതോടെ ഇടപാടുകാര്‍ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സജിയെയും അമ്പിളിയെയും സമീപിച്ചു.
എന്നാല്‍ നിരവധി തവണ അവധികള്‍ പറഞ്ഞ ഇവര്‍ പണം നല്കാന് തയാറാകാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായവര്‍ പൊലിസില്‍ പരാതി നല്‍കിയത്. പൊലിസ് സജിയുടെയും ഭാര്യ അമ്പിളിയുടെയും മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ചിട്ടി നടത്തിയവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അഞ്ചല്‍ സി.ഐ ടി. സതികുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."