HOME
DETAILS
MAL
കൊവിഡ് ബാധിതന്റെ ആത്മഹത്യ: കല്ലെറിഞ്ഞ് ഓടിച്ചതില്‍ മനംനൊന്ത്
backup
June 14 2020 | 03:06 AM
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ ജീവനൊടുക്കിയ ഉണ്ണിയുടെ കുടുംബം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ മനുഷ്യാവകാശ കമ്മിഷനും പൊലിസിനും പരാതി നല്‍കി.
കൊവിഡ് രോഗിയായിരുന്ന ഉണ്ണിയുടെ ആത്മഹത്യ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കല്ലെറിഞ്ഞ് ഒടിച്ചതില്‍ മനംനൊന്താണെന്നാണ് കുടുംബത്തിന്റെ പരാതി. ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ക്കെതിരേയാണ് പരാതി നല്‍കിയത്.ചൊവ്വാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നിറങ്ങി ആനാടെത്തിയ ഉണ്ണിയെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ കല്ലെറിഞ്ഞ് വീഴ്ത്തിയതായി പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ഉണ്ണിയുടെ തലയ്ക്ക് പരുക്കേറ്റിരുന്നു. ഇതിന്റെ വിഷമത്തിലാണ് ഉണ്ണി ആത്മഹത്യ ചെയ്തതെന്ന് പരാതിയിലുണ്ട്. വ്യാഴാഴ്ച ഉണ്ണിയുടെ സംസ്‌കാര ചടങ്ങിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ബന്ധുക്കള്‍ തടഞ്ഞിരുന്നു.
മെയ് 28ന് കൊവിഡ് സ്ഥിരീകരിച്ച ഉണ്ണി രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് സുരേഷും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇയാളെ വളഞ്ഞു. അമ്മയെ കാണാനാണ് വന്നതെന്നും ഉപദ്രവിക്കരുതെന്നും ഉണ്ണി പറഞ്ഞെങ്കിലും സ്ഥലംവിട്ടില്ലെങ്കില്‍ തല്ലിയോടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ കല്ലേറുമുണ്ടായി.
തൊട്ടുപിന്നാലെ ആരോഗ്യ പ്രവര്‍ത്തകരും പൊലിസും എത്തിയാണ് ഇയാളെ രക്ഷിച്ചത്.ആംബുലന്‍സില്‍ കയറ്റുന്ന സമയത്ത് തലയ്ക്ക് പരുക്കേറ്റ കാര്യം ഉണ്ണി പറയുന്നത് വിഡിയോ ദൃശ്യത്തില്‍ വ്യക്തമാണ്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഈസമയം സ്ഥലത്തുണ്ട്. തിരിച്ചിറങ്ങിയാല്‍ ജയിലിലാക്കുമെന്ന് വിളിച്ചു പറയുന്നതും കേള്‍ക്കാം. അമ്മയെ ഫോണ്‍ വിളിക്കാനെങ്കിലും അനുവദിക്കണമെന്ന ഉണ്ണിയുടെ അപേക്ഷ പൊലിസ് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പഞ്ചായത്ത് പ്രസിഡന്റും സംഘവും ആക്ഷേപിക്കുകയായിരുന്നു.
തന്നെ പട്ടിയെ പോലെ കല്ലെറിഞ്ഞെന്നും ഇനി തിരിച്ചുവരില്ലെന്നും ഉണ്ണി പറഞ്ഞതായി സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പറഞ്ഞു.
നാട്ടില്‍നിന്ന് തിരിച്ചെത്തിയ ഉണ്ണി ഭയചകിതനായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരി പറഞ്ഞു. ഡിസ്ചാര്‍ജ് ചെയ്താലും തനിക്ക് നാട്ടില്‍ പോകാനാവില്ലെന്നും എല്ലാവരും കൂടി ഓടിക്കുമെന്നും ഉണ്ണി പറഞ്ഞിരുന്നുവെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."