HOME
DETAILS
MAL
ആദിത്യ റാവുവിന് മനോരോഗമില്ല
backup
June 14 2020 | 03:06 AM
കാസര്‍കോട്: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തുക്കള്‍ കൊണ്ടുവെക്കുകയും വിമാനത്തില്‍ ബോംബ് വച്ചെന്ന് ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്ത കേസിലെ പ്രതി ആദിത്യ റാവുവിന് മനോരോഗമില്ലെന്ന് കുറ്റപത്രം.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലിസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. എഴുനൂറ് പേജുള്ള കുറ്റപത്രമാണ് കേസന്വേഷണ സംഘ തലവന്‍ ബലിയപ്പ തയാറാക്കിയത്.മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു പിടികൂടിയ സംഭവത്തെ ചില കേന്ദ്രങ്ങളില്‍ നിന്ന് വര്‍ഗീയ ചേരിതിരിവിന് ബോധപൂര്‍വമായ ശ്രമം നടത്തിയപ്പോഴാണ് പ്രതി ആദിത്യ റാവു അറസ്റ്റിലാകുന്നത്. തുടര്‍ന്ന് പ്രതിക്ക് മാനസിക രോഗമായിരുന്നുവെന്ന് പ്രചാരണമുണ്ടായി. പൊലിസും പ്രതിക്ക് മാനസിക രോഗമാണെന്ന നിഗമനത്തിലായിരുന്നു. ബംഗളൂരു വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജോലിക്കു വേണ്ടി കൂടിക്കാഴ്ചയില്‍ സംബന്ധിക്കാന്‍ അപേക്ഷ നല്കിയ ആദിത്യ റാവുവിന്റെ രേഖകളില്‍ പോരായ്മ ഉണ്ടായതിനെ തുടര്‍ന്ന് അപേക്ഷ അധികൃതര്‍ തള്ളിയിരുന്നു.
ഇതിന്റെ പ്രതികാരമായാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടു വച്ചതെന്നും ഭീഷണി ഉയര്‍ത്തിയതെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് മംഗളൂരു വിമാനത്താവളത്തില്‍ വിമാന കമ്പനിയുടെ കൗണ്ടറിനടുത്തായി സ്ഫോടക വസ്തു അടങ്ങിയ ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹൈദരാബാദിലേക്ക് പോകേണ്ട വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തി വിമാന കമ്പനിയുടെ കൗണ്ടറിലേക്ക് ഫോണ്‍ സന്ദേശവും വന്നു. സ്പെഷല്‍ ഫോഴ്സും പൊലിസും നടത്തിയ വിശദമായ അന്വേഷണത്തില്‍ ആദിത്യ റാവുവിനെ പിടികൂടുകയായിരുന്നു. ഏപ്രിലില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സര്‍ക്കാരിന് അംഗീകാരത്തിന് വേണ്ടി അയച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയില്‍ നിന്നും അംഗീകാരം ലഭിച്ചത്. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിയെ ബ്രെയിന്‍ മാപ്പിങ് പരിശോധനക്ക് വിധേയമാക്കുന്നത് നീണ്ടു പോയെങ്കിലും കുറ്റപത്രം ആഭ്യന്തര വകുപ്പ് അംഗീകരിച്ചു.
ബ്രെയിന്‍ മാപ്പിങ് പരിശോധന ആവശ്യമെങ്കില്‍ പിന്നീട് നടത്താമെന്ന നിയമ ഉപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് കുറ്റപത്രത്തിന് അംഗീകാരം നല്‍കിയതെന്ന സൂചനയുമുണ്ട്. എന്നാല്‍ ഇയാള്‍ മാനസിക രോഗിയാണെന്ന് സംഭവ സമയത്ത് വാദിച്ചിരുന്നെങ്കിലും ഇക്കാര്യം ബന്ധുക്കള്‍ നിഷേധിച്ചിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ബംഗളൂരു വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ബോംബ് വെച്ചതായി ഇയാള്‍ ഭീഷണി കോളുകള്‍ വിളിച്ച സംഭവം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."