ജിസാനില്‍ ഹൂതി റോക്കറ്റാക്രമണം
ജിദ്ദ: സഊദിയെ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതര്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. അതിര്‍ത്തിപ്രദേശമായ ജിസാനിലെ അല്‍അര്‍ദ ജില്ലയിലുണ്ടായ ആക്രമണത്തില്‍ കുട്ടിക്ക് പരുക്കേറ്റതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ അതിര്‍ത്തിയില്‍ നിന്ന് തൊടുത്തുവിട്ട കത്യുഷ റോക്കറ്റാണ് ജിസാനില്‍ പതിച്ചതെന്ന് പ്രതിരോധമന്ത്രാലയം വക്താവ് കേണല്‍ യഹ്യ അല്‍ ഖഹ്ത്താനി അറിയിച്ചു. സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനിലെ കൂടുതല്‍ ഹൂതിപ്രദേശങ്ങളില്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ മിസൈലാക്രമണം.
യമനിലെ വിമതവിഭാഗമായ ഹൂതികള്‍ മുന്‍പും ജിസാന്‍ അടക്കമുള്ള സഊദി പ്രദേശങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ജിസാനിലെ ജനവാസകേന്ദ്രം ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈലാക്രമണം സഊദി റോയല്‍ വ്യോമപ്രതിരോധസേന ആകാശത്ത് വച്ച് തകര്‍ക്കുകയായിരുന്നു.
ഹൂതികള്‍ തൊടുത്തുവിട്ട മിസൈലിന്റെ അവശിഷ്ടം പതിച്ച് നജ്‌റാനില്‍ ഒരു ഇന്ത്യക്കാരന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മാറ്റൊരു ആക്രമണത്തില്‍ ഒരു ഈജിപ്തുകാരന്‍ കൊല്ലപ്പെട്ടു.
സഊദി സഖ്യസേന തങ്ങള്‍ക്കെതിരേ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ഹൂതികളുടെ ആക്രമണം. എന്നാല്‍ പ്രകോപനപരമായ നടപടിക്ക് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികളാണെന്നും ഇറാന്‍ ആയുധങ്ങളാണ് ഹൂതികള്‍ ഉപയോഗിക്കുന്നതെന്ന് നേരത്തെ തന്നെ തെളിഞ്ഞതായും സഊദി സഖ്യസേനാവക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."