പെരുമാറ്റച്ചട്ട ലംഘനം: പതിനായിരത്തിലേറെ ബോര്‍ഡുകള്‍ നീക്കി
കണ്ണൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ജില്ലയിലെ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങളിലും നീക്കം ചെയ്യപ്പെടാതെ കിടന്ന 10467 ബാനറുകള്‍, പോസ്റ്ററുകള്‍, ചുമരെഴുത്തുകള്‍ തുടങ്ങിയവ ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകള്‍ നീക്കം ചെയ്തു. വിവിധ പ്രദേശങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സര്‍വിസ് സംഘടനകളും അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളുമാണു നീക്കം ചെയ്തത്. 8340 പോസ്റ്ററുകള്‍, 1024 ബോര്‍ഡുകള്‍, 361 ചുമരെഴുത്തുകള്‍, 742 കൊടിതോരണങ്ങള്‍ എന്നിവയാണ് ഇതുവരെ നീക്കം ചെയ്തത്. മാര്‍ച്ച് 11 മുതലാണ് അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യാനാരംഭിച്ചത്.
സ്ക്വാഡ് എടുത്തുമാറ്റിയ പ്രചാരണ സാമഗ്രികളുടെ ചെലവും അവ നീക്കം ചെയ്യുന്നതിനുള്ള ചെലവും അതാത് പാര്‍ട്ടികളുടെ ഇവിടങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുന്നതിനായി കണക്കാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫിസുകളിലും പരിസരങ്ങളിലുമുള്ള ഇത്തരം ബോര്‍ഡുകളും മറ്റും സ്വന്തമായി നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍വിസ് സംഘടനകള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദ് അലി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."